Latest News

തെറ്റു ചെയ്യാത്തതിനാല്‍ കുറ്റബോധമില്ല; വിസ്മയ കേസ് പ്രതി കിരണ്‍കുമാര്‍

ഒരു വര്‍ഷം നീണ്ട കേസന്വേഷണത്തില്‍ ഒരിക്കല്‍ പോലും കുറ്റബോധം തോന്നാത്ത പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു

തെറ്റു ചെയ്യാത്തതിനാല്‍ കുറ്റബോധമില്ല; വിസ്മയ കേസ് പ്രതി കിരണ്‍കുമാര്‍
X

കൊല്ലം: വിസ്മയയുടെ മരണത്തില്‍ കുറ്റബോധമില്ലെന്ന് കേസിലെ പ്രതി കിരണ്‍ കുമാര്‍. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ശിക്ഷാ വിധി സംബന്ധിച്ച വാദത്തിനിടെ ജഡ്ജിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കിരണ്‍. തെറ്റൊന്നും ചെയ്യാത്തിനാലാണ് കുറ്റബോധമില്ലാത്തതെന്ന് കിരണിന്റെ അഭിഭാഷകന്‍ പിന്നീട് വ്യക്തമാക്കി. ഒരു വര്‍ഷം നീണ്ട കേസന്വേഷണത്തില്‍ ഒരിക്കല്‍ പോലും കുറ്റബോധം തോന്നാത്ത പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍, കിരണ്‍കുമാര്‍ കുറ്റം നിഷേധിച്ചു. തന്റെ പ്രായകുറവ് കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് വേണമെന്നും പ്രതി കോടതിയില്‍ ആവശ്യപ്പെട്ടു.

താന്‍ തെറ്റ് ചെയ്തിട്ടില്ല. വിസ്മയയുടേത് ആത്മഹത്യയാണെന്നും കിരണ്‍ കോടതിയില്‍ പറഞ്ഞു. വിധി പ്രസ്താവിക്കുന്നതിന് മുമ്പ് പ്രതിയോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോഴാണ് കിരണ്‍കുമാര്‍ ഇക്കാര്യം പറഞ്ഞത്. താന്‍ കുറ്റം ചെയ്തിട്ടില്ല, നിരപരാധിയാണ്. അച്ഛന് സുഖമില്ല. കുടുംബത്തിന്റെ ചുമതല തനിക്കാണെന്നും കിരണ്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പ്രതിയോട് അനുകമ്പ പാടില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. വിധി സമൂഹത്തിനുള്ള സന്ദേശമായിരിക്കണം. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആത്മഹത്യ കൊലപാതകമായി കാണാമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

വിസ്മയ കേസില്‍ കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. 304 (ബി) വകുപ്പ് പ്രകാരമാണ് ശിക്ഷ. 12.55 ലക്ഷം രൂപ പിഴയുമടക്കണം. കിരണിനെതിരെ ചുമത്തിയവയില്‍ ഗുരുതര വകുപ്പുകളിലെല്ലാം ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സ്ത്രീധന പീഡനം മൂലമുള്ള മരണം 304 (ബി), സ്ത്രീധന പീഡനം (498 എ), ആത്മഹത്യാ പ്രേരണ (306) എന്നീ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി. ഈ വകുപ്പുകളെല്ലാം കൂടി 18 വര്‍ഷത്തെ ശിക്ഷയ്ക്കുള്ള കുറ്റമാണിത്. എന്നാല്‍ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും പരമാവധി ശിക്ഷയായി 10 വര്‍ഷത്തേക്ക് തടവ് ശിക്ഷ വിധിക്കുകയുമായിരുന്നു.

കരുന്നാഗപ്പള്ളി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍ കുമാര്‍. കേസില്‍ പ്രതിയായതോടെ സര്‍വീസില്‍ നിന്ന് കിരണിനെ സര്‍ക്കാര്‍ പിരിച്ച് വിട്ടു.

Next Story

RELATED STORIES

Share it