Latest News

സ്വര്‍ണത്തേക്കാള്‍ വില; വെള്ളത്തിന് പൂട്ടിട്ടൊരു ഗ്രാമം

സ്വര്‍ണത്തേക്കാള്‍ വില; വെള്ളത്തിന് പൂട്ടിട്ടൊരു ഗ്രാമം
X

ജയ്പൂര്‍: രാജസ്ഥാനിലെ പരംസ്രംപുരയില്‍ ഗ്രാമവാസികള്‍ സ്വര്‍ണത്തേക്കാളും വെള്ളിയേക്കാളും വിലമതിക്കുന്നത് ഇപ്പോള്‍ വെള്ളത്തിനെയാണ്. അതിനായി വെള്ളം സൂക്ഷിക്കുന്ന ഡ്രമ്മുകള്‍ക്ക് പൂട്ടുകള്‍ ഇടാനും ഇവര്‍ തയ്യാറാണ്. ജലക്ഷാമം രൂക്ഷമായ പ്രദേശത്തെ ജലസംഭരണികളും കിണറുകളും നേരത്തെ വറ്റിയിട്ടുണ്ട്. ഇപ്പോള്‍ പത്തുദിവസം കൂടുമ്പോള്‍ വരുന്ന ടാങ്കറുകളെയാണ് ജനം ദൈനദിന ജല ഉപഭോഗത്തിന് ആശ്രയിക്കുന്നത്. എന്നാല്‍ ഇതിനിടെയാണ് വെള്ളം മോഷ്ടിക്കുന്നത് വ്യാപകമാവുന്നത്. ടാങ്കറുകളില്‍ നിന്നും വരിനിന്ന് ശേഖരിക്കുന്ന വെള്ളം രാത്രികാലങ്ങളില്‍ ജലമോഷ്ടാക്കള്‍ കവര്‍ന്നത് പതിവായതോടെയാണ് ഡ്രമ്മുകള്‍ക്ക് പൂട്ടിടാന്‍ ഗ്രാമീണര്‍ ഒരുങ്ങിയത്. കണ്ണുതെറ്റിയാല്‍ ഏതു പൂട്ടും പൊളിക്കാന്‍ മോഷ്ടാക്കള്‍ എത്തുമെന്നുറപ്പുള്ളതിനാല്‍ ചില വീടുകളില്‍ വീട്ടുകാരില്‍ ആരെങ്കിലും സര്‍വ്വനേരവും ഈ ടാങ്കുകള്‍ക്ക് കാവല്‍ നില്‍ക്കുകയും ചെയ്യും.

'വെള്ളം നിറച്ചുവച്ചിരിക്കുന്ന പാത്രങ്ങള്‍ പൂട്ടിയില്ലെങ്കില്‍ വെള്ളം ആരെങ്കിലും കൊണ്ടുപോകും. ഞങ്ങളുടെ കുട്ടികള്‍ പിന്നെന്ത് കുടിക്കും' ഗ്രാമവാസിയായ ലാലി ദേവി ചോദിക്കുന്നു. എന്നാല്‍, ഏഴ് ദിവസത്തിലൊരിക്കല്‍ ഇവിടങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതികരണം.

ഹിന്ദുസ്ഥാന്‍ സിങ്ക് എന്ന കമ്പനി ദത്തെടുത്തതാണ് പരസ്രംപുര ഗ്രാമം. കമ്പനിയുടെ ഖനനമേഖലയ്ക്കടുത്തുള്ള പരസ്രംപുരയിലേക്ക് കൂടുതല്‍ കുടിവെള്ളം ലഭ്യമാക്കുന്ന കാര്യം അവരോട് സംസാരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.



Next Story

RELATED STORIES

Share it