Latest News

ശമ്പളം ലഭിക്കാന്‍ വൈകി; കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍ കൂട്ട അവധിയില്‍

ശമ്പളം ലഭിക്കാന്‍ വൈകി; കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍ കൂട്ട അവധിയില്‍
X

തിരുവനന്തപുരം: ശമ്പളം ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍ കൂട്ട അവധിയില്‍. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെയായും കൊടുത്തില്ലെന്ന് ആരോപിച്ചാണ് ആലപ്പുഴ ജില്ലയിലെ കനിവ് 108 ജീവനക്കാര്‍ കൂട്ട അവധിയില്‍ പ്രവേശിച്ചത്. ആംബുലന്‍സ് ജീവനക്കാര്‍ അവധിയില്‍ പ്രവേശിച്ചതോടെ ആശുപത്രികളില്‍ നിന്ന് പരിശോധന ചെയ്യുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് എത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടുകയാണ്.

ചെങ്ങനൂര്‍ സര്‍കാര്‍ ആശുപത്രിയില്‍ നിന്ന് അടിയന്തിര ചികിത്സയ്ക്ക് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് ഡോക്ടര്‍മാര്‍ റെഫര്‍ ചെയ്ത ഗര്‍ഭിണിയായ യുവതിയെ കൊണ്ട് പോകുന്നതിനായി ആശുപത്രി അധികൃതര്‍ 108 ആംബുലന്‍സിന്റെ സേവനം തേടിയിരുന്നു. എന്നാല്‍ ശമ്പളം ലഭിക്കാതിനാല്‍ അവധിയിലാണെന്നും സര്‍വീസ് നടത്താന്‍ കഴിയില്ലെന്നും ആംബുലന്‍സ് ജീവനക്കാര്‍ അറിയിക്കുകയായിരുന്നു.

ജനുവരി മാസത്തെ ശമ്പളം അഞ്ചാം തിയതിയാണ് ലഭിക്കേണ്ടത്. എന്നാല്‍ ഇരുപതാം തിയതിയായിട്ടും ലഭിക്കാതായതോടെയാണ് ജീവനക്കാര്‍ കൂട്ട അവധിയിലേക്ക് പ്രവേശിച്ചത്.കേരള മെഡികല്‍ സര്‍വീസ് കോര്‍പറേഷനില്‍ നിന്ന് പദ്ധതി നടത്തിപ്പിന്റെ ഫണ്ട് മാസങ്ങളായി മുടങ്ങിയതാണ് പ്രതിസന്ധികള്‍ക്ക് കാരണമെന്നും ആരോപണമുണ്ട്. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളുടെ നടത്തിപ്പ് തുക ഉള്‍പ്പടെ 50 കോടിയോളം രൂപ കേരള മെഡികല്‍ സര്‍വീസ് കോര്‍പറേഷന്‍ കരാര്‍ കമ്ബനിക്ക് നല്‍കാന്‍ കുടിശിക ഉണ്ടെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ പ്രതികരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ ഇതുവരെ തയ്യാറിയിട്ടില്ല. മുമ്പ് പല തവണ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശമ്ബളം വൈകുന്നതില്‍ നടപടിയുണ്ടാകണമെന്ന് കാണിച്ച് ജീവനക്കാര്‍ നിവേദനം നല്‍കിയിരുന്നുയെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് അവധിയെടുക്കാന്‍ തീരുമാനിച്ചതെന്ന് ജീവനക്കാരും പറയുന്നു.




Next Story

RELATED STORIES

Share it