Latest News

ലോക്ക്ഡൗണ്‍ ഇളവ് ആരാധനാലയങ്ങള്‍ക്കും ബാധകമാക്കണമെന്ന് പോപുലര്‍ ഫ്രണ്ട്

ലോക്ക്ഡൗണ്‍ ഇളവ് ആരാധനാലയങ്ങള്‍ക്കും ബാധകമാക്കണമെന്ന് പോപുലര്‍ ഫ്രണ്ട്
X

കോഴിക്കോട്: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണത്തില്‍ ഇളവുകള്‍ അനുവദിച്ച സര്‍ക്കാര്‍ ആരാധനാലയങ്ങളെ ഒഴിവാക്കിയത് ദുരുദ്ദേശപരമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കൊവിഡ് വ്യാപന സാധ്യതയേറെയുള്ള ഇടങ്ങളില്‍ പോലും ഇളവുകള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ മതിയായ സൂക്ഷ്മതയും സുരക്ഷിതത്വവുമുള്ള പള്ളികള്‍ തുറക്കാനുള്ള അനുമതി വൈകിപ്പിക്കുന്നത് ബോധപൂര്‍വമാണെന്നതില്‍ സംശയമില്ല. ഈ സാഹചര്യത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് തന്നെ മുഴുവന്‍ ആരാധനാകര്‍മങ്ങളും നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ അവസരമുണ്ടാക്കണം.

കൊവിഡ് റിപോര്‍ട്ട് ചെയ്തകാലം മുതല്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുതന്നെയാണ് സംസ്ഥാനത്തെ പള്ളികള്‍ പ്രവര്‍ത്തിക്കുന്നത്. അത് ഉറപ്പുവരുത്തേണ്ടതിന് പകരം പൂര്‍ണമായും ആരാധനക്കുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. വിശ്വാസികളെ മതത്തില്‍ നിലയുറപ്പിക്കുന്നതും സാമൂഹികവും മനുഷ്യത്വപരവുമായ മൂല്യങ്ങള്‍ സ്വായത്തമാക്കുന്നതും പള്ളികളിലെ സംഘടിത ആരാധനാ കര്‍മ്മങ്ങളില്‍ നിന്നും ലഭിക്കുന്ന ഊര്‍ജ്ജത്തില്‍ നിന്നാണ്. അത്തരം മൂല്യങ്ങളെ തര്‍ക്കുന്നതിനുള്ള ആസൂത്രിത നീക്കമാണ് ആരാധനയ്ക്ക് വിലക്ക് തുടരാനുള്ള തീരുമാനത്തിന് പിന്നിലെന്ന് സംശയിക്കേണ്ടതുണ്ട്.

ജനങ്ങള്‍ യാതൊരു സൂക്ഷ്മതയും പുലര്‍ത്താത്ത ഇടങ്ങളില്‍ വരെ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ആളുകള്‍ സംഗമിക്കുന്ന പൊതുഇടങ്ങളില്‍ കൃത്യമായ സൂക്ഷ്മതയും സുരക്ഷയും മുന്‍കരുതലും ഉള്ള ഏക ഇടം പള്ളികള്‍ മാത്രമാണ്. സര്‍ക്കാര്‍ ഓഫിസുകളില്‍ ഉള്‍പ്പടെ പ്രോട്ടോകോള്‍ പാലിക്കാന്‍ പതിനായിരങ്ങള്‍ ചിലവഴിക്കുമ്പോള്‍ വിശ്വാസികള്‍ സ്വന്തം ചെലവിലാണ് അതിനേക്കാള്‍ സൂക്ഷ്മതയോടെ പള്ളികളില്‍ പ്രോട്ടോകോള്‍ പാലിക്കുന്നത്. രോഗവ്യാപനത്തിന് സാധ്യതയേറെയുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കെ തന്നെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനകള്‍ നടത്തുന്ന പള്ളികള്‍ക്കു മേലുള്ള കടുത്ത നിയന്ത്രണം അംഗീകരിക്കാനാവില്ല. ദുഷ്ടലാക്കോടെയുള്ള ഈ വിലക്ക് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, സംസ്ഥാന സമിതിയംഗങ്ങളായ പി കെ യഹ്യ തങ്ങള്‍, ബി നൗഷാദ്, എം കെ അഷ്‌റഫ്, പികെ അബ്ദുല്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it