- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സര്‍ക്കാര്‍ എല്‍ഐസിയുടെ ഉടമസ്ഥനല്ല, ട്രസ്റ്റി മാത്രം; എല്‍ഐസിയെ സ്വകാര്യവല്‍ക്കരിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല
എല്‍ഐസി സ്വകാര്യവല്‍ക്കരണത്തിനെതിരേ മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് എഫ് ബിയില്‍ എഴുതിയ കുറിപ്പ്
ഡോ. ടി എം തോമസ് ഐസക്ക്
എല്‍ഐസിയെ സ്വകാര്യവല്‍ക്കരിക്കുന്നത് സാധാരണ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം പോലെയല്ല. എല്‍ഐസി മാനേജ്‌മെന്റ് പോളിസി ഉടമകളുടെ ട്രസ്റ്റിമാത്രമാണെന്ന് പറയുന്നു മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്.
എല്‍ഐസിയുടെ സ്വകാര്യവല്‍ക്കരണത്തെ ന്യായീകരിക്കുന്നവര്‍ ഈ സ്ഥാപനത്തെ മറ്റൊരു പൊതുമേഖലാ സ്ഥാപനം മാത്രമായിട്ടാണു കാണുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥന്‍ സര്‍ക്കാരാണ്. സര്‍ക്കാര്‍ ആ ഓഹരികള്‍ മറ്റൊരാള്‍ക്കു കൈമാറുന്നതുവഴി നൈതീകത ഭ്രംശമൊന്നും അവര്‍ കാണുന്നില്ല. പൊതുമേഖലാ കമ്പോളത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നതിന് ഒരു പ്രധാന ഉപാധിയാണ്. അത് ചുളുവിലയ്ക്ക് ശിങ്കിടി മുതലാളിമാര്‍ക്കു കൈമാറുകയാണ് എന്നു തുടങ്ങിയ വിമര്‍ശനങ്ങള്‍ സ്വകാര്യവല്‍ക്കരണത്തെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്നു. ഇത്തരം വാദങ്ങള്‍ നിയോലിബറല്‍ ചട്ടക്കൂടില്‍ നില്‍ക്കുന്നവര്‍ പ്രസക്തമായി കരുതുന്നുമില്ല.
എന്നാല്‍ എല്‍ഐസിയുടെ വില്‍പ്പന ഇത്തരമൊരു ഗണത്തില്‍പ്പെടുത്താനാവില്ല. കാരണം സര്‍ക്കാര്‍ എല്‍ഐസിയുടെ ഉടമസ്ഥന്‍ അല്ല. ട്രസ്റ്റി മാത്രമാണ്. അതുകൊണ്ട് പുതിയതായി ഓഹരി ഇറക്കി എല്‍ഐസിക്ക് പുതിയ ഉടമസ്ഥന്മാരെ സൃഷ്ടിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല.
1912ല്‍ ഇന്‍ഷ്വറന്‍സ് വ്യവസായത്തെ വ്യവസ്ഥാപിതമാക്കുന്നതിനു രണ്ട് നിയമങ്ങള്‍ പാസ്സാക്കി ഇന്ത്യന്‍ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനീസ് ആക്ടും, പ്രോവിഡന്റ് ഫണ്ട് ഇന്‍ഷ്വറന്‍സ് സൊസൈറ്റീസ് ആക്ടും. ഇത്തരത്തില്‍ രണ്ടു വ്യത്യസ്ത നിയമങ്ങള്‍ പാസ്സാക്കപ്പെട്ടത് വളരെ അര്‍ത്ഥഗര്‍ഭമാണ്. ഇന്ന് എല്‍ഐസിയുടെ സ്വഭാവത്തെക്കുറിച്ചു നടക്കുന്ന വിവാദത്തെ മനസ്സിലാക്കാന്‍ ഈ രണ്ടു നിയമങ്ങളും തമ്മിലുള്ള വ്യത്യാസം സഹായിക്കും. ആദ്യത്തെ നിയമപ്രകാരം ഇന്‍ഷ്വറന്‍സ് സംരംഭങ്ങള്‍ മറ്റു കമ്പനികളെപ്പോലെ ഓഹരി ഉടമസ്ഥര്‍ക്കു ലാഭം പരമാവധിയാക്കാന്‍ ശ്രമിക്കുന്നവയാണ്. ഇന്‍ഷ്വര്‍ ചെയ്യപ്പെടുന്നവരും, ഇന്‍ഷ്വര്‍ ചെയ്യുന്ന കമ്പനിയും രണ്ടും രണ്ടാണ്. ഇന്‍ഷ്വര്‍ ചെയ്യപ്പെടുന്നവര്‍ കമ്പനിയുടെ കസ്റ്റമര്‍മാര്‍ മാത്രമാണ്.
എന്നാല്‍ പ്രോവിഡന്റ് ഫണ്ട് ഇന്‍ഷ്വറന്‍സ് സൊസൈറ്റി ഇന്‍ഷ്വര്‍ ചെയ്യപ്പെടുന്നവരുടെ മ്യൂച്വല്‍ സൊസൈറ്റിയാണ്. ഇന്‍ഷ്വര്‍ ചെയ്യപ്പെടുന്നവരുടെ കൂട്ടായ്മയാണ് ഇന്‍ഷ്വര്‍ ചെയ്യുന്നത്. ഓഹരി ഉടമസ്ഥരുടെ ലാഭം പരമാവധിയാക്കുക എന്നല്ല മ്യൂച്വല്‍ ഇന്‍ഷ്വറന്‍സ് സൊസൈറ്റികളുടെ ലക്ഷ്യം. പരമാവധി കുറഞ്ഞ പ്രീമിയത്തിന് പരമാവധി നേട്ടം പോളിസി ഉടമകള്‍ക്കു നല്‍കുക എന്നതാണ് ഈ സൊസൈറ്റികളുടെ ലക്ഷ്യം.
സത്യം പറഞ്ഞാല്‍ എല്‍ഐസി ഇതുില്‍ രണ്ടിലുംപെടില്ല. പാര്‍ലമെന്റ് പ്രത്യേക നിയമപ്രകാരം ഇന്‍കോര്‍പ്പറേറ്റ് ചെയ്ത കോര്‍പ്പറേഷനാണ് എല്‍ഐസി. ഇതിനു കൂടുതല്‍ സാമ്യം മ്യൂച്വല്‍ ഇന്‍ഷ്വറന്‍സ് സൊസൈറ്റികളോടാണ്.
കേന്ദ്രസര്‍ക്കാര്‍ പുതിയ കോര്‍പ്പറേഷന് 5 കോടി രൂപ മൂലധനമായി നല്‍കിയപ്പോള്‍ മുന്‍ ഇന്‍ഷ്വറന്‍സ് കമ്പനി ഉടമകള്‍ക്ക് എല്‍ഐസി നഷ്ടപരിഹാരമായി 5.1 കോടി രൂപ നല്‍കേണ്ടിവന്നു. എന്നുവച്ചാല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മൂലധനം നഷ്ടപരിഹാരം നല്‍കാന്‍പോലും തികയുമായിരുന്നില്ല. ഇതു വളരെ സുപ്രധാനമായൊരു കാര്യമാണ്. കേന്ദ്രസര്‍ക്കാര്‍ എല്‍ഐസിയുടെ ഉടമസ്ഥനാണെന്ന് അവകാശപ്പെടുമ്പോള്‍ ഫലത്തില്‍ മുതല്‍മുടക്ക് ഒന്നും ഉണ്ടായിരുന്നില്ല. എല്‍ഐസിയുടെ ആസ്തികള്‍ പൂര്‍ണ്ണമായും എല്‍ഐസി പോളിസി ഉടമസ്ഥരുടെ സംഭാവനയായിരുന്നു.
എല്‍ഐസി സാധാരണഗതിയിലുള്ള ഒരു കമ്പനിയായിരുന്നില്ല. പ്രോവിഡന്റ് സൊസൈറ്റിയുടെയും വാണിജ്യകമ്പനിയുടെയും ഒരു സങ്കരരൂപമായിരുന്നു സി.ഡി. ദേശ് മുഖിന്റെ പാര്‍ലമെന്റ് പ്രസംഗങ്ങളില്‍ ഇക്കാര്യം വളരെ വ്യക്തമായി വായിച്ചെടുക്കാനാവും. 'ഏതൊരു ലൈഫ് ഇന്‍ഷ്വറന്‍സിന്റെയും മൂലക്കല്ല് ട്രസ്റ്റിഷിപ്പ് സങ്കല്‍പ്പമായിരിക്കണം. ഇത് സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കു പൂര്‍ണ്ണമായും അന്യമാണ്. ട്രസ്റ്റിന്റെ പണവും ജോയിന്റ് കമ്പനിയുടെ പണവും തമ്മിലുള്ള അടിസ്ഥാന അന്തരം ഭൂരിപക്ഷം മാനേജ്‌മെന്റുകളും തിരിച്ചറിഞ്ഞിരുന്നില്ല.'
'പണം പോളിസി ഉടമസ്ഥന്റേതാണെന്നുള്ള പൂര്‍ണ്ണ തിരിച്ചറിവോടെ ഏറ്റവും മിതവ്യയ രീതിയില്‍ വേണം ഇന്‍ഷ്വറന്‍സ് ബിസിനസ് നടത്താന്‍. കര്‍ശനമായ ആക്‌ച്വേറിയല്‍ പരിഗണനകളുടെ അടിസ്ഥാനത്തില്‍ അനിവാര്യമായതിനേക്കാള്‍ ഒരിക്കലും പ്രീമിയം ഉയരാന്‍ പാടില്ല. നിക്ഷേപത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തിക്കൊണ്ട് പോളിസി ഉടമസ്ഥന്മാര്‍ക്ക് പരമാവധി നേട്ടം ഉറപ്പുവരുത്തുന്ന രീതിയില്‍വേണം ഫണ്ട് വിനിയോഗിക്കാന്‍. പോളിസി ഉടമസ്ഥര്‍ക്ക് എത്രയും പെട്ടെന്ന് കാര്യക്ഷമമായ സേവനങ്ങള്‍ നല്‍കണം. അങ്ങനെ മാത്രമേ ഇന്‍ഷ്വറന്‍സിനെ ജനപ്രിയമാക്കാന്‍ കഴിയൂ. അവസാനമായി ട്രസ്റ്റിഷിപ്പിന്റെ പൂര്‍ണ്ണ സ്പിരിറ്റില്‍വേണം മാനേജ്‌മെന്റിന്റെ നടത്തിപ്പ്.'
എന്നിട്ട് ധനമന്ത്രി തുടര്‍ന്നിങ്ങനെ വ്യക്തമാക്കി: 'നിയമത്തിലെ വകുപ്പ് 28 പ്രകാരം 95 ശതമാനം മിച്ചവും പോളിസി ഉടമസ്ഥര്‍ക്ക് അര്‍ഹതപ്പെട്ടതായിരിക്കുമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളത് ശ്രദ്ധിക്കേണ്ടതുണ്ട്. 5 ശതമാനമേ ഓഹരി ഉടമസ്ഥനുള്ളൂ. 95 ശതമാനം മിനിമം ആണ്. പിന്നീട് ഈ തോത് വര്‍ദ്ധിപ്പിക്കാനാവുമെന്ന് എനിക്ക് ഉറപ്പുണ്ട്. തദ്വാര സര്‍ക്കാരിന്റെ വിഹിതം ആനുപാതികമായി കുറയുകയും ചെയ്യും.' മിച്ചം പൂര്‍ണ്ണമായും പോളിസി ഉടമസ്ഥര്‍ക്കു നല്‍കുന്ന സ്ഥിതിവിശേഷം എല്‍ഐസിയുടെ രൂപീകരണവേളയില്‍ കേന്ദ്രധനമന്ത്രി തള്ളിക്കളഞ്ഞിരുന്നില്ല.
ഇന്ന് എല്‍ഐസിക്ക് 38 ലക്ഷം കോടി രൂപയുടെ ലൈഫ് ഫണ്ട് ഉണ്ട്. അതുപൂര്‍ണ്ണമായും പോളിസി ഉടമസ്ഥരില്‍ നിന്നും സമാഹരിച്ചതാണ്. ഇന്നു കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത് ദേശസാല്‍ക്കരണവേളയില്‍ ദേശ് മുഖ് പറഞ്ഞതുപോലെ പോളിസി ഉടമസ്ഥരുടെ ലാഭവിഹിതം 95 ശതമാനത്തില്‍ നിന്നും വീണ്ടും ഉയര്‍ത്തുന്നതിനല്ല, അത് വെട്ടിക്കുറയ്ക്കുന്നതിനാണ്.
വില്‍പ്പനയ്ക്കുവേണ്ടി എല്‍ഐസിയുടെ എംബഡഡ് മൂല്യം എത്രയെന്നു കണക്കാക്കുകയുണ്ടായി. എംബഡഡ് വാല്യു എന്നാല്‍ നിക്ഷേപകര്‍ക്ക് ലഭിക്കാവുന്ന ഭാവി വരുമാനത്തിന്റെ ഇന്നത്തെ അസ്സല്‍ മൂല്യമാണ്. ആദ്യം കണക്കു കൂട്ടിയപ്പോള്‍ അതുവെറും 1.1 ലക്ഷം കോടി രൂപയേ വരൂ. എന്നാല്‍ നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ് പോളിസികളെ പൊതു ലൈഫ് ഫണ്ടില്‍ നിന്നു മാറ്റി ഓഹരി ഉടമസ്ഥര്‍ക്കുള്ള പ്രത്യേക ലൈഫ് ഫണ്ടാക്കുകയും പാര്‍ട്ടിസിപ്പേറ്റിംഗ് പോളിസികളുടെ ലാഭവിഹിതം 90 ശതമാനമായി കുറയ്ക്കുകയും ചെയ്തപ്പോള്‍ എംബഡഡ് വാല്യു 5.4 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇതൊന്നു മാത്രം പരിഗണിച്ചാല്‍ മതി എല്‍ഐസിയുടെ സ്വകാര്യവല്‍ക്കരണം പോളിസി ഉടമകളുടെ ഭാവി വരുമാനത്തിന്റെ കൊള്ളയാണെന്നു മനസ്സിലാക്കാന്‍.
ഇത്തരമൊരു കവര്‍ച്ചയ്ക്കുള്ള അവകാശം കേന്ദ്രസര്‍ക്കാരിനില്ല. ഒരു നൈതീകതയുടെയും അടിസ്ഥാനത്തില്‍ ഇതിനെ വെള്ളപൂശാനും കഴിയില്ല.
(എല്‍ഐസി സ്വകാര്യവല്‍ക്കരണത്തിനെതിരേ മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് എഫ് ബിയില്‍ എഴുതിയ കുറിപ്പ്)
RELATED STORIES
ഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTമുസ്ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്‍'' ചേര്‍ത്തു;...
22 Dec 2024 3:43 AM GMT'സ്വര്‍ണ്ണക്കടത്ത്, ആഡംബര വീട് നിര്‍മാണം': എം ആര് അജിത് കുമാറിന്...
22 Dec 2024 3:01 AM GMTവാര്‍ത്തയുടെ പേരില്‍ ക്രൈംബ്രാഞ്ച് അന്വേഷണം; മാധ്യമ അടിയന്തരാവസ്ഥ:...
22 Dec 2024 2:20 AM GMTഅംബേദ്കറെ അപമാനിച്ചവര്‍ അധികാരത്തില്‍ തുടരരുത്: കെഎന്‍എം മര്‍കസുദഅവ
22 Dec 2024 2:18 AM GMTസാംസ്കാരിക മുന്നേറ്റത്തില്‍ സ്ത്രീകളും പുരുഷന്മാരും പരസ്പര പൂരകം:...
22 Dec 2024 2:14 AM GMT