Latest News

ആര്‍എസ്എസ്സുകാര്‍ അടിയന്തരാവസ്ഥയുടെ ഇരകളല്ല, മാപ്പപേക്ഷ നല്‍കി തടികഴിച്ചിലാക്കിയ ഒറ്റുകാര്‍; തെളിവുകള്‍ സംസാരിക്കുന്നു

ആര്‍എസ്എസ്സുകാര്‍ അടിയന്തരാവസ്ഥയുടെ ഇരകളല്ല, മാപ്പപേക്ഷ നല്‍കി തടികഴിച്ചിലാക്കിയ ഒറ്റുകാര്‍; തെളിവുകള്‍ സംസാരിക്കുന്നു
X

ആര്‍എസ്എസ്സുകാര്‍ അടിയന്തരാവസ്ഥയുടെ ഇരകളാണെന്നാണ് വെപ്പ്. അവര്‍ അങ്ങനെ നടിക്കാറുണ്ട്. പലരും അത് അംഗീകരിക്കാറുമുണ്ട്. നിരവധി ആര്‍എസ്എസ്സുകാര്‍ ചെറിയ കാലത്തേക്കാണെങ്കില്‍ പോലും അക്കാലത്ത് ജയിലിലുണ്ടായിരുന്നതുകൊണ്ട് ആ അവകാശവാദങ്ങള്‍ ആരും എതിര്‍ക്കുക പതിവില്ല. എന്നാല്‍ പാടിപ്പതിഞ്ഞ ആ സിദ്ധാന്തം എത്രമാത്രം അബദ്ധമാണെന്ന് തെളിവു സഹിതം പുറത്തുകൊണ്ടുവരികയാണ് എഴുത്തുകാരനും ചരിത്രകാരനുമായ പ്രഫ. ഷംസുള്‍ ഇസ് ലാം.

അടിയന്തരാവസ്ഥക്കാലത്ത് രാജ്യത്തെ നിരവധി പേര്‍ ജയിലിലടക്കപ്പെട്ടു. അതില്‍ പ്രാദേശിക ഗുണ്ടകള്‍ മുതല്‍ ബുദ്ധിജീവികളായ യുവാക്കളും 70-80 വയസ്സു പ്രായമുള്ള രോഗബാധിതരും ഉല്‍പ്പെട്ടിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ വലിയൊരു ഭാഗം പെണ്‍കുട്ടികളായിരുന്നു. കോളജ് വിദ്യാര്‍ത്ഥികളും കവികളും കലാകാരന്മാരും അതില്‍ ഉള്‍പ്പെട്ടിരുന്നു. അവര്‍ക്കൊപ്പം കുറച്ചുകാലത്തേക്ക് ആര്‍എസ്എസ്സുകാരും ജയിലിലടക്കപ്പെട്ടു. ഈ തെളിവുകള്‍ ചൂണ്ടിക്കാട്ടി അവര്‍ പറയുന്നത് തങ്ങള്‍ കറകളഞ്ഞ ജനാധിപത്യവാദികളാണെന്നാണ്. അതുകൊണ്ടാണ് ഇന്ദിരക്കെതിരേ നിലപാടെടുത്ത് തങ്ങള്‍ ജയിലില്‍ പോയതെന്നും അവര്‍ വാദിക്കുന്നു. അടിയന്തരാവസ്ഥക്കെതിരേ പോരാടിയ ജനാധിപത്യവാദികളാണെന്ന ആര്‍എസ്എസ്സിന്റെ വാദം എത്രമാത്രം ശരിയാണ്? അതിനെന്തെങ്കിലും തെളിവുണ്ടോ? ഇല്ലെന്നാണ് യാഥാര്‍ത്ഥ്യം. മറിച്ചുള്ള തെളിവുകളുണ്ട്താനും.

അടിയന്തരാവസ്ഥക്കാലത്ത് മറ്റ് പലര്‍ക്കുമൊപ്പം ആര്‍എസ്എസ്സുകാരെയും ജയിലിലടക്കുകയുണ്ടായി എന്നത് നേരാണ്. പ്രവര്‍ത്തകര്‍ക്കൊപ്പം നേതാക്കളും ജയിലിലായി. മൂന്നാമത്തെ ആര്‍എസ്എസ് മേധാവിയായ മധുകര്‍ ദത്താത്രേയ ദേവറസിനെ യെര്‍വാദ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്.

1975 ആഗസ്റ്റ് 22ന് അതായത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട് രണ്ട് മാസത്തിനുളളില്‍ ദേവരസ് മാപ്പപേക്ഷിച്ചുകൊണ്ട് ഇന്ദിരാഗാന്ധിയ്ക്ക് തന്റെ ആദ്യ കത്തയച്ചു. ഇന്ദിരയെ പ്രകീര്‍ത്തിച്ചുകൊണ്ട് തുടങ്ങിയ കത്തില്‍, അവര്‍ ചുവപ്പ് കോട്ടയില്‍ വച്ച് ആഗസ്റ്റ് 15ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം ജയിലില്‍ വച്ച് താന്‍ കേട്ടിരുന്നെന്നും അത് സമയോചിതവും സമതുലിതവുമായിരുന്നെന്നും അതുകൊണ്ടാണ് ഇത്തരമൊരു കത്ത് എഴുതാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം എഴുതി.

ഇന്ദിര ആ കത്തിന് മറുപടി നല്‍കിയില്ല.

തുടര്‍ന്ന് 1975 നവംബര്‍ 10ന് രണ്ടാമതൊരു കത്തുകൂടെ ദേവരസ് എഴുതി. അതില്‍ ഇന്ദിരയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രിംകോടതി തള്ളിയതില്‍ സന്തോഷം പ്രകടിപ്പിക്കുകയും പരമ്മോന്നത കോടതിയിലെ അഞ്ച് ജഡ്ജിമാരും തിരഞ്ഞെടുപ്പ് ഭരണഘടനാപരമാണെന്ന് വിധിച്ചതില്‍ ഇന്ദിരയെ അനുമോദിക്കുന്നുവെന്നും എഴുതി.

പ്രസ്തുത വിധിന്യായം കേന്ദ്ര സര്‍ക്കാര്‍ മറ്റു വഴിയിലൂടെ നേടിയെടുത്തതാണെന്ന് പ്രതിപക്ഷ കക്ഷികള്‍ വാദിച്ചുകൊണ്ടിരുന്ന സമയത്താണ് ആര്‍എസ്എസ്സ് ഈ നിലപാടിലേക്ക് ചാഞ്ഞത്. ആര്‍എസ്എസ്സിന് ജയപ്രകാശ് നാരായണന്റെ പ്രസ്ഥാനവുമായോ ബീഹാര്‍, ഗുജറാത്ത് പ്രസ്ഥാനങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്നും എല്ലാം സര്‍ക്കാര്‍ ആരോപിക്കുന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഈ കത്തിനും ഇന്ദിര മറുപടി എഴുതിയില്ല.

ജനുവരി 12, 1976ന് ഭൂദാനപ്രസ്ഥാനത്തിന്റെ നേതാവായ വിനോബയ്ക്കും സമാനമായ ഒരു കത്ത് അദ്ദേഹം എഴുതി. ഇന്ദിരാഗാന്ധിയുമായും ആര്‍എസ്എസ്സുമായും നല്ല ബന്ധത്തിലുള്ള നേതാവായിരുന്നു വിനോബ ഭാവെ. അതുകൊണ്ടുതന്നെയാണ് തങ്ങളുടെ ആവശ്യം അദ്ദേഹത്തെ അറിയിക്കാന്‍ ദേവരസ് തീരുമാനിച്ചത്. അദ്ദേഹത്തിനെഴുതിയ കത്തിലും നിരോധനം നീക്കുന്നതടക്കം പല ആവശ്യങ്ങളും അദ്ദേഹം ആവര്‍ത്തിച്ചു.

വിനോബയും ഈ കത്തിന് മറുപടി എഴുതിയില്ല.

ജനുവരി 24ന് വിനോബയുടെ ആശ്രമത്തില്‍ ഇന്ദിര സന്ദര്‍ശനം നടത്തുന്നതായി ദേവരസ് പത്രത്തിലൂടെ അറിഞ്ഞു. ഈ സമയം കണക്കാക്കി മറ്റൊരു കത്തുകൂടി അദ്ദേഹം വിനോബയ്‌ക്കെഴുതി. ആര്‍എസ്സ്എസ്സിന്റെ നിരോധനം നീക്കാനും പ്രവര്‍ത്തകരെ ജയില്‍ മോചിതരാക്കാനും ആശ്രമസന്ദര്‍ശന സമയത്ത് ആവശ്യപ്പെടണമെന്നായിരുന്നു കത്തിന്റെ സാരം. തുടര്‍ന്നുള്ള കാലങ്ങളില്‍ ഇന്ദിരയുടെ നേതൃത്വത്തില്‍ നടക്കുന്ന രാഷ്ട്ര നിര്‍മാണ പ്രവര്‍ത്തനങ്ങളെ തങ്ങളും പിന്തുണക്കുമെന്ന് അദ്ദേഹം വിനോബയ്ക്ക് ഉറപ്പുനല്‍കി. എല്ലാ കത്തുകളും ഹി്ന്ദിയിലാണ് എഴുതിയിരുന്നത്.

2016ല്‍ മരിച്ച ആര്‍എസ്എസ്സിന്റെ മുതിര്‍ന്ന നേതാവായ ബല്‍രാജ് മഥോക്ക് തന്റെ ആത്മകഥയില്‍ ഈ കത്തിന്റെ വിവരങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. അദ്ദേഹം എഴുതുന്നു: ''ആര്‍എസ്എസ്സിനോടുളള മനോഭാവം ഇന്ദിര തിരുത്തണമെന്നും നിരോധനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് 1975 ആഗസ്റ്റ് 22 നും 1975 നവംബര്‍ 10ലും ദേവരസ് ജയിലില്‍ നിന്ന് ഓരോ കത്തുകള്‍ എഴുതി. കൂടാതെ സംഘപരിവാറിനോടുള്ള മനോഭാവം മാറ്റാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അദ്ദേഹം വിനോബ ഭാവെക്കും കത്തെഴുതി.'' ഇത്രയും ചരിത്രം.

2018ല്‍ ആര്‍എസ്എസ്സിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരുടെ ഗ്രാജ്വേഷന്‍ പരിപാടിയിലേക്ക് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്ത് മുഖ്യഅതിഥിയായി ക്ഷണിച്ചത് മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയെയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളില്‍ നേരിട്ട് പങ്കുവഹിച്ച ആളാണ് പ്രണാബ് എന്ന് അറിയാത്ത ആളല്ല, മോഹന്‍ ഭാഗവത്ത്. എന്നിട്ടും അദ്ദേഹത്തെ ക്ഷണിക്കാന്‍ തീരുമാനിച്ചത് ഇന്ദിരയും ആര്‍എസ്സ്എസ്സും തമ്മില്‍ അക്കാലത്ത് സജീവമായിരുന്ന അന്തര്‍ധാരയുടെ ഭാഗമായാണെന്ന് മാത്രമേ കരുതാനാവൂ.

വസ്തുതകള്‍ ഇതായിരിക്കെയാണ് ആയിരക്കണക്കിനു ആര്‍എസ്എസ്സുകാര്‍ക്ക് അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്നവര്‍ക്കുള്ള വ്യക്തിഗത പെന്‍ഷനും കുടുംബ പെന്‍ഷനും നല്‍കുന്നതെന്ന തമാശ കൂടി ഇന്ത്യയില്‍ നടക്കുന്നുണ്ട്.

രണ്ട് മാസത്തിനു താഴെ ജയിലില്‍ കിടന്നവര്‍ക്ക് 20,000 രൂപവച്ചും ഒരു മാസത്തില്‍ താഴെ കിടന്നവര്‍ക്ക് 10,000 രൂപവച്ചുമാണ് ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ പെണ്‍ഷന്‍ നല്‍കുന്നത്. ഒന്നോ രണ്ടോ മാസം ജയിലില്‍ കിടന്ന ദയാഹരജികള്‍ സര്‍ക്കാരിലേക്കയച്ച് രക്ഷപ്പെട്ട ആര്‍എസ്എസ്സുകാര്‍ക്കാണ് ഇങ്ങനെ പെന്‍ഷന്‍ ലഭിക്കുന്നതെന്നോര്‍ക്കണം. അത്തരക്കാര്‍ക്കും അത് ലഭിക്കുന്നതിനുവേണ്ടിയാണ് ഗുണഭോക്താക്കള്‍ അടിയന്തരാവസ്ഥക്കാലം മുഴുവന്‍ ജയിലില്‍ കഴിയണമെന്ന നിബന്ധന പെന്‍ഷന്‍ കാര്യത്തില്‍ വേണ്ടെന്ന് ആ സര്‍ക്കാരുകള്‍ തീരുമാനിച്ചത്. അതുവഴി അവര്‍ക്ക് പെന്‍ഷന്‍ മാത്രമല്ല, ജനാധിപത്യവാദികളെന്ന പദവിയും ലഭിച്ചു. അതും ഒരു നഷ്ടവുമില്ലാതെ. നക്‌സലുകളെന്നും കമ്യൂണിസ്റ്റുകളെന്നും പറഞ്ഞ് നൂറുകണക്കിനു പേരെ ഇന്ദിര കൊന്നുകളഞ്ഞപ്പോള്‍ ഇവര്‍ക്ക് പ്രത്യേകിച്ച് നഷ്ടമൊന്നും വരാതിരുന്നതിനു പിന്നില്‍ ഈ മാപ്പപേക്ഷകളുണ്ട്. തെളിവുകള്‍ വരാനിരിക്കുന്നേയുള്ളൂ.

ബ്രിട്ടീഷ് ഭരണ കാലത്ത് ഒരൊറ്റ ആര്‍എസ്എസ്സുകാരന്‍ പോലും ജയിലില്‍ കഴിഞ്ഞിരുന്നില്ലെന്ന് നാം ഇതുമായി ചേര്‍ത്ത് വായിക്കണം. എന്നിട്ടും അവരാണ് ഇന്ന് ഇന്ത്യയിലെ ദേശാഭിമാനികള്‍. ബ്രിട്ടീഷ് അധികാരികളോട് മാപ്പുപറഞ്ഞ സവര്‍ക്കരുടെ ഉത്തമ ശിഷ്യര്‍ തന്നെ അവര്‍.

Next Story

RELATED STORIES

Share it