Latest News

അഭിപ്രായ ഭിന്നതകളില്‍ സുന്നി പ്രവര്‍ത്തകര്‍ കക്ഷി ചേരരുത്: ഡോ. അബ്ദുല്‍ ഹഖീം അസ്ഹരി

അഭിപ്രായ ഭിന്നതകളില്‍ സുന്നി പ്രവര്‍ത്തകര്‍ കക്ഷി ചേരരുത്: ഡോ. അബ്ദുല്‍ ഹഖീം അസ്ഹരി
X

കോഴിക്കോട്: പാണക്കാട് കുടുംബലുമായി ബന്ധപ്പെട്ട് ലീഗില്‍ ഉടലെടുത്ത വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അണികള്‍ അതില്‍ ഇടപെടരുതെന്ന സന്ദേശവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ മകന്‍ ഡോ. എപി അബ്ദുല്‍ ഹഖീം അസ്ഹരി. ഫെയ്‌സ്ബുക്കിലൂടെയാണ് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ഡോ. അബ്ദുല്‍ ഹഖീം അസ്ഹരി നിലപാട് വ്യക്തമാക്കിയത്.


വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും ഇടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണെന്നും അതില്‍ സുന്നി പ്രവര്‍ത്തകര്‍ കക്ഷി ചേരരുതെന്നും ഹഖീം അസ്ഹരി പറഞ്ഞു. ഏതെങ്കിലും വിഭാഗത്തോടൊപ്പം ചേര്‍ന്ന് ഉള്‍പ്പിരിവുകളെ കൂടുതല്‍ പൊലിപ്പിക്കുകയും അഭിപ്രായ വ്യത്യാസങ്ങളെ വെറുപ്പും അക്രമാസക്തമായ മനോഭവവുമാക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നത് നമുക്ക് ചേര്‍ന്നതല്ല. ഇസ്‌ലാമിക ആത്മീയതയുടെ പാരമ്പര്യ മൂല്യങ്ങളെ കാത്തു സൂക്ഷിക്കാന്‍ പരിശ്രമിക്കുന്ന പ്രസ്ഥാനം എന്ന നിലക്ക് അത്തരത്തിലുള്ള എല്ലാ സമീപനങ്ങളില്‍ നിന്നും തീര്‍ത്തും വിട്ടു നില്‍ക്കുക എന്നതാണ് കേരള മുസ്‌ലിം ജമാത്തിന്റെയും അനുബന്ധ സംഘടനകളുടെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു.


പ്രസ്ഥാനത്തിന്റെ അനുഭാവികളും പ്രവര്‍ത്തകരും എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്നവരും ഈ ജാഗ്രത പാലിക്കണം. കാലുഷ്യങ്ങളെ വര്‍ധിപ്പിക്കുന്ന, വ്യക്തിസാമൂഹിക ബന്ധങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ചര്‍ച്ചകളുടെ ഭാഗമവാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. വ്യക്തികളെ തേജാവധം ചെയ്യുന്ന കുറിപ്പുകളോ പരിഹാസങ്ങളോ ഇസ്‌ലാമിക ആദര്‍ശത്തിലും വിശ്വാസ പ്രമാണങ്ങളിലും മുന്നോട്ട് പോകുന്നവര്‍ക്ക് യോജിച്ചതല്ല. അതു വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുമെന്നും അനുഗ്രഹങ്ങളെ ഇല്ലാതാക്കുമെന്നും കുറിപ്പില്‍ പറയുന്നു.

Next Story

RELATED STORIES

Share it