- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എയിഡഡ് മേഖലയില്‍ പ്രതിവര്‍ഷം സര്‍ക്കാര്‍ ചിലവിടുന്നത് 18000 കോടി; സംവരണം നടപ്പിലാക്കാന്‍ ദലിത് പിന്നാക്ക ഐക്യനിര സാധ്യമാവണം
പൊതു ഖജനാവില്‍ നിന്ന് ശമ്പളവും മറ്റ് ആനുകുല്യങ്ങളും ശേഷം പെന്‍ഷനും ലഭിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗ മേഖലയാണ് എയിഡഡ് വിദ്യാഭ്യാസ മേഖല. എന്നാല്‍ ഈ മേഖലയില്‍ നടക്കുന്ന ഉദ്യോഗനിയമന രീതി ആരെയും ആശ്ചര്യപ്പെടുത്തും. ശമ്പളമായും പെന്‍ഷനായും ഗ്രാന്റായും പ്രത്യേക ഫണ്ടായും കോടിക്കണക്കിനു രൂപയാണ് സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ ചെലവഴിക്കുന്നത്.
2019-20 ബജറ്റില്‍ എയ്ഡഡ് മേഖലയ്ക്ക് വകയിരുത്തിയത് 18000 കോടി
2019-20 ബജറ്റ് പ്രകാരം ശമ്പളം, പെന്‍ഷന്‍, മറ്റ് അലവന്‍സുകളടക്കം പതിനെട്ടായിരത്തിലധികം (18,4333,93,64000 രൂപ) കോടി രൂപയാണ് വകയിരുത്തിയത്. ഇത്രയും പണം പൊതുഖജനാവില്‍നിന്നും എയ്ഡഡ് മേഖലയ്ക്കുവേണ്ടി ചെലവഴിക്കുമ്പോള്‍ ആദിവാസി-ദലിത് അതിപിന്നാക്ക വിഭാഗങ്ങള്‍ക്ക് ഇതിന്റെ അര ശതമാനം പോലും ലഭിക്കുന്നില്ല. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഈ തുക ഏതാണ്ട് 19000-20000 കോടി വരും.
എയ്ഡഡ് മേഖലയില്‍ സര്‍ക്കാര്‍ ചെലവഴിക്കുന്ന പൊതുവിഭവത്തില്‍ ഭരണഘടനാനുസൃതമായ ഓഹരി ഉറപ്പാക്കികൊണ്ടുള്ള വിതരണമാണ് നടപ്പാക്കേണ്ടത്. എങ്കില്‍ മാത്രമേ സാമൂഹിക നീതി കുറച്ചെങ്കിലും ഈ മേഖലയില്‍ നടപ്പാക്കാന്‍ കഴിയൂ. പൊതുവിദ്യാഭ്യാസം എന്നു പറഞ്ഞു വീണ്ടും വീണ്ടും ഇതിലേക്ക് മൂലധനമിറക്കുമ്പോള്‍ അതിന്റെ ഗുണഭോക്താക്കളായി വരേണ്യവിഭാഗങ്ങള്‍ മാത്രമാണ് വരുന്നത്. ആദിവാസികളും ദലിതരും ഈ പൊതുവിടത്തില്‍നിന്നും ബോധപൂര്‍വം അകറ്റിനിര്‍ത്തപ്പെടുന്നു.
സ്വകാര്യ എയിഡഡ് വിദ്യാഭ്യാസ മേഖലയില്‍ 1,38,574 ജീവനക്കാര്‍
2019 ലെ കേരളാ സര്‍ക്കാരിന്റെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാനത്ത് 5,15,639 സര്‍ക്കാര്‍ ജീവനക്കാരാണ്. ഇതില്‍ 1,38,574 ജീവനക്കാര്‍ സ്വകാര്യ എയിഡഡ് വിദ്യാഭ്യാസ മേഖലയിലാണ്. അതായത് 26.9 ശതമാനം ജീവനക്കാരുടെ നിയമനത്തില്‍ സര്‍ക്കാരിന് യാതൊരു റോളും ഇല്ല. അതായത്,എയിഡഡ് മേഖല സാമൂഹിക നീതിയുടെ ബഹിഷ്‌കരണത്തിന്റെ ഇടമാണെന്നു ചുരുക്കം. ഈ അനീതിക്കെതിരെ ശബ്ദിക്കുമെന്ന് കരുതുന്ന സാംസ്‌കാരിക നായകരും രാഷ്ട്രീയ നേതാക്കളുമെല്ലാം ഏതെങ്കിലും രീതിയില്‍ ഈ അനീതിയുടെ ആനുകൂല്യം പറ്റുകയോ ഭാഗമാകുകയോ ചെയ്യുന്നവരാണ്.
ദലിതര്‍ക്ക് അരശതമാനം പോലും പ്രാതിനിധ്യമില്ല
എയ്ഡഡ് വിദ്യാഭ്യാസ മേഖലകളിലെ പട്ടികജാതിവര്‍ഗ്ഗ പ്രാതിനിധ്യത്തെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ടി വി രാജേഷ് എംഎല്‍എ അധ്യക്ഷനായി രണ്ട് മുന്നണികളിലെയും ഒന്‍പത് എംഎല്‍എമാര്‍ അംഗങ്ങളായിരുന്ന യുവജനകാര്യ യുവജനക്ഷേമ സമിതി 2017ല്‍ തയ്യാറാക്കിയ റിപോര്‍ട്ട് 2019ല്‍ നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. പ്രസ്തുത റിപോര്‍ട്ട് പ്രകാരം കേരളത്തിലെ 7140 എയ്ഡഡ് സ്‌കൂളുകളിലായി 97,524 അധ്യാപകരില്‍ പട്ടികജാതിക്കാര്‍ 378ഉം പട്ടികവര്‍ഗ്ഗക്കാര്‍ 78ഉം ആണെന്നായിരുന്നു. അതായത്, ഇവരുടെ പ്രാതിനിധ്യം അരശതമാനം പോലും ഇല്ല.
സര്‍ക്കാര്‍ ശമ്പളം പറ്റുന്നത് ഒന്നേകാല്‍ ലക്ഷം പേര്‍
2016ലെ കണക്ക് പ്രകാരം 5,11,487 സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തുള്ളത്. അതില്‍ ഏതാണ്ട് രണ്ട് ലക്ഷം പേര്‍ മാത്രമാണ് പിഎസ്‌സി വഴി നിയമനം നേടിയത്. ബാക്കിയുള്ളതില്‍ ഒന്നേകാല്‍ ലക്ഷത്തിലധികം ജീവനക്കാര്‍ എയിഡഡ് മേഖലയിലാണ്. ഇത്രയും ജീവനക്കാരില്‍ പട്ടികജാതിവര്‍ഗ്ഗക്കാര്‍ ഒരു ശതമാനത്തില്‍ താഴെയാണുള്ളത്. ബാക്കിയുള്ള നിയമനങ്ങളാവട്ടെ പി.എസ്.സിക്കു വിടാത്ത നിയമനങ്ങളാണ്. അതായത് ബോര്‍ഡുകള്‍, അക്കാദമികള്‍, സര്‍ക്കാര്‍ കമ്പനികള്‍, സൊസൈറ്റികള്‍, ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, കോര്‍പറേഷനുകള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവ. അവിടെ ഒന്നും പി.എസ്.സി വഴി അല്ല നിയമനം നടത്തുന്നത്. അവിടെയൊന്നും നടത്തുന്ന നിയമനങ്ങളില്‍ സംവരണം പാലിക്കാറുമില്ല. അപ്പോള്‍ പി.എസ്.സി നിയമിക്കുന്ന രണ്ടു ലക്ഷത്തോളം പേരില്‍ മാത്രമേ സാമൂഹിക നീതി നടപ്പാവുന്നുള്ളൂ എന്നതാണ് കാര്യം. ഭൂരിപക്ഷം നിയമനങ്ങളും ഈ പറഞ്ഞപോലെ സാമൂഹിനീതി നടപ്പാക്കാത്തതാണ്. ഇത്തരത്തില്‍ തന്നെയാണ് കേരളത്തിലെ സര്‍വകലാശാല നിയമനങ്ങളും.
സ്വകാര്യ എയിഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകള്‍ 148, സര്‍ക്കാര്‍ കോളജുകള്‍ 38
സംസ്ഥാനത്ത് കേരളാ, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളുടെ കീഴിലായി 186 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളാണുള്ളത്. ഇതില്‍ 38 എണ്ണം സര്‍ക്കാര്‍ ഉടമസ്ഥതയിലും 148 കോളജുകള്‍ സ്വകാര്യ എയിഡഡ് മേഖലയിലുമാണ്. ആകെയുള്ള 140 പോസ്റ്റ് ഗ്രാജുവേറ്റ് കോളജുകളില്‍ 20 എണ്ണം മാത്രമാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളത്. 120 എണ്ണവും സ്വകാര്യ എയിഡഡ് കോളജുകളാണ്. ആ അര്‍ത്ഥത്തില്‍ കോളജ് അധ്യാപകരുടെ എണ്ണം നോക്കുമ്പോഴും എയ്ഡഡ് കോളജുകളിലായിരിക്കും കൂടുതല്‍. സര്‍ക്കാര്‍ കോളജ് അധ്യാപകരില്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഭരണഘടനാനുസൃത പ്രാതിനിധ്യം ലഭിക്കുമ്പോള്‍ എയ്ഡഡ് കോളജുകളില്‍ അതത് മാനേജ്‌മെന്റ് സമുദായങ്ങളിലുള്ളവരെയാണ് ജീവനക്കാരായി നിയമിക്കുന്നത്.
സര്‍ക്കാര്‍ സ്‌കൂളുകള്‍ 4504, സ്വകാര്യ എയിഡഡ് സ്‌കൂളുകള്‍ 7277
സംസ്ഥാനത്ത് 4504 സര്‍ക്കാര്‍ സ്‌കൂളുകളും 7277 സ്വകാര്യ എയിഡഡ് സ്‌കൂളുകളുമാണുള്ളത്. അതായത് സര്‍ക്കാര്‍ മേഖലയേക്കാള്‍ ഒന്നര മടങ്ങ് ജീവനക്കാരാണ് എയിഡഡ് മേഖലയില്‍ ജോലി ചെയ്യുന്നതെന്നു ചുരുക്കം. ഇവിടെയൊന്നും സംവരണമോ സാമൂഹിക നീതിയോ ഇല്ല. 2019 ലെ കണക്കുപ്രകാരം എയിഡഡ് സ്‌കൂളുകളിലായി 1,19,934 ജീവനക്കാരാണുള്ളത്. ഇതില്‍ 1,10,446 അധ്യാപകരും 9,488 പേര്‍ അനധ്യാപകരുമാണ്. ആര്‍ട്‌സ് ആന്റ് സയന്‍സുകളില്‍ 16,737 ജീവനക്കാരില്‍ 9,411 പേര്‍ അധ്യാപകരും 7,326 പേര്‍ അനധ്യാപകരുമാണ്. ആകെയുള്ള 1384 എന്‍ജിനീയറിങ് കോളജ് ആന്റ് പോളിടെക്‌നിക്ക് കോളജ് ജീവനക്കാരില്‍ 1144 പേര്‍ അധ്യാപകരും 240 പേര്‍ അനധ്യാപകരുമാണ്. എയിഡഡ് ആയുര്‍വേദ ആന്റ് ഹോമിയോ മെഡിക്കല്‍ കോളജുകളിലെ ആകെയുള്ള 519 ജീവനക്കാരില്‍ 303 അധ്യാപകരും 216 അനധ്യാപകരുമാണുള്ളത്.
2014-15 കാലത്തെ കണക്കനുസരിച്ച് 180 കോളജുകളിലായി 8233 അധ്യാപകരടക്കം 11,958 ജീവനക്കാരായിരുന്നു. സംവരണം നിലവിലില്ലാത്തതിനാല്‍ ഇതില്‍ പട്ടികജാതിപട്ടികവര്‍ഗ്ഗ പ്രാതിനിധ്യം അരശതമാനത്തില്‍ താഴെയാണ്. 65 പേര്‍ മാത്രമാണ് ഈ വിഭാഗത്തില്‍ നിന്നുള്ളത്. മൂന്ന് എയ്ഡഡ് എന്‍ജിനീയറിങ് കോളജുകളിലായി അധ്യാപകരും അനധ്യാപകരുമായി 829 പേര്‍ ജോലി ചെയ്യുമ്പോള്‍ രണ്ട് പേര്‍ മാത്രമായിരുന്നു എസ്.സി.-എസ്.ടി. വിഭാഗത്തിലുള്ളത്. ക്രിസ്ത്യന്‍, മുസ്‌ലിം, നായര്‍, ഈഴവ എന്നീ നാലു പ്രബല സമുദായത്തിന്റെ കീഴിലാണ് 88.33 ശതമാനം എയ്ഡഡ് കോളജുകളും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നാല് കോളജുകളിലെ അധ്യാപകരില്‍ 78.56 ശതമാനം മുന്നാക്കക്കാരാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരോ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരോ ഇവിടെയില്ല. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കേരളവര്‍മ്മ കോളജില്‍ 2018ലെ കണക്കുപ്രകാരം 89 അധ്യാപകരില്‍ ഒരാള്‍പോലും പട്ടികജാതിവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടയാളില്ല. ഓപണ്‍ മെറിറ്റ് എന്നത് ഇവിടെ ഒരു സമുദായത്തിനു വേണ്ടി മാത്രം തുറന്ന വാതിലാണ്.
എയിഡഡ് കോളജ് അധ്യാപകരുടെ ശമ്പളം സര്‍ക്കാര്‍ കോളജ് അധ്യാപകരുടെ ശമ്പളത്തിനു തുല്യമാണ്. അവരുടെ സര്‍വീസ് റൂള്‍സും എല്ലാം തുല്യമാണ്. പക്ഷേ, എയിഡഡ് മേഖലയിലെ അധ്യാപകരെ പരിശോധിച്ചു കഴിഞ്ഞാല്‍ ചില പ്രത്യേക വിഭാഗങ്ങളെ അതില്‍നിന്നും ഒഴിവാക്കുന്നതായി കാണാന്‍ സാധിക്കും. അതേസമയം സാമൂഹിക പിന്നാക്കാവസ്ഥയുള്ള വിഭാഗങ്ങളെ സര്‍ക്കാര്‍ കോളജുകളില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഒരേ സര്‍വീസ്, ഒരേ ശമ്പളം, ഒരേ യോഗ്യത എല്ലാമുള്ള എയ്ഡഡ് കോളജുകളെ സംബന്ധിച്ചിടത്തോളം അവിടെ ആദിവാസി-പട്ടികജാതി അതി പിന്നാക്ക സമുദായങ്ങളുടെ പ്രാതിനിധ്യമില്ല. അധ്യാപകരെ തിരഞ്ഞെടുക്കുന്ന രീതിയില്‍ സാമൂഹികനീതി പ്രതിഫലിക്കുന്ന നിയമന സംവിധാനമല്ല അവിടെയുള്ളത്. അവിടെ നിയമിക്കാനുള്ള അവകാശം സര്‍ക്കാര്‍ ഏജന്‍സിക്കല്ല. അധ്യാപകരെ നിയമിക്കുന്നത് മാനേജ്‌മെന്റുകളാണ്. അധ്യാപകരെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയെക്കുറിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശം വെച്ചിട്ടുണ്ടെങ്കിലും മാനേജ്‌മെന്റുകളുടെ താല്പര്യം സംരക്ഷിക്കുന്ന, അവര്‍ക്ക് ഇഷ്ടമുള്ളയാളുകളെത്തന്നെ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയും. അതുകൊണ്ടാണ് കൂടുതല്‍ യോഗ്യതയുള്ള ആളുകള്‍ക്കൊന്നും നിയമനം കിട്ടാത്ത സ്ഥിതിവിശേഷം വരുന്നത്. അവിടെ മെറിറ്റ് നോക്കേണ്ടതില്ല. മാനേജ്‌മെന്റിനു താല്പര്യമുള്ളവരേയും ഏറ്റവും കൂടുതല്‍ പണം നല്‍കാന്‍ തയ്യാറുള്ളവരേയും നിയമിക്കാനുള്ള ഒരു അവസരം മാനേജ്‌മെന്റിനുണ്ട്.
ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ കൊടുക്കുന്നതിനാല്‍ നിയമനം സര്‍ക്കാറിന് നടത്താമെന്ന് സുപ്രീംകോടതി
എയ്ഡഡ് മദ്രസകളില്‍ നിയമനം നടത്തുന്നതിന് 2008ല്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ 'പശ്ചിമ ബംഗാള്‍ മദ്രസ സര്‍വീസ് കമ്മിഷന്‍' രൂപീകരിച്ചിരുന്നു. ഇതിനെതിരെ റഹ്മാനിയ ഹൈ മദ്രസ എന്ന സ്ഥാപനം കോടതിയെ സമീപിച്ചു. സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും മാനേജ്‌മെന്റുകളുടെ വാദം അംഗീകരിച്ചു. ഒടുവില്‍ കേസ് സുപ്രീംകോടതിയിലെത്തി. 2020 ല്‍ സുപ്രിം കോടതിയുടെ സുപ്രധാന വിധി വന്നു. ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ കൊടുക്കുന്നതിനാല്‍ നിയമനം സര്‍ക്കാറിനു നടത്താം എന്നായിരുന്നു സുപ്രീംകോടതി വിധി. പരമോന്നത നീതിപീഠത്തിന്റെ ഈ വിധിയും ഇപ്പോള്‍ നിലവിലുണ്ട്. മാത്രമല്ല, വിദ്യാഭ്യാസ ബില്ലുമായി ബന്ധപ്പെട്ട് 1958ല്‍ സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ചിന്റെ ഒരു വിധിയുണ്ട്. ആ വിധിയിലും എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സിക്കു വിടണം എന്നുള്ളതായിരുന്നു.
1957 ലെ വിദ്യാഭ്യാസ ബില്ലിനെതിരെ സമരരംഗത്ത് വന്നതും എന്‍.എസ്.എസ്സും ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുമാണ്. അവരാണ് സംഘടിതമായി കേരളത്തില്‍ സമരം നടത്തുകയും വിദ്യാഭ്യാസ ബില്ലിലെ സെക്ഷന്‍ 11നെതിരെ വിമോചനസമരം നടത്തി അന്നത്തെ ഇ.എം.എസ്. സര്‍ക്കാരിനെ താഴെയിറക്കുകയും ചെയ്തത്.
കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിലെപ്പോഴും മാനേജ്‌മെന്റുകളുടെ അദൃശ്യമായ പ്രാതിനിധ്യമുള്ളതുകൊണ്ട് അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ സാമൂഹ്യനീതി നടപ്പാക്കണം എന്ന വാദത്തെ നിരന്തരമായി അവഗണിക്കുകയാണ്.
1972ലെ ഡയറക്ട് പേയ്‌മെന്റ് എഗ്രിമെന്റ്
യഥാര്‍ത്ഥത്തില്‍ കോളജ് അദ്ധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു സ്ഥിതിവിശേഷം ഉണ്ടാകുന്നത് 1972ല്‍ അച്യുതമേനോന്‍ സര്‍ക്കാറിന്റെ കാലത്ത് കൊണ്ടുവന്ന ഡയറക്ട് പേയ്‌മെന്റ് എഗ്രിമെന്റ് പ്രകാരമാണ്. മാനേജ്‌മെന്റുകളും സര്‍ക്കാരും തമ്മിലുണ്ടാക്കിയ ഈ കരാറിലാണ് നിയമനം മാനേജ്‌മെന്റുകള്‍ക്ക് വിട്ടുകൊടുക്കുകയും ശമ്പളം അദ്ധ്യാപകര്‍ക്ക് നേരിട്ട് സര്‍ക്കാര്‍ കൊടുക്കുന്ന രീതിയുമൊക്കെ വന്നത്. നിയമനങ്ങള്‍ പി.എസ്.സിക്കു വിടണം എന്നായിരുന്നു നേരത്തെ വിദ്യാഭ്യാസ ബില്ലിലൊക്കെ ഉണ്ടായിരുന്നത്. എന്നാല്‍, കരാറില്‍ സംവരണവുമായി ബന്ധപ്പെട്ട് വളരെ വിചിത്രമായ കാര്യമാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. 50 ശതമാനം നിയമനങ്ങള്‍ മാനേജ്‌മെന്റ് സമുദായങ്ങള്‍ക്കു സംവരണം ചെയ്തു. സാമൂഹ്യനീതി പ്രതിഫലിക്കുന്ന തരത്തില്‍ ഭരണഘടന വ്യവസ്ഥചെയ്യുന്ന ഒരു സംവരണം അവിടെ നടപ്പാക്കിയില്ല. ബാക്കി 50 ശതമാനം ഓപ്പണ്‍ ക്വാട്ട എന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. ഈ ഓപ്പണ്‍ ക്വാട്ടയില്‍ത്തന്നെ മാനേജ്‌മെന്റ് സമുദായത്തിലുള്ളവരെത്തന്നെ നിയമിക്കുന്ന സംവിധാനം കേരളത്തില്‍ പ്രബലമാണ്. അതുകൊണ്ടാണ് കേരളത്തിലെ പല എന്‍.എസ്.എസ്, ക്രിസ്ത്യന്‍, മുസ്‌ലിം മാനേജ്‌മെന്റ് കോളജുകളിലും അവരുടെ സമുദായങ്ങള്‍ തന്നെ കൂടുതല്‍ വരുന്നത്. നൂറു ശതമാനവും അവരുടെ സമുദായം തന്നെ വരുന്ന കോളജുകളുമുണ്ട്. എന്‍.എസ്.എസ് ട്രെയിനിങ് കോളജ് പന്തളം, എന്‍.എസ്.എസ് ട്രെയിനിങ് കോളജ് ചങ്ങനാശ്ശേരി, എന്‍.കെ.എ കോളജ് കടവത്തൂര്‍, ബി.സി.എം കോളജ് കോട്ടയം തുടങ്ങി 100 ശതമാനം സ്വസമുദായ സംവരണം നടപ്പാക്കിയ കോളജുകളുണ്ട്. ഇനി ദേവസ്വം ബോര്‍ഡിന്റെ കോളജുകള്‍ നോക്കിയാലും സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലുള്ള ഭരണസമിതിയാണ് നിയമനം നടത്തുന്നതെങ്കിലും സംവരണം പാലിക്കപ്പെടാറില്ല.
കെഇആര്‍ ഭേദഗതി
ധനമന്ത്രി തോമസ് ഐസക് 2020 ഫെബ്രുവരി ഏഴിന് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ കെ.ഇ.ആര്‍ ഭേദഗതി നടപ്പിലാക്കാന്‍ ഒരുങ്ങുകയാണെന്ന പ്രഖ്യാപനം മുന്നോട്ട് വെച്ചു. എയിഡഡ് നിയമനാധികാരം കൈവശമുളള വിവിധ മാനേജ്‌മെന്റുകള്‍ക്ക് അത്ര ശുഭകരമല്ലായിരുന്നു കെ.ഇ.ആര്‍ ഭേദഗതി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. പ്രതീക്ഷിച്ചതു പോലെ തന്നെ മാനേജ്‌മെന്റുകള്‍ വിഷയത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അറിയിച്ചു.
നിലവില്‍ 30 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന അനുപാതമാണ് അധ്യാപക നിയമനങ്ങള്‍ക്ക് പിന്തുടര്‍ന്ന് പോരുന്നത്. ഇതില്‍ ഒരു വിദ്യാര്‍ത്ഥി അധികം വന്നാല്‍ പുതിയ തസ്തിക സൃഷ്ടിക്കുന്ന രീതി എയിഡഡ് വിദ്യാഭ്യാസ രംഗത്തുണ്ട്. ഈ അനുപാതം ഉയര്‍ത്തി ആറ് വിദ്യര്‍ത്ഥികള്‍ അധികം വന്നാല്‍ മാത്രമേ പുതിയ തസ്തിക അനുവദിക്കാന്‍ സാധിക്കൂ എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.
സവര്‍ണ ഹിന്ദുമനോഭാവം പേറുന്നവരാണ് സിപിഎമ്മുകാരെന്നും അവരാണ് കേരളത്തിലെ ദലിതരെ ഏറ്റവുമധികം ദ്രോഹിച്ചതെന്നും ദലിത് ആക്ടിവിസറ്റ് ഡോ. രാധാകൃഷ്ണന്‍ തേജസ് ന്യൂസിനോട് പറഞ്ഞു. സിപിഎം ഒരിക്കലും എയ്ഡഡ് മേഖലയില്‍ സംവരണം കൊണ്ടുവരുമെന്ന് കരുതുന്നില്ല. അതേസമയം, ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ ശരിയായ ഏകോപനമുണ്ടായാല്‍ സര്‍ക്കാരുകള്‍ക്ക് അവരുടെ നിലപാട് തിരുത്തേണ്ടിവരും. മറ്റു പിന്നാക്കവിഭാഗങ്ങള്‍ കൂടി ഒരുമിച്ച് നീങ്ങിയാല്‍ എയ്ഡഡ് മേഖലിയില്‍ സംവരണം കൊണ്ട് വരാന്‍ സാധിക്കും. പ്രതിവര്‍ഷം 12000 മുതല്‍ 15000 കോടി രൂപയാണ് എയ്ഡഡ് മേഖലയ്ക്കായി സര്‍ക്കാര്‍ വിനിയോഗിക്കുന്നത്. ഇതില്‍ അര ശതമാനം പോലും ദലിത് വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നില്ല.
സംവരണ നിഷേധത്തിനെതിരേ ദലിത് പിന്നാക്ക വിഭാഗങ്ങളുടെ ഒരു ഐക്യനിര രൂപപ്പെട്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംവരണം അട്ടിമറിക്കുന്ന ടീച്ചേഴ്‌സ് ബാങ്ക്
ആവശ്യത്തിന് വിദ്യാര്‍ത്ഥികളില്ലാത്തതിനെ തുടര്‍ന്ന് പോസ്റ്റുകള്‍ നഷ്ടമായ അധ്യാപകര്‍ക്ക് വേണ്ടി 2011ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് ടീച്ചേഴ്‌സ് ബാങ്ക് എന്ന പേരില്‍ പുതിയ സംവിധാനം കൊണ്ടുവരുന്നത്. അന്ന് 3000ത്തില്‍ അധികം പേരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഇത്തരമൊരു സംവിധാനം കൊണ്ടു വന്നത്. ഇതില്‍ 2900ത്തില്‍ അധികം ആളുകള്‍ എയിഡഡില്‍ തസ്തികകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് വിന്യസിച്ചവരായിരുന്നു. ഇവരുടെ പാരന്റല്‍ സ്‌കൂളുകളില്‍ ഒഴിവ് വരുന്ന സാഹചര്യത്തില്‍ അതത് സ്‌കൂളുകളിലേക്ക് തന്നെ പുനര്‍വിന്യസിക്കാമെന്ന ധാരണയിലായിരുന്നു നിയമനം.
മൂന്നും നാലും പ്രാവശ്യം പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിക്കുന്നില്ല എന്നിരിക്കെയാണ് എയിഡഡ് സ്‌കൂളുകളില്‍ കൃത്യമായ ഒരു അഭിരുചി പരീക്ഷ പോലും എഴുതാതെ നിയമനം ലഭിക്കുന്ന ആളുകള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
സര്‍ക്കാര്‍ പുറത്തിറക്കുന്ന ഉത്തരവുകള്‍ പലതും ലംഘിച്ചാണ് മാനേജുമെന്റുകള്‍ എയിഡഡ് നിയമനങ്ങള്‍ നടത്തുന്നതെന്ന് എയിഡഡ് സംവരണ പ്രക്ഷോഭ സമരസമിതി കണ്‍വീനര്‍ ഒപി രവീന്ദ്രന്‍ തേജസ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍ വെരിഫിക്കേഷന്‍ സമയത്ത് അധ്യാപക അനുപാതം കൂടുകയും ആവശ്യത്തിന് വിദ്യാര്‍ത്ഥികളുടെ എണ്ണം ഇല്ലാതാവുകയും ചെയ്യുമ്പോള്‍ അധ്യാപക തസ്തിക ഇല്ലാതാകുന്നു. ഇത്തരത്തില്‍ അധികം വരുന്ന അധ്യാപകരെ ശമ്പളം കൊടുത്ത് സംരക്ഷിക്കേണ്ട ബാധ്യത കൂടി സര്‍ക്കാരിന്റെ തലയില്‍ വരുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
2016-2017 വര്‍ഷത്തില്‍ ഇടത് സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകളില്‍ നിന്നും സംരക്ഷിച്ച അധ്യാപകരുടെ എണ്ണം 4060 ആയി വര്‍ദ്ധിച്ചു എന്നും ഒപി രവീന്ദ്രന്‍ പറഞ്ഞു. എയിഡഡ് അധ്യാപകരെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിയമിക്കുന്നത് മൂലം സംവരണം നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കാതെ കേസ് നീട്ടിയത് രണ്ട് വര്‍ഷമാണ്. ഒടുവില്‍ ഇത് താല്‍കാലിക സംവിധാനമാണെന്നും അതുകൊണ്ട് സംവരണനഷ്ടം ഉണ്ടാകില്ലെന്നുമുള്ള അഴകൊഴമ്പന്‍ റിപോര്‍ട്ടാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചതെന്നും ഒപി രവീന്ദ്രന്‍ പറഞ്ഞു.
മുന്‍പേ നടന്ന് തെലങ്കാനയും ആന്ധ്രയും
തെലങ്കാനയും ആന്ധ്രപ്രദേശും എയിഡഡ് നിയമനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി. സര്‍ക്കാരാണ് നിയമനം നടത്തുന്നതെങ്കില്‍ സര്‍ക്കാര്‍ ശമ്പളം നല്‍കും. അതല്ല, മാനേജ് മെന്റാണ് നിയമനം നടത്തുന്നതെങ്കിലും ശമ്പളം മാനേജ്‌മെന്റ തന്നെ നല്‍കണമെന്ന നിലപാടാണ് ഈ രണ്ട് സംസ്ഥാനങ്ങളും 2019മുതല്‍ സ്വീകരിച്ചത്. പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കിയാണ് അവര്‍ നിയമനങ്ങള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയത്.
അതേസമയം, കേരളസര്‍ക്കാറിനെതിരേ 2010ല്‍ എയ്ഡഡ് സംവരണ പ്രക്ഷോഭ സമിതി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ നാലുവര്‍ഷം കഴിഞ്ഞാണ് കോടതിയില്‍ സംസ്ഥാനം മറുപടി നല്‍കിയതെന്നും ഒപി രവീന്ദ്രന്‍ പറഞ്ഞു. ഈ കേസ് ഇപ്പോള്‍ സുപ്രിംകോടതിയിലാണ്.
സുപ്രീംകോടതി വിധി അനുകൂലമായാല്‍ നോക്കാം എന്ന നിലയാണ് ഇടതു സര്‍ക്കാര്‍. സമുദായ നേതാക്കളെ പിണക്കാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല എന്ന് സാരം.
എംഇഎസും എസ്എന്‍ ട്രസ്റ്റും
അതേസമയം, നിബന്ധനയോടെയാണെങ്കിലും സംവരണം നടപ്പിലാക്കാന്‍ തയ്യാറാണെന്ന് എംഇഎസ് അറിയിച്ചിട്ടുണ്ട്. ഏതാണ്ട് ഇതേ നിലപാട് തന്നെയാണ് 10 ശതമാനം കോളജുകളുള്ള എസ്എന്‍ ട്രസ്റ്റിനും ഉള്ളത്. എന്നാല്‍ ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള കെപിഎംഎസ് പോലുള്ള കക്ഷികള്‍ സംവരണം എന്ന ആശയവുമായി മുന്നോട്ട് വരാന്‍ തയ്യാറായിട്ടില്ല. ഇടതു സര്‍ക്കാരില്‍ നിന്ന് ആ വിഭാഗത്തിന് ലഭിച്ച കോളജ് കൊണ്ടാകാം അവര്‍ മുന്നോട്ട് വരാത്തത്.
കൂടുതല്‍ സ്ഥാപനങ്ങളുള്ള എന്‍എസ്എസും ക്രിസ്ത്യന്‍ മാനേജ്‌മെന്റും ഇതുവരെ സംവരണം സംബന്ധിച്ച് കാര്യമായി പ്രതികരിച്ചിട്ടില്ല.
യോജിച്ച പ്രക്ഷോഭം അനിവാര്യം
1958 ലെ സുപ്രീംകോടതി വിധിയും 2008ലെ പശ്ചിമ ബംഗാള്‍ മദ്രസാ നിയമന കേസും റഫര്‍ ചെയ്യുമ്പോള്‍ പ്രക്ഷോഭ സമിതി സുപ്രീംകോടതിയില്‍ നല്‍കിയ കേസില്‍ അനുകൂല വിധിയുണ്ടാകാനാണ് സാധ്യത. കോടതി വിധി അനുകൂലമായാല്‍ സര്‍ക്കാരിന് വഴങ്ങേണ്ടിവരും. അതേസമയം, എല്ലാവിഭാഗങ്ങളുടേയും ഒരു യോജിച്ച പ്രക്ഷോഭത്തിലൂടെ ഒരു പക്ഷേ സര്‍ക്കാരിനെ സമ്മര്‍ദ്ധത്തിലാക്കി എയിഡഡ് സംവരണം നടപ്പിലാക്കാന്‍ സാധിക്കുമെന്നും ഒപി രവീന്ദ്രന്‍ പറഞ്ഞു.
RELATED STORIES
ഗുജറാത്തിലെ ഹസ്റത്ത് പഞ്ച് പീര് ദര്ഗ പൊളിച്ചു; കൃഷ്ണഭൂമിയില്...
15 Jan 2025 5:05 AM GMTബോബി ചെമ്മണ്ണൂര് ജയില് മോചിതനായി
15 Jan 2025 4:45 AM GMTസര്‍ക്കാര്‍ ഓഫീസില് അമ്മക്ക് പകരം ജോലിയെടുത്ത മകന് അറസ്റ്റില്
15 Jan 2025 4:36 AM GMT''ബ്ലഡി ബ്ലിങ്കന്, വംശഹത്യയുടെ സെക്രട്ടറിയാണ് നിങ്ങള്''; ആന്റണി...
15 Jan 2025 3:52 AM GMTഎസ്കലേറ്ററില് നിന്ന് വീണ് മൂന്നുവയസുകാരന് മരിച്ചു
15 Jan 2025 3:34 AM GMTപെരിയ ഇരട്ടക്കൊല: കേസ് നടത്തിപ്പിന് പ്രത്യേക പിരിവുമായി സിപിഎം
15 Jan 2025 3:26 AM GMT