Latest News

കരൂപ്പടന്ന പോലിസ് സ്‌റ്റേഷനായുള്ള കാത്തിരിപ്പ് നീളുന്നു

കരൂപ്പടന്ന പോലിസ് സ്‌റ്റേഷനായുള്ള കാത്തിരിപ്പ് നീളുന്നു
X

മാളഃ കരൂപ്പടന്ന കേന്ദ്രീകരിച്ച് പുതിയ പോലിസ് സ്‌റ്റേഷനായുള്ള പ്രദേശവാസികളുടെ കാത്തിരിപ്പ് നീളുന്നു. വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കരൂപ്പടന്ന കേന്ദ്രീകരിച്ച് പുതിയ പോലിസ് സ്‌റ്റേഷന്‍ ആരംഭിക്കണമെന്ന ആവശ്യത്തിന് കഴിഞ്ഞ ബഡ്ജറ്റുകളില്‍ സ്ഥാനം പിടിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. നിലവില്‍ 13 വില്ലേജുകളും ഇരിങ്ങാലക്കുട നഗരസഭയും വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തും വേളൂക്കര, മുരിയാട് ഗ്രാമപഞ്ചായത്തുകളുടെ ഭൂരിഭാഗം പ്രദേശങ്ങളും ഉള്‍പ്പെട്ട വിശാലമായ പ്രദേശം ഉള്‍ക്കൊള്ളുന്നതാണ് ഇരിങ്ങാലക്കുട പോലിസ് സ്‌റ്റേഷന്‍ പരിധി.

കാട്ടുങ്ങച്ചിറയിലുള്ള പോലിസ് സ്‌റ്റേഷനില്‍ നിന്നും തെക്കേ അതിര്‍ത്തിയായ കരൂപ്പടന്ന പാലം ഭാഗത്തേക്ക് 13 കിലോമീറ്റര്‍ ദൂരമുണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍ ഇവിടേക്ക് പോലിസിന് എത്തിച്ചേരുക എളുപ്പമല്ല. നേരത്തെ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കോണത്തുകുന്ന് മനക്കലപ്പടിയില്‍ പോലിസ് സ്‌റ്റേഷനായി വാടകവീട്ടില്‍ ലോക്കപ്പ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയെങ്കിലും പിന്നീട് അതില്ലാതായി.

മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടിട്ടുള്ള വെള്ളാങ്കല്ലൂരിലെ കരൂപ്പടന്ന പഴയ മാര്‍ക്കറ്റ് പ്രദേശത്ത് ബ്രിട്ടീഷ് ഭരണകാലത്ത് പോലിസ് ഔട്ട്‌പോസ്റ്റും ക്വാര്‍ട്ടേഴ്‌സുകളും നിലനിന്നിരുന്ന അന്‍പത് സെന്റോളം വരുന്ന സ്ഥലം ഉപയോഗപ്പെടുത്തി കെട്ടിടം നിര്‍മിച്ച് കരൂപ്പടന്ന കേന്ദ്രമാക്കി പുതിയ പോലിസ് സ്‌റ്റേഷന്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.പ്രദേശത്തിന്റെ ദീര്‍ഘകാലത്തെ ഈ ജനകീയ ആവശ്യം പരിഗണിച്ച് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് പി കെ എം അഷ്‌റഫ് അധികൃതരോട് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it