Latest News

രാജ്യത്തിന്റെ തീരം വിദേശകുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കരുതെന്ന് ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി

രാജ്യത്തിന്റെ തീരം വിദേശകുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കരുതെന്ന് ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി
X

ന്യൂഡല്‍ഹി: രാജ്യത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതമാര്‍ഗം മുട്ടിച്ചു വിദേശ രാജ്യത്തെ കപ്പലുകള്‍ക്കും അവരുടെ സന്നാഹങ്ങള്‍ക്കും ഇന്ത്യയുടെ സമുദ്രം തീറെഴുതി കൊടുക്കുന്ന നടപടി അപലപനീയമാണെന്നും സര്‍ക്കാര്‍ ഇത്തരം നടപടികളില്‍ നിന്നും പിന്തിരിയണമെന്നും മുസ്‌ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഇന്ന് പാര്‍ലിമെന്റില്‍ വേദനാഭ്യന്തര ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ തൊഴിലാളികള്‍ മത്സ്യബന്ധന പ്രവര്‍ത്തനങ്ങളില്‍ നല്ല വൈദഗ്ദ്യമുള്ളവരാണ്. എന്നാല്‍ ബഹുരാഷ്ട്ര കുത്തകകളുടെ കപ്പലുകള്‍ ഇന്ത്യന്‍ കടലിലേക്ക് വന്ന് മീന്‍ പിടിക്കുകയും അവിടെ തന്നെ യന്ത്രവത്കൃത സംവിധാനത്തിലൂടെ വിദേശത്തേക്ക് കയറ്റി അയക്കുകയും ചെയ്യുന്ന സംവിധാനം വരുമ്പോള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതമാര്‍ഗമാണ് മുട്ടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ നയത്തിന്റെ ചുവടുപിടിച്ചു കേരള സര്‍ക്കാറും നമ്മുടെ സമുദ്രം വിദേശ കമ്പനികള്‍ക്ക് ഇഷ്ടം പോലെ ഊറ്റി എടുക്കാന്‍ അവകാശം കൊടുക്കുന്ന തരത്തിലുള്ള നയവുമായി മുന്നോട്ടു പോവുകയാണ്. ഇത്തരം കാര്യങ്ങള്‍ക്കെല്ലാം എതിരായി മത്സ്യത്തൊഴിലാളികള്‍ ശക്തമായ പ്രക്ഷോഭത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത് സര്‍ക്കാര്‍ അത് കണ്ടില്ലെന്നു നടിക്കുന്നത് ശരിയല്ലെന്നും എം.പി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ക്യാന്‍സര്‍, കിഡ്‌നി പോലുള്ള രോഗംകൊണ്ട് കഷ്ടപ്പെടുന്ന രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള സ്‌കീമുണ്ട്. അതിലേക്ക് കൊടുക്കുന്ന പണം വളരെ തുച്ഛമാണ്. രോഗം വര്‍ധിക്കുന്നത് കൊണ്ട് ഒരുപാട് രോഗികള്‍ പാര്‍ലിമെന്റ് അംഗങ്ങളെ സമീപിക്കാറുമുണ്ട്. പക്ഷെ, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പറ്റുന്ന വിധത്തില്‍ അപേക്ഷകള്‍ പാസ്സാക്കാന്‍ കഴിയാത്ത സാഹചര്യം ഇന്നുണ്ട്. അതിനാല്‍ ഈ ഫണ്ടിലേക്കുള്ള അലോട്ട്‌മെന്റുകള്‍ ഗണ്യമായി വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. മറ്റേതു കാര്യത്തേക്കാളും ഈ കാര്യത്തിന് പ്രാമുഖ്യം നല്‍കണമെന്നും എം.പി പറഞ്ഞു.

ഈയിടെ പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളുടെ അനന്തരഫലങ്ങള്‍ വളരെ വലുതാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ അത് ചെവി കൊണ്ടില്ല. ഇന്നൊരു കൊടുങ്കാറ്റ് പോലെ അവരുടെ അസംതൃപ്തി രാജ്യത്ത് ഒരു പ്രക്ഷോഭമായി മാറിയിട്ടുണ്ട്. ഇതെല്ലാം സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കരുത്. അവര്‍ക്ക് പറയാനുള്ളത് ദയാപൂര്‍വം കേള്‍ക്കാനുള്ള സന്മനസ്സെങ്കിലും സര്‍ക്കാര്‍ കാണിക്കാതിരിക്കുന്നത് തെറ്റായ നടപടിയാണ്. പ്രശ്‌ന പരിഹാരത്തിനു ശക്തമായ നപടികള്‍ സ്വീകരിക്കണം. രാജ്യത്തെ ഓരോ നിയമവും മതേതരത്വത്തില്‍ അധിഷ്ഠിതമാവണം. ഇവിടുത്തെ സര്‍ക്കാര്‍ വര്‍ഗീയതയെ സ്ഥാപനവല്‍ക്കരിക്കുകയാണ്. വളരെ അപകടം പിടിച്ച വഴിയാണ് കേന്ദ്ര, കേരള സര്‍ക്കാരുകള്‍ എടുത്തു കൊണ്ടിരിക്കുന്നത്. നിയമനിര്‍മാണം എന്നത് പാര്‍ലിമെന്ററി ജനാധിപത്യത്തിലെ ഏറ്റവും പവിത്രമായ ലക്ഷ്യമാണ്. എന്നാല്‍ സര്‍ക്കാര്‍ അതിനെ നിസ്സാരവല്‍ക്കരിക്കുകയാണ്. അതിന്റെയൊക്കെ അനന്തര ഫലങ്ങള്‍ രാജ്യം അനുഭവിച്ചു കൊണ്ടിരിക്കയാണെന്നും ഇ. ടി പറഞ്ഞു.

Next Story

RELATED STORIES

Share it