Latest News

മഹാരാഷ്ട്ര- ഹരിയാന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മോശം പ്രകടനത്തിനു പിന്നില്‍ കാലുമാറ്റക്കാരും

ബിജെപി അവധാനതയോടെ വികസിപ്പിച്ച കല അവര്‍ക്കു തന്നെ നഷ്ടമുണ്ടാക്കിയിരിക്കയാണ്. മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തകര്‍ച്ചക്കു പിന്നില്‍ കാലമാറ്റക്കാര്‍ വഹിച്ച പങ്ക് നിര്‍ണ്ണായകമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്ര- ഹരിയാന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മോശം പ്രകടനത്തിനു പിന്നില്‍ കാലുമാറ്റക്കാരും
X

മുംബൈ: മറ്റു പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ സ്വന്തം പാളയത്തിലെത്തിച്ച് വോട്ടും സീറ്റും കൂട്ടുകയെന്ന പദ്ധതി എക്കാലത്തും രാഷ്ട്രീയപാര്‍ട്ടികള്‍ പയറ്റിയിട്ടുണ്ട്. പക്ഷേ, അതിനെ ഒരു വ്യവസായമായി വികസിപ്പിച്ചത് ബിജെപിയാണ്. ഈ വ്യവസായത്തില്‍ ഏറ്റവും നഷ്ടമുണ്ടായത് സ്വാഭാവികമായും കോണ്‍ഗ്രസ്സിനു തന്നെ. പ്രാദേശിക പാര്‍ട്ടികളും ത്രിണമൂല്‍ പോലുള്ള ദേശീയശ്രദ്ധ ആകര്‍ഷിച്ച പാര്‍ട്ടികളും അവര്‍ക്കിരയായി. തെരഞ്ഞെടുപ്പിനു ശേഷം ജയിച്ചുകേറുന്നവരെ വാങ്ങി അധികാരത്തിലെത്തുന്ന രീതി ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് അപരിചിതമല്ല. ഇതിലും ബിജെപി തന്നെ ഗുരു.

പക്ഷേ, ബിജെപി അവധാനതയോടെ വികസിപ്പിച്ച ആ കല അവര്‍ക്കു തന്നെ നഷ്ടമുണ്ടാക്കിയിരിക്കയാണ്. മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തകര്‍ച്ചക്കു പിന്നില്‍ ഇതുകൂടെയുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഒരു നേതാവ് ബിജെപിയിലേക്ക് വരുമ്പോള്‍ സ്വാഭാവികമായും അയാള്‍ പലതും പ്രതീക്ഷിക്കും. ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ നേടാനുള്ള ശ്രമത്തിന്റെ ഭാഗമാണല്ലോ അവരുടെ വരവ്. അതിനു വേണ്ടി അയാള്‍ പുതിയ പാര്‍ട്ടിയില്‍ ശ്രമിക്കുകയും ചെയ്യും. അയാള്‍ക്കത് നല്‍കാന്‍ പുതിയ പാര്‍ട്ടിക്ക് ബാധ്യതയുമുണ്ട്. പക്ഷേ, നിലവില്‍ പാര്‍ട്ടിയില്‍ ഭാഗ്യം പരീക്ഷിക്കുന്നവരെ തഴയാതെ ഇത് നടപ്പാക്കുക സാധ്യമല്ല. ഇതാണ് ബിജെപിയിലും സംഭവിച്ചത്. പുതിയവര്‍ക്ക് സീറ്റ് നല്‍കുന്നതിനു വേണ്ടി പഴയവരെ തഴഞ്ഞപ്പോള്‍ ഫലം പുതിയവര്‍ പലരും വിമതരായി മാറിയെന്നതാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പല വിമതരും വിജയിച്ചു. കാലുമാറി ബിജെപിയിലെത്തിയവരില്‍ പലരും പരാജയം രുചിക്കുകയും ചെയ്തു.

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ മന്ത്രിസഭയിലെ 8 മന്ത്രിമാര്‍ ഇത്തവണ പരാജയപ്പെട്ടു. ഹരിയാനയില്‍ 9 മുന്‍ മന്ത്രിസഭ അംഗങ്ങളില്‍ 7 പേര്‍ പരാജയപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് ബിജെപി, ശിവസേന പക്ഷത്തേക്ക് ചാഞ്ഞ പതിനൊന്നു പേരാണ് ഇത്തവണ പരാജയം രുചിച്ചത്. ഇത്തവണ 19 പേര്‍ പ്രതിപക്ഷത്തുനിന്ന് ബിജെപി ക്യാമ്പിലേക്കെത്തിയിരുന്നു. ചിലര്‍ പരാജയപ്പെട്ടത് ബിജെപി വിമതരോടാണെന്ന പ്രത്യേകതയുമുണ്ട്. പല മഹാരാഷ്ട്ര മന്ത്രിമാരുടെയും പരാജയത്തിനു പിന്നില്‍ വിമതശല്യമാണ്. ഇതും കാലുമാറ്റക്കാരുടെ 'പ്രഭാവ'മാണ്.

ഹരിയാനയില്‍ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ പാര്‍ട്ടിയില്‍ നിന്ന് ഏഴ് പേര്‍ ബിജെപിയിലെത്തിയിരുന്നു. സ്വാഭാവികമായും തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വീതം വച്ചപ്പോള്‍ പുതിയവര്‍ നേട്ടമുണ്ടാക്കി. അതോടെ പഴയ പ്രവര്‍ത്തകര്‍ കലാപക്കൊടി ഉയര്‍ത്തി. ചിലര്‍ ജന്‍നായക് ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. ചിലര്‍ കോണ്‍ഗ്രസ്സിലും. കാലുമാറ്റക്കാരെ പരിഗണിക്കാന്‍ ബിജെപി 12 സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റ് നിഷേധിച്ചു. ഹരിയാനയിലെ പല നേതാക്കളെയും പരാജയപ്പെടുത്തിയത് ഈ വിമതരാണ്.

Next Story

RELATED STORIES

Share it