Latest News

ഉദയ്പൂര്‍ കൊലപാതകം: രണ്ടുപേര്‍ അറസ്റ്റില്‍; ഇന്റര്‍നെറ്റ് വിച്ഛേദിച്ചു, രാജസ്ഥാനില്‍ ജാഗ്രതാനിര്‍ദേശം

ഉദയ്പൂര്‍ കൊലപാതകം: രണ്ടുപേര്‍ അറസ്റ്റില്‍; ഇന്റര്‍നെറ്റ് വിച്ഛേദിച്ചു, രാജസ്ഥാനില്‍ ജാഗ്രതാനിര്‍ദേശം
X

ജയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരിലെ തയ്യല്‍ കടയുടമയെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. കൊലപാതകത്തിന്റെ ദൃശ്യങ്ങളില്‍ പ്രചരിക്കുന്ന മുഹമ്മദ്, മുഹമ്മദ് റിയാസ് അന്‍സാരി എന്നിവരാണ് പിടിയിലായതെന്ന് പോലിസ് അറിയിച്ചു. മുഹമ്മദ് നബിക്കെതിരായ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് പോസ്റ്റിട്ടതിന്റെ പേരിലാണ് കൊലപാതകം നടത്തിയതെന്ന് വിശദീകരിച്ച് രണ്ടുപേര്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റിട്ടിരുന്നു. ഇരുവരും ഉദയ്പുര്‍ സൂരജ്‌പോലെ സ്വദേശികളാണെന്ന് രാജസ്ഥാന്‍ പോലിസ് അറിയിച്ചു.


കൊലപാതകത്തിനുശേഷം ഉദയ്പൂരില്‍ വലിയ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്. 600 പോലിസുകാരെ അധികമായി വിന്യസിച്ചു. 24 മണിക്കൂര്‍ നേരത്തേയ്ക്ക് ഇന്റര്‍നെറ്റ് സേവനം മരവിപ്പിച്ചിട്ടുണ്ട്. ഉദയ്പൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒരുമാസത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കൊലപാതകത്തിന്റെ വീഡിയോ കാണരുതെന്നും പ്രചരിപ്പിക്കരുതെന്നും രാജസ്ഥാന്‍ പോലിസ് നിര്‍ദേശം നല്‍കി.

കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) ഒരു സംഘത്തെ ആഭ്യന്തര മന്ത്രാലയം ഉദയ്പൂരിലേക്ക് അയച്ചിട്ടുണ്ട്. മതത്തിന്റെ പേരില്‍ പ്രത്യയശാസ്ത്രപരമായ കാരണങ്ങളാല്‍ നടന്ന കൊലപാതകമാണിത്. തീവ്രവാദത്തിന്റെ ഏതെങ്കിലും കോണുണ്ടെങ്കില്‍ എന്‍ഐഎ അന്വേഷിക്കുകയും സംസ്ഥാന പോലിസിന് ആവശ്യമായ സഹായം നല്‍കുകയും ചെയ്യും- മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ താരാചന്ദ് മീണയും എസ്പി മനോജ് കുമാറും സമാധാനം നിലനിര്‍ത്താന്‍ പൗരന്‍മാരോട് അഭ്യര്‍ഥിച്ചു.

കുറ്റവാളികള്‍ക്കു ജാതിയില്ല. വ്യവസ്ഥകള്‍ പ്രകാരം നഷ്ടപരിഹാരം നല്‍കുമെന്നും ഇരുവരും അറിയിച്ചു. അന്തരീക്ഷം കലുഷിതമാവാതിരിക്കാനും നഗരത്തില്‍ മറ്റൊരു സംഭവവും നടക്കാതിരിക്കാനും എല്ലാവരും സമാധാനം പാലിക്കണമെന്നും എസ്പി പറഞ്ഞു. തയ്യല്‍ കടക്കാരനായ കനയ്യലാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഉദയ്പൂരിലെ തിരക്കേറിയ മാര്‍ക്കറ്റിലുള്ള കടയില്‍ വച്ച് ചൊവ്വാഴ്ച ഉച്ചയോടെയാണ് കനയ്യലാല്‍ കൊല്ലപ്പെട്ടത്. രണ്ടുപേര്‍ കടയിലേക്ക് കയറിവരികയും കനയ്യ ലാലിനെ കൊലപ്പെടുത്തുകയുമായിരുന്നു.

കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പ്രതികള്‍ ഭീഷണി മുഴക്കുന്നുണ്ട്. രണ്ട് പ്രതികളെയും പിടികൂടിയിട്ടുണ്ടെന്നും വേഗത്തിലുള്ള അന്വേഷണം നടക്കുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. സമാധാനം നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമുണ്ടെന്ന് ഗെലോട്ട് അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കണമെന്നും ഗെലോട്ട് ആവശ്യപ്പെട്ടു. ഉദയ്പൂരില്‍ ചിലയിടങ്ങളില്‍ കടകള്‍ക്ക് തീയിട്ടതായി റിപോര്‍ട്ടുണ്ട്. രാജസ്ഥാനില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് രാജസ്ഥാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു. കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കിയതായി ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it