Latest News

ആരോപണങ്ങള്‍ അതീവ ഗുരുതരം; ലുക്ക് ഔട്ട് നോട്ടിസ് റദ്ദാക്കണമെന്ന റാണ അയ്യൂബിന്റെ അപേക്ഷയെ എതിര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ്

ആരോപണങ്ങള്‍ അതീവ ഗുരുതരം; ലുക്ക് ഔട്ട് നോട്ടിസ് റദ്ദാക്കണമെന്ന റാണ അയ്യൂബിന്റെ അപേക്ഷയെ എതിര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ്
X

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിന്റെ ലുക്ക് ഔട്ട് നോട്ടിസ് റദ്ദാക്കണമെന്ന അപേക്ഷയ്‌ക്കെതിരേ ഡല്‍ഹി കോടതിയില്‍ ശക്തമായ നിലപാടെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. റാണ അയ്യൂബിന്റെ കേസ് അതീവ ഗുരുതരമാണെന്നും ഒരു കോടി രൂപയോളം വരുന്ന ഫണ്ട് തിരിമറിയാണ് പ്രതിക്കെതിരേ ആരോപിച്ചിട്ടുള്ളതെന്നും ഇഡിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

കേസില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ജസ്റ്റിസ് ചന്ദ്ര ധാരി സിങ് അഡിഷണല്‍ സോളിസിറ്റര്‍ ജനറലിന് കൂടുതല്‍ സമയം അനുവദിച്ചു. കേസ് ഏപ്രില്‍ 4ന് വീണ്ടും പരിഗണിക്കും.

ലണ്ടനില്‍ നടക്കുന്ന അന്താരാഷ്ട്ര ജേര്‍ണലിസം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നതിന് മുബൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് മാര്‍ച്ച് 29ന് മുംബൈ ഇമിഗ്രേഷനില്‍ തടഞ്ഞുവച്ചത്. മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞതിന് ശേഷമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ് തനിക്ക് ലഭിച്ചതെന്ന് അവര്‍ ട്വീറ്റ് ചെയ്തു. കൊവിഡ്19 ദുരിതാശ്വാസത്തിനായി നിയമങ്ങള്‍ ലംഘിച്ച് വിദേശ ധനസഹായം സ്വീകരിച്ചെന്നാണ് കേസ്.

വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഓണ്‍ലൈന്‍ അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാന്‍ വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ജേണലിസ്റ്റ്‌സ് അയ്യൂബിനെ യുകെയിലേക്ക് ക്ഷണിച്ചിരുന്നു. തനിക്ക് ഓണ്‍ലൈന്‍ പീഡനങ്ങളും വധഭീഷണിയും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അയ്യൂബ് പലപ്പോഴും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുള്ളത്.

'ഹിന്ദു ഐടി സെല്‍' സ്ഥാപകനും ഗാസിയാബാദിലെ ഇന്ദിരാപുരം നിവാസിയുമായ വികാസ് സംകൃത്യായന്‍ സെപ്റ്റംബറില്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫയല്‍ ചെയ്ത കേസിലാണ് റാണ അയൂബിനെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ കേസെടുത്തത്. 2020 നും 2021 നും ഇടയില്‍ ചാരിറ്റബിള്‍ ആവശ്യങ്ങള്‍ക്കായി കെറ്റോ എന്ന ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോം വഴി ഇവര്‍ 2.69 കോടി രൂപ സമാഹരിച്ചുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ആരോപിക്കുന്നത്. 'കെട്ടോ വഴി ലഭിച്ച ഒരു പൈസ പോലും ദുരുപയോഗം ചെയ്തിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it