Latest News

സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് സിപിഎമ്മും സിപിഐയും

സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് സിപിഎമ്മും സിപിഐയും
X

ആലപ്പുഴ/തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. സില്‍വര്‍ലൈന്റെ പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാനും കേന്ദ്രാനുമതിയോടെ തുടര്‍നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായ റിപോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. സില്‍വര്‍ ലൈന്‍ പദ്ധതി ഒരുകാരണവശാലും ഉപേക്ഷിക്കുന്ന പ്രശ്‌നമില്ലെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി. കേന്ദ്രാനുമതി ലഭിച്ചാലുടന്‍ പദ്ധതി നടപ്പാക്കും.

50 വര്‍ഷം അപ്പുറമുള്ള കേരളത്തിന്റെ വളര്‍ച്ച ഉറപ്പാക്കുന്നതാണ് സില്‍വര്‍ ലൈന്‍. അങ്ങനെയൊരു പദ്ധതിയില്‍ നിന്ന് പിന്നോട്ടുപോവുന്ന നിലപാട് എല്‍ഡിഎഫിനും സിപിഎമ്മിനുമില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കാനം രാജേന്ദ്രനും വ്യക്തമാക്കി. മുന്നണിയോ സര്‍ക്കാരോ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടില്ല. പദ്ധതി ഉപേക്ഷിക്കാന്‍ രാഷ്ട്രീയ തീരുമാനമില്ലെന്നും കാനം ആലപ്പുഴയില്‍ പറഞ്ഞു. പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനായാണ് കാനം ആലപ്പുഴയിലെത്തിയത്.

പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കായി നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചതോടെയാണ് സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കുന്നുവെന്ന അഭ്യൂഹമുയര്‍ന്നത്. സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജന്‍സിയുടെ കാലാവധി പുതുക്കി നല്‍കേണ്ടെന്നും സര്‍ക്കാര്‍ തീരുമാനിച്ചുവെന്നായിരുന്നു റിപോര്‍ട്ടുകള്‍. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അടക്കം പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് 11 ജില്ലകളിലായി നിയോഗിച്ചിരുന്നത് 205 ഉദ്യോഗസ്ഥരെയാണ്. 2020 ജൂണില്‍ ഡിപിആര്‍ സമര്‍പ്പിച്ചിട്ടും കേന്ദ്രാനുമതിയില്‍ ഇതുവരെ തീരുമാനം ഒന്നുമായിട്ടില്ല.

Next Story

RELATED STORIES

Share it