Latest News

മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ ആവശ്യം; ഡ്രൈവറെ കയ്യേറ്റം ചെയ്തെന്ന് ആക്ഷേപം

മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ ആവശ്യം; ഡ്രൈവറെ കയ്യേറ്റം ചെയ്തെന്ന് ആക്ഷേപം
X

തിരുവനന്തപുരം: നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള വാക്കേറ്റം വിവാദമായതോടെ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്. ആര്യക്കും സച്ചിനുമെതിരെ കേസെടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ദിവസ വേതനക്കാരനായ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും അയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്ത നടപടി പാവങ്ങളുടെ മേലുള്ള കുതിര കയറല്‍ ആണെന്ന് ടിഡിഎഫ് വര്‍ക്കിംഗ് പ്രസിഡന്റ് എം വിന്‍സെന്റ് കുറ്റപ്പെടുത്തി.

ഡ്രൈവറെ കയ്യേറ്റം ചെയ്തതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും മേയര്‍ക്കും ഭര്‍ത്താവിനുമെതിരെ കേസെടുക്കണമെന്നാണ് ഇവരുടെ വാദം. ഡ്രൈവറുടെ പരാതിയില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ടിഡിഎഫ് മുന്നറിയിപ്പ് നല്‍കി. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് മേയറും ഭര്‍ത്താവും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായി വാക്കേറ്റമുണ്ടായത്. എന്നാല്‍ ഇതിനിടെ ഡ്രൈവര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് ആര്യയുടെ പരാതി. ഈ പരാതിയിലാണ് തമ്പാനൂര്‍ പോലിസ് ഡ്രൈവര്‍ യദുവിനെതിരെ കേസെടുത്തത്.

അതേസമയം മേയറും ഭര്‍ത്താവും കൂടെയുള്ളവരുമാണ് തന്നോട് മോശമായി പെരുമാറിയതെന്നും ഇടതുവശം ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്തത് മേയര്‍ സഞ്ചരിച്ച കാറായിരുന്നുവെന്നുമാണ് യദു നല്‍കുന്ന വിശദീകരണം. ഇതിന് ശേഷമാണിപ്പോള്‍ കോണ്‍ഗ്രസ് അനുകൂല സംഘടന മേയര്‍ക്കും ഭര്‍ത്താവിനുമെതിരെ രംഗത്തെത്തുന്നത്. ഇതിനിടെ ഡിവൈഎഫ്‌ഐ മേയര്‍ക്ക് പിന്തുണയുമായി എത്തി. പ്രമുഖരടക്കം പലരും മേയറെ പിന്തുണച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതികരിച്ചു.

Next Story

RELATED STORIES

Share it