Latest News

പ്രിയ വർഗീസിന്റെ നിയമനം: കേന്ദ്ര ചട്ടങ്ങളിൽനിന്ന് വ്യതിചലിക്കാൻ കേരളത്തിന് ആകില്ലെന്ന് യുജിസി

പ്രിയ വർഗീസിന്റെ നിയമനം: കേന്ദ്ര ചട്ടങ്ങളിൽനിന്ന് വ്യതിചലിക്കാൻ കേരളത്തിന് ആകില്ലെന്ന്  യുജിസി
X

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികകയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ചട്ടങ്ങള്‍ പാലിച്ചല്ലെന്ന നിലപാട് ആവര്‍ത്തിച്ച് യുജിസി. സര്‍വ്വകലാശാല നിയമനങ്ങള്‍ക്ക് യുജിസി ചട്ടങ്ങള്‍ ആണ് പാലിക്കേണ്ടത്. സംസ്ഥാന നിയമങ്ങള്‍ ഇതിന് വിരുദ്ധമാണെങ്കില്‍ പോലും സര്‍ക്കാരിന് കേന്ദ്ര ചട്ടങ്ങളില്‍നിന്ന് വ്യക്തിചലിക്കാന്‍ കഴിയില്ലെന്നും യുജിസി വ്യക്തമാക്കി. കേരള സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടിയിലാണ് യുജിസി ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

യുജിസിയുടെ എഡ്യൂക്കേഷണല്‍ ഓഫീസര്‍ സുപ്രിയ ദഹിയ ആണ് മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തത്. സംസ്ഥാന സര്‍ക്കാരിന് പുറമെ കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, സെലക്ഷന്‍ കമ്മിറ്റി എന്നിവര്‍ക്കും യുജിസി സുപ്രിം കോടതിയില്‍ മറുപടി ഫയല്‍ ചെയ്തു. സര്‍ക്കാരും വൈസ് ചാന്‍സലറും സര്‍വ്വകലാശാലയും പ്രിയയുടെ നിയമനം പിന്തുണച്ച് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു.

അസ്സോസിയേറ്റ് പ്രൊഫസറായി നിയമനം ലഭിക്കാന്‍ പ്രിയക്ക് യോഗ്യത ഉണ്ടെന്ന സര്‍ക്കാരിന്റെയും സര്‍വ്വകലാശാലയുടെയും നിലപാട് യുജിസി തള്ളി. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യുജിസിയുടെ 2018ലെ റഗുലേഷന്‍ നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയം പ്രിയാ വര്‍ഗീസിന് ഇല്ലെന്നാണ് യുജിസി വാദം. അധ്യാപന പരിചയമായി വേണ്ടത് എട്ട് വര്‍ഷം ആണ്.

എയ്ഡഡ് കോളേജില്‍ ജോലിയില്‍ പ്രവേശിച്ച ശേഷം പ്രിയാ വര്‍ഗീസ് എഫ്ഡിപി (ഫാക്കല്‍റ്റി ഡവലപ്‌മെന്റ് പ്രോഗ്രാം) പ്രകാരം ഡെപ്യൂട്ടേഷനില്‍ മൂന്നു വര്‍ഷത്തെ പിഎച്ച്ഡി ഗവേഷണം നടത്തിയ കാലയളവും കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്‍സ് ഡീന്‍ (ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ് സര്‍വീസസ്) ആയി രണ്ട് വര്‍ഷം ഡെപ്യൂട്ടേഷനില്‍ ജോലിചെയ്ത കാലയളവും ചേര്‍ത്താണ് അധ്യാപനപരിചയം കാണിച്ചിരിക്കുന്നത്. എന്നാല്‍ എഫ്ഡിപി കാലയളവിലെ ഗവേഷണം അധ്യാപന പരിചയമായി കണക്കാക്കാന്‍ ആകില്ലെന്ന് യുജിസി വ്യക്തമാക്കി. ലീവ് എടുക്കാതെ അധ്യാപനത്തോടൊപ്പം നടത്തുന്ന ഗവേഷണം മാത്രമാണ് അധ്യാപന പരിചയമായി കണക്കാക്കുക എന്നും യുജിസി മറുപടി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹരജി ഇനി വേനല്‍ അവധിക്ക് ശേഷമേ സുപ്രീം കോടതി പരിഗണിക്കാന്‍ ഇടയുള്ളൂ.

Next Story

RELATED STORIES

Share it