Latest News

മലബാര്‍ സമരത്തിന്റെ മതം

മലബാര്‍ സമരത്തിന്റെ മതം
X

ടി. അബ്ദുര്‍റഹ്മാന്‍ ബാഖവി

ഒരു കോളിളക്കവുമില്ലാതെ കടന്നുപോയ ഇക്കഴിഞ്ഞ 2021 ജൂലൈ 24, പക്ഷേ, ഇന്ത്യന്‍ സ്വാതന്ത്ര്യത്തില്‍ പ്രധാന പങ്കുവഹിച്ച 1921 മലബാര്‍ സമരത്തില്‍ പണ്ഡിത സാന്നിധ്യമറിയിച്ച ഒരു മഹാ സംഭവത്തിന്റെ 100ാം വാര്‍ഷികമായിരുന്നു.

സ്വാതന്ത്ര്യ സമരത്തില്‍ യാതൊരു പങ്കുമില്ലെന്നു മാത്രമല്ല, അതിനെ ഒറ്റിക്കൊടുക്കുകയും ചെയ്ത ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ മലബാര്‍ സമരത്തെ വര്‍ഗീയ കലാപമായി ചിത്രീകരിക്കുകയും അതിനു മുസ്‌ലിംകള്‍ മാപ്പു പറയുമെന്നു പ്രതീക്ഷിക്കുകയും ചുരുക്കം ചിലരെങ്കിലും ഒതുങ്ങിക്കൊടുക്കാനും പ്രീണിപ്പിക്കാനും ശ്രമിക്കുകയും ചെയ്യുന്ന ഈ സന്ദര്‍ഭത്തില്‍ ഈ ചര്‍ച്ചയ്ക്കു വളരെ പ്രാധാന്യമുണ്ട്. മുസ്‌ലിം പുണ്യ സ്ഥലങ്ങളടങ്ങുന്ന ജസീറത്തുല്‍ അറബ് ഉള്‍ക്കൊള്ളുന്ന തുര്‍ക്കി ഖിലാഫത്തിനെ തകര്‍ക്കാന്‍ ശ്രമിച്ച ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരേ അധിനിവിഷ്ട ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്മാര്‍ സ്വാതന്ത്ര്യ സമരം മതപരമായ ബാധ്യതയായി ഏറ്റെടുത്തു ഖിലാഫത്ത് പ്രസ്ഥാനം രൂപീകരിക്കുകയും 'തര്‍ക്കുല്‍ മുവാലാത്ത്' അഥവാ നിസ്സഹകരണം പ്രഖ്യാപിക്കുകയും ചെയ്തു. പ്രസിദ്ധ പണ്ഡിതനും സ്വാതന്ത്ര്യ സമരസേനാനിയുമായ ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ല്യാര്‍ ഖിലാഫത്ത് പ്രസ്ഥാനത്തെ അനുകൂലിച്ചും നിസ്സഹകരണത്തിന് ആഹ്വാനം ചെയ്തും 'മുഹിമ്മാത്തുല്‍ മുഅ്മിനീന്‍' എന്ന ശീര്‍ഷകത്തില്‍ 1921 ഫെബ്രുവരിയില്‍ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു.

ബ്രിട്ടിഷ് ഭരണകൂടത്തെ ചൊടിപ്പിച്ച ഈ പുസ്തകത്തിനു പ്രഗല്‍ഭ പണ്ഡിതന്മാരായിരുന്ന ചെറുശ്ശേരി അഹ്മദ്കുട്ടി മുസ്‌ല്യാര്‍, കൂട്ടായി ബാവ മുസ്‌ല്യാര്‍, മൈലാശ്ശേരി സൈനുദ്ദീന്‍കുട്ടി മുസ്‌ല്യാര്‍ എന്നിവര്‍ സാക്ഷ്യപത്രങ്ങള്‍ എഴുതി ഒപ്പുവച്ചു. മലബാറിലെ വിവിധ പണ്ഡിത•ാര്‍ ഇതു പരിശോധിച്ച് അംഗീകാരം നല്‍കി. മലബാര്‍ ജില്ലയിലും സൗത്ത് കാനറയിലെ കാസര്‍കോട് താലൂക്കിലും ഈ കൃതി വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ഈ കൃതി നിര്‍ബന്ധമായും വായിക്കമണെന്ന് എം.പി. നാരായണ മേനോനടക്കം ആവശ്യപ്പെടുകയും ചെയ്തു. സമരാഹ്വാനം ശത്രുക്കളോടുള്ള നിസ്സഹകരണം, രാജ്യസ്‌നേഹം, മര്‍ദകന്റെ കൂടെ നില്‍ക്കാതിരിക്കല്‍, മതസൗഹാര്‍ദം തുടങ്ങി സര്‍വ കാര്യങ്ങളും ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ചരിത്രം എന്നീ അടിസ്ഥാന പ്രമാണങ്ങള്‍കൊണ്ട് സ്ഥിരപ്പെടുത്തിയ ഈ കൃതി അവതരണ ശൈലി കൊണ്ടു മികച്ചുനില്‍ക്കുന്നു.

ഇതിനിടെ ബ്രിട്ടിഷ് അനുകൂലികളായ ചില പണ്ഡിതന്മാര്‍ രംഗപ്രവേശനം ചെയ്തു. ഖാന്‍ ബഹദൂര്‍, ഖാന്‍ സാഹിബ് പട്ടങ്ങള്‍ നേടിയെടുത്ത ചില മുസ്‌ലിം പ്രമാണിമാരുടെ ഓരം ചേര്‍ന്നുനില്‍ക്കുന്ന ഈ പണ്ഡിതന്മാര്‍ പൊന്നാനിയിലെ പാതാര്‍ എന്ന സ്ഥലത്ത് 1921 ജൂലൈ 24ന് ഞായറായ്ച രണ്ടു മണിക്ക് ഒരു യോഗം വിളിച്ചു. കലക്ടര്‍ തോമസ്, ഡെപ്യൂട്ടി കലക്ടര്‍ ആമു സാഹിബ്, പോലിസ് സൂപ്രണ്ട് ഹിച്ച്‌കോക്ക് എന്നിവരുടെ മേല്‍നോട്ടത്തില്‍ നടന്ന ഈ യോഗത്തില്‍ പക്ഷേ, കൂടുതല്‍ പണ്ഡിതന്മാരെ സംഘടിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

എന്നാല്‍, അന്നുതന്നെ (1921 ജൂലൈ 24ന്) പുതു പൊന്നാനിയില്‍ 2500 പേര്‍ പങ്കെടുത്ത വമ്പിച്ച ഒരു സമ്മേളനം നടന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ധാരാളം മതപണ്ഡിതന്മാര്‍ അതില്‍ പങ്കെടുത്തു. ഖിലാഫത്ത്, നിസ്സഹകരണ പ്രസ്ഥാനങ്ങളില്‍ അണിനിരക്കേണ്ട ആവശ്യകത ഊന്നിപ്പറഞ്ഞ സമ്മേളനത്തില്‍ വച്ചു പണ്ഡിതന്മാര്‍ ആ ഉത്തരവാദിത്തം ഏറ്റെടുത്തു.

പാതാര്‍ സമ്മേളനത്തില്‍ ബ്രിട്ടിഷ് അനുകൂല പണ്ഡിതനായ മമ്മദ്കുട്ടി മുസ്‌ല്യാര്‍ എന്നൊരാളുടെ പേരില്‍ 'മഹ്ഖുല്‍ കിലാഫ അലസ്മില്‍ ഖിലാഫ' എന്ന ഒരു ലഘുലേഖ പുറത്തിറങ്ങി. 'മുഹമ്മാത്തുല്‍ മുഅ്മിനീന്‍' എന്ന ഗ്രന്ഥത്തിലെ പരാമര്‍ശങ്ങള്‍ ഇസ്‌ലാമിക വിരുദ്ധമാണെന്നും അത് അംഗീകരിക്കുന്ന ആളുകള്‍ ഇസ്‌ലാമില്‍നിന്നു പുറത്താണെന്നും സ്ഥാപിക്കാന്‍ വിഫല ശ്രമം നടത്തിയ ആ കൃതി ബ്രിട്ടിഷ് ഉദ്യോഗസ്ഥരുടെ ശ്രമഫലമായി അനേകം കോപ്പികള്‍ അടിച്ചിറക്കി വിതരണം ചെയ്‌തെങ്കിലും അതു ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കിയില്ല. മാത്രമല്ല അതിന്റെ രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ച തിരൂരങ്ങാടിയിലെ ചാലിലകത്ത് ഇബ്രാഹീം കുട്ടിയുടെ പ്രസ് ആഗസ്ത് 20ലെ തിരൂരങ്ങാടി സംഭവത്തില്‍ ജനങ്ങള്‍ തകര്‍ത്തുകളഞ്ഞു.

'മഹ്ഖുല്‍ കിലാഫ' എന്ന ഫത്‌വാ പ്രസിദ്ധീകരണം പരാജയപ്പെടാന്‍ പല കാരണങ്ങളുമുണ്ടായിരുന്നു. 1- രാജ്യത്തിന്റെ പൊതുവികാരം ബ്രിട്ടിഷ് വിരുദ്ധമായിരുന്നു. 2- ലഘുലേഖ തയ്യാറാക്കിയ മമ്മദ്കുട്ടി മുസ്‌ല്യാര്‍ ആരാണെന്നുപോലും അറിയില്ല. 3- പുതിയകത്ത് അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍, തട്ടാങ്ങര കുട്ട്യാമുസ്‌ല്യാര്‍, കൗടിയമ്മാന്റകത്ത് അബ്ദുല്ലക്കുട്ടി മുസ്‌ല്യാര്‍ എന്നിവരുടെ ഒപ്പുപോലുമില്ലാതെ അഭിപ്രായമെന്നു രേഖപ്പെടുത്തിയിരിക്കുകയാണ് മേല്‍ ലഘുലേഖ ചെയ്തത്. വളരെ പ്രധാനമായ കാര്യം അതിലെ ഉള്ളടക്കം പ്രമാണ വിരുദ്ധവും അടര്‍ത്തിയെടുത്തതും അംഗീകൃത പണ്ഡിതരുടെ അഭിപ്രായത്തിനു വിരുദ്ധവുമായിരുന്നു.

1921ന് മുമ്പ് ഒരു നൂറ്റാണ്ടോളം മലബാറില്‍ നടന്നിട്ടുള്ള ധര്‍മ സമരങ്ങളും അതില്‍ പണ്ഡിതന്മാരും ആത്മീയ നേതാക്കളും നല്‍കിയ നേതൃപരമായ പങ്കും വളരെ ശ്രദ്ധേയമാണ്. പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരേ സാമൂതിരിയുമായി ചേര്‍ന്നു നടത്തിയ സമരം മായാത്ത ചരിത്രമാണ്. അന്ന് സൈനുദ്ദീന്‍ മഖ്ദൂം രചിച്ച 'തഹ്‌രീളു അഹ്്‌ലില്‍ ഈമാന്‍ അലാ ജിഹാദി അബ്ദത്തിസ്സുല്‍ബാന്‍', ഖാസി മുഹമ്മദിന്റെ 'ഫത്ഹുല്‍ മുബീന്‍' തുടങ്ങിയ സമര കാവ്യങ്ങളും സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ 'തുഹ്ഫത്തുല്‍ മുജാഹിദീന്‍', മമ്പുറം തങ്ങളുടെ 'സൈഫുല്‍ ബത്താര്‍' ഇവയെല്ലാം പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരേയുള്ള ശക്തമായ പടവാള്‍ തന്നെയായിരുന്നു. അതുപോലെ അക്രമത്തിനും അനീതിക്കുമെതിരേയും മത സ്വാതന്ത്ര്യത്തിനു വേണ്ടിയും കേരളത്തില്‍ നടന്നിട്ടുള്ള ധര്‍മസമരങ്ങള്‍ പണ്ഡിതന്മാരുടെ വിവേചനമില്ലാത്ത നീതിബോധത്തിന്റെ തെളിവുകളാണ്. എന്നാല്‍, 1921 അല്‍പ്പം വ്യത്യസ്തമാണ്. അതില്‍ നാലു തരത്തിലുള്ള പണ്ഡിത വിഭാഗത്തെ നമുക്കു കാണാം.

1. ഖിലാഫത്ത് അനുകൂലികളും ബ്രിട്ടിഷ് വിരുദ്ധരുമായ ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ല്യാരെപ്പോലെയുള്ളവര്‍.

2. ഖാന്‍ ബഹദൂര്‍ മുത്തുക്കോയ തങ്ങള്‍, അബ്ദുര്‍റഹ്മാന്‍ എന്ന കുഞ്ഞന്‍ ബാവ മുസ്‌ല്യാര്‍ തുടങ്ങിയ പൂര്‍ണ ബ്രിട്ടിഷ് അനുകൂലികളും ഖിലാഫത്ത് വിരുദ്ധരുമായവര്‍.

3. ബിട്ടിഷ് വിരുദ്ധര്‍ എന്നാല്‍ ഖിലാഫത്ത് പ്രതികൂലികളായ പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ല്യാരെ പോലെയുള്ളവര്‍. ഇദ്ദേഹത്തിന്റെ ബ്രിട്ടിഷ് വിരുദ്ധത മനസ്സിലാക്കിയ ബ്രിട്ടിഷുകാര്‍ അദ്ദേഹത്തിനെതിരേ കേസെടുക്കുകയും പിന്നീട് ഖാന്‍ ബഹദൂര്‍ കിളിയമണ്ണില്‍ ഉണ്ണീന്‍ സാഹിബിന്റെ സഹായത്തോടെ കേസില്‍നിന്നു രക്ഷപ്പെടുകയും ബ്രിട്ടിഷ് അനുകൂലിയായി മാറുകയും ചെയ്തു.

4. പ്രശ്‌നങ്ങള്‍ ഭയന്നു നിഷ്‌ക്രിയരായ മറ്റൊരു വിഭാഗവും ഉണ്ടായിരുന്നു.

രാജ്യത്തെ പണ്ഡിതന്മാരുടെ മനസ്സും ജനങ്ങളുടെ പൊതുബോധവൂം ആദ്യത്തെ വിഭാഗത്തിന്റെ കൂടെയായിരുന്നു. തദ്ഫലമായി മലബാര്‍ സമരം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും വലിയ ഒരധ്യായമായി മാറുകയും രാജ്യം സ്വതന്ത്രമാവുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തില്‍ മലബാര്‍ സമരം പോലെ സ്വാധീനം ചെലുത്തിയ മറ്റൊരു സമരവും നടന്നിട്ടില്ലെന്ന് അധിനിവേശ ശക്തികള്‍ തന്നെ സമ്മതിച്ചിട്ടുള്ളതാണ്.

ആലി മുസ്‌ല്യാര്‍, വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയ സ്വാതന്ത്ര്യ സമര പോരാളികളെപ്പോലെ തന്നെ സ്മരിക്കപ്പെടേണ്ട വ്യക്തിത്വമാണ് ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ല്യാര്‍. പണ്ഡിതനും എഴുത്തുകാരനുമായ ഈ വിപ്ലവകാരി 1876ല്‍ താനൂരില്‍ ജനിച്ചു. പള്ളി ദര്‍സ്സിലൂടെ പഠിച്ചുവളര്‍ന്ന അദ്ദേഹം മലബാര്‍ സമരം ആരംഭിക്കുന്നതിന്റെ മുമ്പെത്തന്നെ ബ്രിട്ടിഷുകാര്‍ തയ്യാറാക്കിയ അത്യന്തം അപകടകാരികളായ പണ്ഡിത•ാരുടെ ലിസ്റ്റില്‍ 13ാം സ്ഥാനത്തായിരുന്നു.

മുസ്‌ലിംകളെ ഒന്നടങ്കം സമരത്തില്‍ ഒരുമിച്ചു നിര്‍ത്തുന്നതില്‍ പരീക്കുട്ടി മുസ്‌ല്യാരുടെ 'മുഹിമ്മാത്തുല്‍ മുഅ്മിനീന്‍' എന്ന കൃതിയുടെ പങ്ക് മനസ്സിലാക്കിയ ആമു സൂപ്രണ്ടിന്റെ റിപോര്‍ട്ട് പ്രകാരം ഈ കൃതിയെ ബ്രിട്ടിഷുകാര്‍ കണ്ടുകെട്ടുകയും അതു കൈയില്‍ വയ്ക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം തടവുശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തു. അദ്ദേഹത്തെ ജീവനോടെയോ അല്ലാതെയോ പിടിച്ചു കൊടുക്കുന്നവര്‍ക്ക് 1000 രൂപ ഇനാം പ്രഖ്യാപിച്ചു. തദ്ഫലമായി അദ്ദേഹം ഒളിവില്‍ താമസിച്ചു പ്രച്ഛന്നവേഷനായി സമരം നടന്ന പ്രദേശങ്ങളില്‍ സഞ്ചരിച്ചു ജനങ്ങള്‍ക്ക് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. സമരം അടിച്ചമര്‍ത്തപ്പെട്ടു. അദ്ദേഹം മക്കയിലേക്കു പോയി. വിശുദ്ധ ഹറമില്‍ മതാധ്യാപകനായും എഴുത്തുകാരനുമായി തുടര്‍ന്നു. 1934ല്‍ മക്കയില്‍ വച്ചു നിര്യാതനായി.

ധര്‍മ സമരങ്ങളിലെ കഷ്ടനഷ്ടങ്ങള്‍ ഭൗതികാര്‍ഥത്തില്‍ മാത്രമാണ്. ഉഹ്ദും ഹുനൈനുമൊക്കെ അതിനു സാക്ഷിയാണ്. അതു നോക്കി വിജയപരാജയം വിലയിരുത്തുന്നത് ഇസ്‌ലാമികമല്ല. അന്തിമ വിജയം സത്യത്തിനു മാത്രമാണ്. അതിനു വേണ്ടി ആത്മസമര്‍പ്പണം നടത്തിയവര്‍ രക്തസാക്ഷികളായ ഭാഗ്യവാ•ാരാണ്. അവര്‍ മുമ്പേ സ്വര്‍ഗസ്ഥരായി സ്വര്‍ഗീയാരാമങ്ങളില്‍ പിന്‍ഗാമികളെ കാത്തിരിക്കും. അര്‍പ്പണബോധത്തിന്റെ ഈ നേര്‍ക്കാഴ്ചകളെ നഷ്ടമായി വിലയിരുത്തുന്നത് കടുത്ത അനീതിയാണ്. കര്‍മപഥത്തെ ധന്യമാക്കിയ മലബാര്‍ സമര ചരിത്രവും വ്യത്യസ്തമല്ല.

Next Story

RELATED STORIES

Share it