Sub Lead

ക്രിസ്ത്യാനിയുടെ മൃതദേഹം ഗ്രാമത്തില്‍ അടക്കം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഒരു വിഭാഗം ഗ്രാമീണര്‍; മൃതദേഹം 25 കിലോമീറ്റര്‍ അകലെയുള്ള സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി

ക്രിസ്ത്യാനിയുടെ മൃതദേഹം ഗ്രാമത്തില്‍ അടക്കം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഒരു വിഭാഗം ഗ്രാമീണര്‍; മൃതദേഹം 25 കിലോമീറ്റര്‍ അകലെയുള്ള സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി
X

റായ്പൂര്‍: ഗ്രാമത്തിലെ പൊതുശ്മശാനത്തില്‍ പിതാവിന്റെ മൃതദേഹം അടക്കം ചെയ്യാന്‍ അനുമതി തേടി ക്രിസ്ത്യന്‍ യുവാവ് നല്‍കിയ ഹരജി ഛത്തീസ്ഗഡ് ഹൈക്കോടതി തള്ളി. പൊതുശ്മശാനത്തില്‍ ക്രിസ്ത്യാനിയുടെ മൃതദേഹം അടക്കം ചെയ്യാനും അന്ത്യകര്‍മങ്ങള്‍ നടത്താനും അനുവദിക്കില്ലെന്ന് ഒരു വിഭാഗം ഗ്രാമീണര്‍ ഭീഷണിമുഴക്കിയതോടെയാണ് രമേശ് ഭാഗെല്‍ എന്ന യുവാവ് പോലിസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഗ്രാമത്തിലെ ക്രമസമാധാന നില തകരാറിലാക്കാനാവില്ലെന്നും രമേശ് ഭാഗെലിന്റ ഗ്രാമത്തില്‍ നിന്ന് ഏകദേശം 20-25 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ഗ്രാമത്തില്‍ ക്രിസ്ത്യന്‍ വിഭാഗക്കാരുടെ സെമിത്തേരിയുണ്ടെന്നും മൃതദേഹം അവിടെ സംസ്‌കരിക്കണമെന്നും ജസ്റ്റിസ് ബിഭു ദത്ത ഗുരു ഉത്തരവിട്ടു.

2025 ജനുവരി ഏഴിനാണ് രമേശ് ഭാഗെലിന്റെ പിതാവ് പ്രായാധിക്യം മൂലം മരിച്ചത്. തുടര്‍ന്ന് ഗ്രാമത്തിലെ പൊതുശ്മശാനത്തില്‍ മൃതദേഹം അടക്കം ചെയ്യാന്‍ കുടുംബവും ബന്ധുക്കളും തീരുമാനിച്ചു. ഇത് അറിഞ്ഞ ഒരു വിഭാഗം ഗ്രാമീണര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു. ഇതോടെ മൃതദേഹവുമായി കുടുംബം വീട്ടിലേക്ക് പോയി. വീട്ടില്‍ കുഴികുത്തി സംസ്‌കരിക്കാനായിരുന്നു തീരുമാനം. എന്നാല്‍, ഇതിനേയും ഒരു വിഭാഗം ഗ്രാമീണര്‍ എതിര്‍ത്തു. ഗ്രാമത്തില്‍ ക്രിസ്ത്യാനിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു നിലപാട്.

ഇവര്‍ കുടുംബത്തെ കൈയ്യേറ്റം ചെയ്യുകയുമുണ്ടായി. ഇതോടെ വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കി. പക്ഷേ, മൃതദേഹം എത്രയും വേഗം ഗ്രാമത്തിന് പുറത്തുകൊണ്ടുപോവണമെന്ന നിലപാടാണ് പോലിസ് സ്വീകരിച്ചത്. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചാല്‍ കേസെടുക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് രമേശ് ഭാഗെല്‍ ഹൈക്കോടതിയെ സമീപിച്ചത്.

രമേശ് ഭാഗെലിന്റെ ഗ്രാമമായ ചിന്ദന്‍വാദയില്‍ ക്രിസ്ത്യാനികള്‍ക്ക് പ്രത്യേകം ശ്മശാനം ഇല്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ ഡെപ്യൂട്ടി അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ചിന്ദന്‍വാദയില്‍ നിന്നും 20-25 കിലോമീറ്റര്‍ അകലെയുള്ള കര്‍കപാല്‍ ഗ്രാമത്തില്‍ ക്രിസ്ത്യാനികളുടെ സെമിത്തേരിയുണ്ടെന്നും അവിടെ അടക്കം ചെയ്യാന്‍ സൗകര്യമൊരുക്കാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ഒരാള്‍ മരിച്ചാല്‍, വീട്ടുകാര്‍ ആവശ്യപ്പെടുകയാണെങ്കില്‍, 24 മണിക്കൂറിനുള്ളില്‍ മൃതദേഹം സംസ്‌കരിക്കാന്‍ വേണ്ട സൗകര്യം ഒരുക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്ന് വാദം കേട്ട കോടതി പറഞ്ഞു. ''അംഗീകാരമില്ലാത്ത സ്ഥലങ്ങളില്‍ മൃതദേഹം സംസ്‌കരിക്കരുതെന്ന് തമിഴ്‌നാട്ടിലെ ഒരു കേസില്‍ സുപ്രിംകോടതി വിധിച്ചിട്ടുണ്ട്. അതിനാല്‍ ഹരജിക്കാരന്റെ പിതാവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കാനാവില്ല. ഗ്രാമത്തിലെ ക്രമസമാധാനവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനാല്‍, മൃതദേഹം 20-25 കിലോമീറ്റര്‍ അകലെയുള്ള സെമിത്തേരിയില്‍ സംസ്‌കരിക്കണം''-കോടതി പറഞ്ഞു.

Next Story

RELATED STORIES

Share it