Latest News

തിരുവല്ലം കസ്റ്റഡി മരണം;പോലിസ് ഇരുട്ടില്‍ തപ്പുന്നു:വി ഡി സതീശന്‍

തെറ്റു ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കുകയാണ് വേണ്ടത്. പോലിസിന് ശിക്ഷിക്കാനുള്ള അധികാരം ആരും നല്‍കിയിട്ടില്ല

തിരുവല്ലം കസ്റ്റഡി മരണം;പോലിസ് ഇരുട്ടില്‍ തപ്പുന്നു:വി ഡി സതീശന്‍
X
കണ്ണൂര്‍:തിരുവല്ലം കസ്റ്റഡി മരണത്തില്‍ പ്രാഥമിക നടപടിക്രമങ്ങള്‍ പോലും പാലിക്കാതെ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മരണങ്ങള്‍ ഉണ്ടായാല്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്.കസ്റ്റഡി മരണങ്ങള്‍ ഒരിക്കലും അനുവദിക്കാനാകില്ലെന്നും സതീശന്‍ വ്യക്തമാക്കി.

തെറ്റു ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കുകയാണ് വേണ്ടത്. പോലിസിന് ശിക്ഷിക്കാനുള്ള അധികാരം ആരും നല്‍കിയിട്ടില്ല. കസ്റ്റഡി മരണമാണെന്ന സൂചനയാണ് ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ലഭിക്കുന്നത്.കസ്റ്റഡിയില്‍ ഇരിക്കെയുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്ന് യുവാവ് മരിച്ചെന്നാണ് പോലിസ് വിശദീകരണം.എന്നാല്‍ ലോക്കപ്പ് മര്‍ദ്ദനമുണ്ടായെന്ന് ബന്ധുക്കളും ദൃക്‌സാക്ഷികളും പറയുന്നു. അതിനനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പാലിക്കണംമെന്നും സതീശന്‍ പറഞ്ഞു.

ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് ചില എംപിമാര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. അതുകൂടി പരിശോധിച്ച് വേണ്ടരീതിയില്‍ നടപടിയെടുക്കണമെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരെ വിശ്വാസത്തിലെടുത്ത് എല്ലാവര്‍ക്കും തൃപ്തിവരുന്ന രീതിയില്‍ പുനസംഘടന പൂര്‍ത്തിയാക്കും. നിയമസഭാ കക്ഷി നേതാവെന്ന നിലയില്‍ ഇതിന് എല്ലാ പിന്തുണയും നല്‍കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് എല്ലാവരെയും വിശ്വാസത്തിലെടുക്കും. സംഘടനാ സംവിധാനം വേണ്ടരീതിയില്‍ ചലിക്കാത്തതാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു. ജംബോ കമ്മിറ്റികളായിരുന്നു ഇതിനു കാരണം. ഇതേത്തുടര്‍ന്നാണ് ഭാരവാഹികളുടെ എണ്ണം കുറയ്ക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ആ നിര്‍ദ്ദേശത്തിന് പാര്‍ട്ടി അനുമതി നല്‍കിയിട്ടുണ്ട്. എണ്ണം കുറയ്ക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളാണ്. ഒഴിവാക്കപ്പെടുന്നവര്‍ക്ക് മറ്റു ചുമതലകള്‍ നല്‍കും. പുനസംഘടന പൂര്‍ത്തിയാക്കാന്‍ കെപിസിസി അധ്യക്ഷന് എല്ലാ സഹായവും നല്‍കും.

പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്ന ആത്മവിശ്വാസമുണ്ട്. പോക്കറ്റില്‍ നിന്നും കടലാസെടുത്ത് ഇതാണ് തീരുമാനം എന്ന് പറയാന്‍ പറ്റുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്, കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. മറ്റു ചില പാര്‍ട്ടികളില്‍ ഇതൊക്കെ നടക്കുമായിരിക്കും.കെ റെയിലുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും കെപിസിസി മാര്‍ച്ച് നടത്തും അതിനു ശേഷം പത്തു മുതല്‍ ഏപ്രില്‍ 5 വരെ ആയിരം പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. യുഡിഎഫ് നൂറ് ജനകീയസദസുകള്‍ സംഘടിപ്പിക്കും.കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും യുഡിഎഫ് ജനപ്രതിനിധികളുടെ ധര്‍ണ നടത്തുമെന്നും വിഡി സതീശന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it