Latest News

കെ റെയില്‍: കല്ലിടല്‍ നിര്‍ത്തുന്നത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിയും വരെയാണോ എന്നു വ്യക്തമാക്കണമെന്ന് തുളസീധരന്‍ പള്ളിക്കല്‍

തദ്ദേശ ഉപതിരഞ്ഞെടുപ്പും നടക്കുന്ന ഘട്ടത്തില്‍, തൊട്ടുതലേദിവസം ഉത്തരവ് ഇറങ്ങിയതിനു പിന്നില്‍ വോട്ടര്‍മാരെ കബളിപ്പിക്കാനുള്ള തന്ത്രമാണോ എന്ന സംശയവുമുണ്ട്

കെ റെയില്‍: കല്ലിടല്‍ നിര്‍ത്തുന്നത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിയും വരെയാണോ എന്നു വ്യക്തമാക്കണമെന്ന് തുളസീധരന്‍ പള്ളിക്കല്‍
X

തിരുവനന്തപുരം: കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന് അതിര്‍ത്തി നിര്‍ണയിക്കാന്‍ കല്ലിടുന്നത് അവസാനിപ്പിക്കാനുള്ള തീരുമാനം തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിയും വരെയാണോയെന്ന് ഇടതു സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജനങ്ങളിലേക്ക് ഇറങ്ങിയപ്പോഴെങ്കിലും ഇടതുമുന്നണിക്കും സര്‍ക്കാരിനും വെളിപാടുണ്ടായത് നന്നായി.

കൂടാതെ സംസ്ഥാനത്തെ 42 തദ്ദേശഭരണ വാര്‍ഡുകളിലും ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. പല വാര്‍ഡുകളിലൂടെയും കെ റെയില്‍ കടന്നുപോകുന്നതിനെതിരേ ജനവികാരം ശക്തമാണ്. തിരഞ്ഞെടുപ്പിന് തൊട്ടുതലേ ദിവസം ഇത്തരത്തില്‍ ഒരു ഉത്തരവ് ഇറങ്ങിയതിനു പിന്നില്‍ വോട്ടര്‍മാരെ കബളിപ്പിക്കാനുള്ള തന്ത്രമാണോ എന്ന സംശയവുമുണ്ട്.

പോലീസിനെ കയറൂരി വിട്ട് കല്ലിടാന്‍ നടത്തിയ ശ്രമം തെറ്റാണെന്ന് ഇനിയെങ്കിലും സര്‍ക്കാര്‍ സമ്മതിക്കണം. ഇത് ജനകീയ പ്രതിഷേധത്തിന്റെ വിജയമാണ്. ഒരു ജന്മത്തിന്റെ അധ്വാനം കൊണ്ട് കെട്ടിയുണ്ടാക്കിയ കൂരയും ഉറ്റവരുടെ ശവക്കല്ലറയും പൊളിച്ച് കുറ്റി നാട്ടാനും നടത്തിയ ശ്രമത്തിനെതിരേ പ്രതിഷേധിച്ച സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവരെ പോലീസും സിപിഎമ്മുകാരും ഒരു പോലെയാണ് അക്രമിച്ചത്. അക്രമത്തിനിരയായവര്‍ക്കെതിരേ കേസെടുത്തും പ്രതിഷേധത്തെ അടിച്ചമര്‍ത്താനായിരുന്നു സര്‍ക്കാര്‍ നീക്കം. കല്ലിടല്‍ നിയമവിധേയമാണെന്നു പറഞ്ഞ റെവന്യൂവകുപ്പ് തന്നെ ഉത്തരവിലൂടെ കല്ലിടല്‍ നിര്‍ത്തിയ സ്ഥിതിക്ക് പൊതുജനങ്ങള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഉടന്‍ പിന്‍വലിക്കാന്‍ കൂടി ഇടതു സര്‍ക്കാര്‍ തയ്യാറാവണം. പൊതുതിരഞ്ഞെടുപ്പു വരുമ്പോള്‍ ഇന്ധന വില കുറയ്ക്കുകയും കഴിയുമ്പോള്‍ തകൃതിയായി ഇന്ധന വില കൂട്ടുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി പോലെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പു കഴിയുമ്പോഴും ഇടതുസര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കണം. 530 കിലോമീറ്റര്‍ റെയില്‍വേ ലൈനിനായി ജനകീയ പ്രതിഷേധത്തെ മര്‍ക്കടമുഷ്ടിയോടെ നേരിട്ട് 190 കിലോമീറ്റര്‍ കല്ലിടല്‍ പൂര്‍ത്തിയായപ്പോഴെങ്കിലും ഇടതു സര്‍ക്കാരിന് തിരിച്ചറിവുണ്ടായത് ശുഭപ്രതീക്ഷ നല്‍കുന്നതാണ്. സംസ്ഥാനത്തെ മുഴുവന്‍ കട്ടപ്പുറത്താക്കിയാലും കെ റെയില്‍ നടപ്പാക്കുമെന്ന സര്‍ക്കാര്‍ തീരുമാനം ഇനിയെങ്കിലും പുനപ്പരിശോധിക്കണമെന്നും തുളസീധരന്‍ പള്ളിക്കല്‍ വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it