Latest News

കശ്മീരിനെ സ്വതന്ത്ര ഹിന്ദു രാജ്യമാക്കാന്‍ ശ്രമിച്ച രാജാ ഹരിസിംഗിന്റെ കഥ

കശ്മീരിനെ സ്വതന്ത്ര ഹിന്ദു രാജ്യമാക്കാന്‍ ശ്രമിച്ച രാജാ ഹരിസിംഗിന്റെ കഥ
X

പ്രഫ. പി കോയ

ജമ്മു ഭരിച്ചിരുന്ന ഗുലാബ് സിംഗിന് ബ്രിട്ടീഷുകാര്‍ തങ്ങളുടേതല്ലാത്ത കശ്മീര്‍ 75 ലക്ഷം രൂപക്ക് വിറ്റതാണ് താഴ്‌വരയില്‍ പ്രശ്‌നങ്ങളുടെ മൂലകാരണമെന്ന് പലരും കരുതുന്നു. ദോഗ്ര വംശജനായ, ഹിന്ദുവായിരുന്ന ഗുലാബ്‌സിംഗ് ഒരു റിയല്‍എസ്‌റ്റേറ്റ് പോലെ താഴ്‌വരയെ കണക്കാക്കിയതില്‍ ആശ്ചര്യപ്പെടാനില്ല. ഒരു മാടമ്പി ഭരണമായിരുന്നു തുടര്‍ന്ന് കശ്മീരില്‍ കണ്ടത്. ഗുലാബ് സിംഗിന്റെ പ്രപൗത്രനായ രാജാ ഹരിസിംഗിന്റെ കാലമായതോടെ പ്രശ്‌നങ്ങളുണ്ടാവാന്‍ തുടങ്ങി. ഇപ്പോള്‍ പലരും ഹിന്ദുത്വ ദേവഗണങ്ങളില്‍ ചേര്‍ക്കുമെങ്കിലും കശ്മീര്‍ ഒരു സ്വതന്ത്ര്യഹിന്ദുരാഷ്ട്രമാക്കാനാണ് രാജാഹരിസിംഗ് ശ്രമിച്ചതെന്ന് വരികള്‍ക്കിടയില്‍ വായിച്ചെടുക്കാനാവും. രാജാവിന്റെ പത്‌നിയും പ്രധാന ഉപദേശിയും കശ്മീരിനെ ഇന്ത്യയോടു ചേര്‍ക്കാനാണ് നീക്കങ്ങള്‍ നടത്തിയത്. രാജാവ് തീരുമാനമെടുക്കാന്‍ കഴിയാതെ ഒരു ജ്യോതിഷിയെ സമീപിച്ചെന്നും ജ്യോതിഷി രാശി വെച്ചു നോക്കി സ്വാതന്ത്ര്യത്തെ അനുകൂലിച്ചുവെന്നുമൊരു കഥയുണ്ട്. ഏതായാലും രാജാവ് പാകിസ്ഥാനോട് ചേരുന്നതാണ് നല്ലതെന്നുപദേശിച്ച തന്റെ പ്രധാനമന്ത്രിയെയും സൈന്യത്തിലും പോലിസിലുമുള്ള ബ്രിട്ടീഷുദ്യോഗസ്ഥരെയും പിരിച്ചുവിട്ടു.

വംശശുദ്ധീകരണം

1947 സപ്തംബര്‍ തൊട്ട് രാജാവിന്റെ നിയന്ത്രണത്തിലുള്ള ദോഗ്ര പോലിസ് വംശശുദ്ധീകരണ പദ്ധതികള്‍ ആവിഷ്‌കരിച്ചതായി കാണുന്നു. അതിനു ഗോള്‍വാള്‍ക്കറുടെ നിര്‍ദേശമനുസരിച്ചു ജമ്മുവിലുള്ള സംഘികള്‍ സഹായം നല്‍കി. പുഞ്ച്, ജമ്മുവിലെ തെക്കന്‍ മേഖല എന്നിവിടങ്ങളില്‍ നിന്ന് മുസ്‌ലിംകളെ ആട്ടിപ്പായിച്ചു അതൊരു സംരക്ഷിത ഹിന്ദു മേഖലയാക്കാനാണ് ഹരിസിംഗ് ശ്രമിച്ചത്. ഏതാണ്ട് അഞ്ചു ലക്ഷം മുസ്‌ലിംകള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. രണ്ടു ലക്ഷം പേര്‍ കൊല്ലപ്പെടുകയോ പകര്‍ച്ചവ്യാധിയോ തണുപ്പോ കാരണം മരിക്കുകയോ ചെയ്തുവെന്നാണ് അന്ന് സ്‌റ്റേറ്റ്‌സ്മന്‍ പത്രത്തിന്റെ എഡിറ്ററായിരുന്ന അയന്‍ സ്റ്റീഫന്‍സ് രേഖപ്പെടുത്തുന്നത്. ബര്‍ത്ത് ഓഫ് എ ട്രാജഡി എന്ന കൃതി രചിച്ച അലസ്റ്റയര്‍ ലാംപും അത് ശരിവെക്കുന്നു. കശ്മീരിനും പാകിസ്ഥാനുമിടയില്‍ മൂന്നു നാഴിക വീതിയുള്ള ഒരു ജനരഹിത മേഖല ഉണ്ടാക്കുകയായിരുന്നു ഹരിസിംഗിന്റെ ലക്ഷ്യം. ദോഗ്ര കൊലയാളികള്‍ക്ക് ഇന്ത്യ രഹസ്യമായി ആയുധങ്ങള്‍ വിതരണം ചെയ്തിരിക്കാമെന്നു ഡെയ്ഞ്ചര്‍ ഇന്‍ കശ്മീര്‍ എന്ന പുസ്തകമെഴുതിയ ജോസഫ് കോര്‍ബര്‍ സൂചിപ്പിക്കുന്നു. അന്നു ലാഹോറിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മഷീണറായിരുന്ന സി.ബി. ഡ്യൂക്ക് ചീനാബ് നദീ താഴ്‌വരയിലുള്ള 20 മുസ്‌ലിം ഗ്രാമങ്ങള്‍ തീവെച്ചു നശിപ്പിച്ച കാര്യം റിപോര്‍ട്ടു ചെയ്യുന്നുണ്ട്. സിയാല്‍കോട്ടിലെ ഗോത്രങ്ങള്‍ക്കിടയില്‍ അഭയം പ്രാപിച്ച കശ്മീരികളെ കണ്ടു കുപിതരായിട്ടാണ് പത്താന്‍കാര്‍ കശ്മീരിലേക്ക് കടന്നതെന്ന് ഡ്യൂക്കിന്റെ രേഖകളില്‍ കാണുന്നു.

വലിയ പ്രകോപനം

ഒക്ടോബര്‍ 20ന് ഹരിസിംഗിന്റെ ഭടന്‍മാര്‍ അതിര്‍ത്തി കടന്ന് ഗ്രനേഡുകളും മോര്‍ട്ടാറുമുപയോഗിച്ചു നാലു വില്ലേജുകള്‍ ആക്രമിച്ചപ്പോള്‍ 2000 ത്തോളം പേര്‍ കൊല്ലപ്പെട്ടു. അത് വലിയ പ്രകോപനമായിരുന്നു. പ്രതികാരം ചെയ്യാന്‍ പോരാളികള്‍ ശ്രീനഗര്‍ വരെ എത്തിയപ്പോഴാണ് ഹരിസിംഗ് ഇന്ത്യയുടെ സഹായം തേടിയതെന്നും അല്ലെന്നുമുള്ള വ്യാഖ്യാനങ്ങള്‍ കാണുന്നു. ആഭ്യന്തരമന്ത്രി പട്ടേലിന്റെ സമ്മര്‍ദ്ദം മൂലമാണ് ഹരിസിംഗ് സംയോജനക്കരാറിലൊപ്പുവെച്ചതെന്നും എന്നാല്‍ അതിനു മുമ്പു തന്നെ ഇന്ത്യന്‍ സൈന്യം താഴ്‌വരയിലെത്തിയെന്നുമുള്ള ആഖ്യാനങ്ങള്‍ കാണാം. അങ്ങിനെയൊരു കരാറില്ലെന്നുമുള്ള വാദം പുറമെ. ഏതായാലും ഇന്ത്യാ ഗവണ്‍മെന്റിന്റെ ഔദ്യോഗിക രേഖകളുടെ ശേഖരത്തില്‍ അങ്ങിനെയൊന്നു കാണാനില്ലെന്നു കശ്മീര്‍ ഇന്‍ ദ ക്രോസ്ഫയറിന്റെ ഗ്രന്ഥകാരി വിക്ടോറിയ ഷോഫീല്‍ഡ് സൂചിപ്പിക്കുന്നു.

ചരിത്രം മേല്‍ക്കോയ്മ സ്ഥാപിക്കുന്നവര്‍ രചിക്കുന്നതായതിനാല്‍ ഒരിക്കലും ഇതിന്നൊരു തീര്‍പ്പുണ്ടായെന്ന് വരില്ല. ഇന്ത്യാ-പാകിസ്ഥാന്‍ അതിര്‍ത്തി നിര്‍ണയത്തിനു നിയോഗിക്കപ്പെട്ട സര്‍ സിറില്‍ റാഡ്ക്ലിഫ് അതു സംബന്ധിച്ച സകല രേഖകളും നശിപ്പിച്ചത് ഒന്നും കാണാതെയായിരിക്കില്ല.

കശ്മീര്‍ സംയോജനം സംബന്ധിച്ചു അന്ന് ഗവര്‍ണര്‍ ജനറലായിരുന്ന മൗണ്ട്ബാറ്റണു വേണ്ടത്ര അറിവുണ്ടായിരുന്നില്ലെന്ന് ചരിത്രകാരിയായ അലക്‌സ് ഫോണ്‍ ടണ്‍സല്‍മന്‍ കരുതുന്നു. കശ്മീരില്‍ ഇന്ത്യന്‍ സൈന്യം ഇറങ്ങിയതിനുശേഷമാണത്രെ അദ്ദേഹം വിവരമറിഞ്ഞത്. മൗണ്ടുബാറ്റണും നെഹ്‌റുവും ഓരേപോലെ മുഹമ്മദലി ജിന്നയെ വെറുത്തിരുന്നതിനാല്‍ പലപ്പോഴും ഗവര്‍ണര്‍ ജനറല്‍ നെഹ്‌റുവിന്റെ ഭാഗം ചേര്‍ന്നു. നെഹ്‌റുവും ലേഡി മൗണ്ട് ബാറ്റണ്‍ എഡ്‌വിനയും തമ്മിലുള്ള പ്രണയം അന്നത്തെ രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് സഹായകമായിട്ടുണ്ടാവാം. കശ്മീരിലെ ഇന്ത്യന്‍ സൈനിക നടപടികളെപ്പറ്റി അറിഞ്ഞു കുപിതനായ ജിന്ന പാകിസ്ഥാന്‍ സൈന്യത്തോട് ഇടപെടാന്‍ നിര്‍ദ്ദേശിച്ചുവെങ്കിലും അന്ന് പാക്ക് പട്ടാള മേധാവിയായ ക്ലോഡ് ആച്ചിന്‍ലക്ക് അതവഗണിക്കുകയായിരുന്നു. അത്തരമൊരു നീക്കത്തിന്നാവശ്യമായ വെടിക്കോപ്പുകളൊന്നും അന്ന് പാക്ക് സൈന്യത്തിന്നുണ്ടായിരുന്നില്ല എന്നതായിരിക്കാം ആ തീരുമാനത്തിന്നു പിന്നില്‍.

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും വികാരങ്ങളും ഉപഭൂഖണ്ഡത്തിന്റെ ഗതി നിശ്ചയിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചതിന്റെ സൂചനകള്‍ വിഭജനത്തില്‍ മുഴച്ചു നില്‍ക്കുന്നു. എത്രപേര്‍ കൊല്ലപ്പെട്ടു, വഴിയാധാരമായി എന്നൊന്നും ഇനിയും കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ലാത്ത ഒരു മഹാദുരന്തത്തിന്റെ യഥാര്‍ത്ഥ ചരിത്രം രചിക്കുന്നതിനു ചരിത്രകാരന്‍മാര്‍ മുതിരാതിരിക്കുന്നത് അതുകൊണ്ടായിരിക്കാം.

Next Story

RELATED STORIES

Share it