Latest News

തിരുവനന്തപുരം വിമാനത്താവളത്തിൽ കരാര്‍ തൊഴിലാളികളുടെ സമരം; വിമാന സര്‍വീസുകള്‍ വൈകുന്നു

തിരുവനന്തപുരം വിമാനത്താവളത്തിൽ കരാര്‍ തൊഴിലാളികളുടെ സമരം; വിമാന സര്‍വീസുകള്‍ വൈകുന്നു
X

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് തുടരുന്നു. ഇന്നലെ രാത്രി തുടങ്ങിയ പ്രതിഷേധം തിരുവനന്തപുരം വിമാനത്താവളത്തിലെ സര്‍വീസുകളെയും യാത്രക്കാരെയും ബാധിച്ചു. എയര്‍ ഇന്ത്യ സാറ്റ്‌സിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് വിഭാഗം കരാര്‍ ജീവനക്കാരാണ് പണിമുടക്കുന്നത്. ശമ്പള പരിഷ്‌കരണവും ബോണസും ആവശ്യപ്പെട്ടാണ് പണിമുടക്ക്.

സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് വിമാനത്താവളത്തില്‍ പണിമുടക്ക് നടക്കുന്നത്. വിമാന സര്‍വീസുകള്‍ 30 മിനിറ്റ് വരെ വൈകുന്നുമുണ്ട്. ബംഗളൂരു തിരുവനന്തപുരം വിമാനത്തിലെ യാത്രക്കാര്‍ക്ക് 40 മിനിറ്റിന് ശേഷമാണ് പുറത്തിറങ്ങാനായത്. എന്നാല്‍ വിമാനങ്ങളൊന്നും റദ്ദാക്കിയിട്ടില്ല.

നിലവില്‍ 8 സര്‍വീസുകള്‍ വൈകിയെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യാന്തര സര്‍വീസുകള്‍ പുറപ്പെടാന്‍ 40 മിനിറ്റ് വരെ കാലതാമസം നേരിട്ടു. 4.40ന് ദുബായില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നിന്ന് യാത്രക്കാരെ പുറത്തിറക്കാന്‍ 20 മിനിറ്റ് വൈകി. യാത്രക്കാരുടെ ലഗേജ് ലഭിക്കാന്‍ ഒന്നര മണിക്കൂറോളം വൈകി.

തൊഴിലാളികളുടെ പണിമുടക്കില്‍ കാര്‍ഗോ നീക്കത്തിലും വന്‍ പ്രതിസന്ധി നേരിട്ടു. വിമാനങ്ങളില്‍ കയറ്റി അയക്കേണ്ടിയിരുന്ന 20 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ കെട്ടിക്കിടക്കുകയാണ്. ഇന്നലെ രാത്രി മുതല്‍ വിമാനങ്ങളില്‍ കയറ്റി അയക്കേണ്ടിയിരുന്ന ഭക്ഷ്യവസ്തുക്കളാണിത്. എയര്‍ ഇന്ത്യ സാറ്റ്‌സ് കൈകാര്യം ചെയ്യുന്ന വിമാനങ്ങളിലെ കാര്‍ഗോ നീക്കത്തിലാണ് പ്രതിസന്ധി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് മസ്‌കറ്റ്, അബുദാബി, ഷാര്‍ജ, എയര്‍ അറേബ്യ, ഖത്തര്‍ എയര്‍വേയ്‌സ്, കുവൈറ്റ് വിമാനങ്ങളിലെ കാര്‍ഗോ നീക്കമാണ് മുടങ്ങിയത്. പുലര്‍ച്ചെയുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ മാത്രമാണ് കാര്‍ഗോ നീക്കം നടന്നത്.

ജീവനക്കാരുടെ ശമ്പള വര്‍ധനവിലും മറ്റും നടപടി ആവശ്യപ്പെട്ട് ആറുമാസം മുമ്പുതന്നെ കമ്പനിക്ക് നോട്ടീസ് നല്‍കിയെങ്കിലും ഇതു വരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സമരക്കാര്‍ പറഞ്ഞു. റീജണല്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ പല തവണ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. സമരം യാത്രക്കാരെ ബാധിക്കുമെന്നതില്‍ വിഷമമുണ്ടെന്നും വിഷയത്തില്‍ മാനേജ്മെന്റാണ് ഉടന്‍ തീരുമാനമെടുക്കേണ്ടതെന്നും തൊഴിലാളികള്‍ പറഞ്ഞു.




Next Story

RELATED STORIES

Share it