Latest News

സോളാര്‍ അപകീര്‍ത്തി കേസ്: ഉമ്മന്‍ചാണ്ടിക്ക് വി എസ് നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്ക് സ്‌റ്റേ

സോളാര്‍ അപകീര്‍ത്തി കേസ്: ഉമ്മന്‍ചാണ്ടിക്ക് വി എസ് നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്ക് സ്‌റ്റേ
X

തിരുവനന്തപുരം: സോളാര്‍ അപകീര്‍ത്തി കേസില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് താല്‍ക്കാലിക ആശ്വാസം. മുന്‍ മുഖ്യമന്തി ഉമ്മന്‍ചാണ്ടി നല്‍കിയ അപകീര്‍ത്തി കേസില്‍ സബ് കോടതി വിധി ജില്ലാ കോടതി സ്റ്റേ ചെയ്തു. ഉമ്മന്‍ചാണ്ടിക്ക് വി എസ് നഷ്ടപരിഹാരം നല്‍കണമെന്ന വിചാരണ കോടതി ഉത്തരവാണ് സ്‌റ്റേ ചെയ്തത്. 10,10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കീഴ്‌ക്കോടതി വിധി. സബ് കോടതി വിധിക്കെതിരേ വി എസ് നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ജില്ലാ കോടതിയുടെ ഉത്തരവ്.

സോളാര്‍ കേസ് കത്തി നിന്ന 2013 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഒരു മാധ്യമത്തിന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് നല്‍കിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരേ ആരോപണമുന്നയിച്ചത്. സോളാര്‍ കമ്പനിയുടെ പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്നും സരിതാ നായരെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ചാണ്ടി കോടികള്‍ തട്ടിയെന്നും 2013 ജൂലായ് 6ന് ഒരു ചാനല്‍ അഭിമുഖത്തില്‍ വി എസ് അച്യുതാനന്ദന്‍ പറഞ്ഞതിനെതിരായിരുന്നു കേസ്. 2014 ലാണ് ഉമ്മന്‍ചാണ്ടി അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്.

പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച വക്കീല്‍ നോട്ടീസില്‍ ഒരുകോടി രൂപയായിരുന്നു നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ കോടതിയില്‍ തെളിയിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് 10 ലക്ഷം രൂപ ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്. അസുഖബാധിതനായതിനാല്‍ വി എസിന് കോടതിയില്‍ നേരിട്ട് ഹാജരായി തന്റെ നിലപാട് പറയാന്‍ കഴിഞ്ഞിരുന്നില്ല. അഭിമുഖത്തിന്റെ ശരിപ്പകര്‍പ്പ് കോടതിയില്‍ ഹാജരാക്കാന്‍ ഉമ്മന്‍ചാണ്ടിക്കും കഴിഞ്ഞിരുന്നില്ല.

Next Story

RELATED STORIES

Share it