Latest News

ഗസ ഏറ്റെടുക്കുമെന്ന് ആവര്‍ത്തിച്ച് ട്രംപ്; ശുദ്ധ അസംബന്ധമെന്ന് ഹമാസ്

ഗസ ഏറ്റെടുക്കുമെന്ന് ആവര്‍ത്തിച്ച് ട്രംപ്; ശുദ്ധ അസംബന്ധമെന്ന് ഹമാസ്
X

ഗസ: ഗസ ഏറ്റെടുക്കുമെന്ന് ആവര്‍ത്തിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങളെ അതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ച് ഹമാസ്. ഫലസ്തീനെയും മേഖലയെയും കുറിച്ചുള്ള ആഴത്തിലുള്ള അജ്ഞതയാണ് ഈ പ്രസ്താവനകള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോ അംഗം ഇസ്സത്തുല്‍ രിഷ്ഖ് പറഞ്ഞു. ഫലസ്തീന്‍ വിഷയത്തോടുള്ള ട്രംപിന്റെ സമീപനം പരാജയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്ത് ലക്ഷത്തിലധികം ഫലസ്തീനികളെ അവരുടെ മണ്ണില്‍ നിന്ന് പുറത്താക്കുന്നതിനൊപ്പം ഗസ ഏറ്റെടുക്കുകയും സ്വന്തമാക്കുകയും ചെയ്യുമെന്നായിരുന്നു പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവന. പ്രസ്താവനക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ ട്രംപിന്റെ നിര്‍ദേശത്തെ ന്യായീകരിച്ചു കൊണ്ട് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അടക്കമുള്ളവര്‍ രംഗത്തെത്തി.

'ഇതൊക്കെ ശരിയാക്കി വൃത്തിയാക്കി ഇവിടെ വാസയോഗ്യമാക്കാന്‍ ആരെങ്കിലും മുന്നോട്ടു വരണം. പുതിയ വീടുകള്‍ ഉണ്ടാക്കേണ്ടതുണ്ട്. പുനര്‍നിര്‍മ്മാണ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പുതന്നെ അവിടെ എല്ലാം വൃത്തിയാക്കണം. ആരാണ് അത് ചെയ്യുക?, ഇപ്പോള്‍, ഞാന്‍ സഹായിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ ഒരേയൊരു വ്യക്തി ഡൊണാള്‍ഡ് ട്രംപ് മാത്രമാണ് എന്നായിരുന്നു മാര്‍ക്കോ റൂബിയോയുടെ വാദം. എന്നാല്‍ ഇതെല്ലാം ഖണ്ഡിക്കുന്ന തരത്തിലായിരുന്നു ട്രംപിന്റെ അടുത്ത പ്രസ്താവന. പുതിയ പ്രസ്താവനയിലൂടെ ഉള്ളിലെ സകല കാടകൂള വിഷവും യഥാര്‍ഥത്തില്‍ പുറത്തു വരികയും ചെയ്തു. യുദ്ധത്തില്‍ തകര്‍ന്ന ഗസയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും ഫലസ്തീനികളെ മറ്റെവിടെയെങ്കിലും പുനരധിവസിപ്പിച്ച ശേഷം സാമ്പത്തികമായി വികസിപ്പിക്കുമെന്നും പറഞ്ഞ ട്രംപ് കുറച്ചു കുടി വിശദമാക്കി, ഫലസ്തീനികള്‍ ഗസയിലേക്ക് തിരിച്ചു വരേണ്ടതില്ല എന്നുകൂടി വ്യക്തമാക്കി.

ഇസ്രായേല്‍ സൈന്യം ആക്രമണം കടുപ്പിച്ചതോടെ അധിനിവേശ വെസ്റ്റ് ബാങ്കിന്റെ വടക്ക് ഭാഗത്തുള്ള നൂര്‍ ഷംസ് അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് ഡസന്‍ കണക്കിന് ഫലസ്തീന്‍ കുടുംബങ്ങളാണ്പലായനം ചെയ്തത്.ബുള്‍ഡോസറുകള്‍ക്ക് പുറമേ സ്‌ഫോടനങ്ങളുടെ ശബ്ദങ്ങളാണ് എവിടെയും. അതൊരു ദുരന്തമാണ്. ഗസയില്‍ ചെയ്തതുപോലെയാണ് അവര്‍ ഇവിടെയും ചെയ്യുന്നത്,' പ്രദേശവാസിയായ അഹമ്മദ് എസ്സ പറഞ്ഞു. നൂര്‍ ഷംസില്‍ ഞായറാഴ്ച എട്ട് മാസം ഗര്‍ഭിണിയായ ഒരു സ്ത്രീയടക്കം മൂന്ന് ഫലസ്തീനികളെ ഇസ്രായേല്‍ കൊലപ്പെടുത്തി. 13,000 നിവാസികളില്‍ പകുതിയിലധികം പേരും ജീവന്‍ ഭയന്ന് പലായനം ചെയ്തു.വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന ഇസ്രായേല്‍ സാധാരണക്കാരെ ഇല്ലാതാക്കുന്നത് തുടര്‍ന്നു കൊണ്ടിരിക്കുന്നു.

വര്‍ധിച്ചു വരുന്ന ആക്രമണങ്ങളെ തുടര്‍ന്ന് ഇസ്രായേലികളായ തടവുകാരെ മോചിപ്പിക്കുന്നത് ഹമാസ് നിര്‍ത്തി വെച്ചു. ഇതിനേ തുടര്‍ന്ന് വീണ്ടും പ്രകോപനപരമായ നിര്‍ദേശങ്ങളുമായി ട്രംപ് രംഗത്തെത്തി. ശനിയാഴ്ച്ച ഉച്ചക്ക് 12നു മുമ്പ് ജൂതത്തടവുകാരെ ഹമാസ് വിട്ടയിച്ചില്ലെങ്കില്‍ ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും നരകം പൊട്ടിപ്പുറപ്പെടുമെന്നുമാണ് ഭീഷണി. വിഷയത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ മറികടക്കാന്‍ ശ്രമിച്ചേക്കാമെന്നും ട്രംപ് പറഞ്ഞു. ഗസയിലെ തടവുകാരെ ഘട്ടങ്ങളായി വിട്ടയക്കുന്നതിന് പകരം മൊത്തമായി വിട്ടയക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

ഗസയില്‍ നിന്ന് കുടിയൊഴിപ്പിക്കുന്ന ഫലസ്തീനികളെ സ്വീകരിച്ചില്ലെങ്കില്‍ ജോര്‍ദാനും ഈജിപ്തിനുമുള്ള സൈനിക-സാമ്പത്തിക സഹായം തടഞ്ഞേക്കാമെന്നും ട്രംപ് പറഞ്ഞു. ഗസ മുനമ്പ് യുഎസ് ഏറ്റെടുത്താല്‍ പിന്നെ ഫലസ്തീനികള്‍ക്ക് അവകാശമുണ്ടാവില്ല. കുടിയിറക്കപ്പെട്ട ഫലസ്തീനികളെ കൊണ്ടുപോകാന്‍ ജോര്‍ദാനുമായും ഈജിപ്തുമായും കരാറില്‍ ഏര്‍പ്പെടാന്‍ കഴിയും. ഈ രണ്ടു രാജ്യങ്ങള്‍ക്കും പ്രതിവര്‍ഷം കോടിക്കണക്കിന് ഡോളര്‍ നല്‍കുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ തുടരെ തുടരെയുള്ള ട്രംപിന്റെ പ്രസ്താവനകളെ തള്ളി കളഞ്ഞ ഹമാസ് ട്രംപ് ശുദ്ധ അസംബന്ധം വിളമ്പുകയാണെന്നും ഫലസ്തീന്‍ എന്താണെന്ന അറിവില്ലായ്മയാണ് പ്രസ്താവനകള്‍ക്ക് പിന്നിലെന്നും വ്യക്തമാക്കി.

Next Story

RELATED STORIES

Share it