Latest News

മ്യാന്‍മറില്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ നടന്നത് സമാനതകളില്ലാത്ത ക്രൂരത: വംശീയ ഉന്മൂലനത്തിന് തെളിവ് നല്‍കി രണ്ട് മുന്‍സൈനികര്‍

മ്യാന്‍മറില്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ നടന്നത് സമാനതകളില്ലാത്ത ക്രൂരത: വംശീയ ഉന്മൂലനത്തിന് തെളിവ് നല്‍കി രണ്ട് മുന്‍സൈനികര്‍
X

ബാങ്കോക്ക്: മ്യാന്‍മറില്‍ റോഹിംഗ്യ മുസ്‌ലിംകള്‍ക്കെതിരേ നടന്ന പീഡനങ്ങളും വംശീയ ഉന്മൂലനത്തിനും തെളിവു നല്‍കി സൈന്യവൃത്തി ഉപേക്ഷിച്ച രണ്ട് സൈനികര്‍. റോഹിംഗ്യര്‍ക്കെതിരേ നടന്ന നടപടികളെ കുറിച്ച് വിവരിക്കുന്ന ഇവരുടെ ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കാണുന്നവരെയൊക്കെ വെടിവയ്ക്കാനാണ് സൈനിക മേധാവിമാര്‍ ആവശ്യപ്പെട്ടതെന്നും തങ്ങളും അതില്‍ പങ്കാളികളായെന്നും ഇരുവരും വീഡിയോയില്‍ തുറന്നുപറയുന്നുണ്ട്.

ബുദ്ധമതവിഭാഗങ്ങള്‍ക്ക് മേധാവിത്തമുള്ള മ്യാന്‍മറില്‍ റോഹിംഗ്യര്‍ക്കെതിരേ സൈന്യത്തിന്റെ ഒത്താശയോടെ നടന്ന ബലാല്‍സംഗങ്ങളുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ലഭിക്കുന്ന ആദ്യത്തെ വ്യക്തമായ തെളിവാണ് ഇത്. ഇപ്പോള്‍ ലഭിച്ച 'കുംബസാര രഹസ്യങ്ങള്‍' അന്താരാഷ്ട്ര നീതിന്യായ കോടതിക്കു മുന്നില്‍ സമര്‍പ്പിക്കുമെന്ന് മനുഷ്യാവകാശ സംഘടനയായ ഫോര്‍ട്ടിഫൈ റൈറ്റ്‌സ് പറഞ്ഞു.

2017 മുതല്‍ 7 ലക്ഷം റോഹിംഗ്യരാണ് മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്. അതിപ്പോഴും തുടരുന്നു. ബാക്കിയുള്ള റോഹിംഗ്യരെ സൈന്യം കൊന്നൊടുക്കുകയും ബലാല്‍സംഗം ചെയ്യുകയും അവരുടെ വീടുകള്‍ കത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അന്താരാഷ്ട്ര പ്രതിരോധ പ്രസ്ഥാനങ്ങള്‍ക്ക് ഇത്തരം നിരവധി തെളിവുകള്‍ ലഭിച്ചിരുന്നെങ്കിലും സൈന്യത്തിന്റെ അകത്തുനിന്ന് ഇതുവരെ തെളിവ് ലഭിച്ചിരുന്നില്ല. അത്തരമൊരു തെളിവാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ഫോര്‍ട്ടിഫൈ റൈറ്റ്‌സ് പറയുന്നതനുസരിച്ച് മുന്‍സൈനികരായ മെയൊ വിന്‍ തുന്‍(33), സൊ നെയ്ങ് തുന്‍(30) എന്നീ ലൈറ്റ് ഇന്‍ഫന്ററി ബറ്റാലിയനിലെ സൈനികരാണ് തെളിവുകള്‍ നല്‍കിയിരിക്കുന്നത്. ഇവര്‍ സൈന്യത്തിലെ 19 പേര്‍ക്കെതിരേ തെളിവ് നല്‍കി. ഇതില്‍ ഇവരടക്കം ആറ് ഉയര്‍ന്ന ഓഫിസര്‍മാരും അടങ്ങുന്നു. തങ്ങളും 19 പേരും റോഹിംഗ്യര്‍ക്കെതിരേ അതിക്രമങ്ങള്‍ നടത്തിയെന്ന് ഇവര്‍ സമ്മതിച്ചു.

ഇപ്പോള്‍ ലഭിച്ച വിവരമനുസരിച്ച് റോഹിംഗ്യരുടെ പ്രതിരോധ പ്രസ്ഥാനമായ അരാകാന്‍ ഗറില്ലാ വിഭാഗത്തിന്റെ കസ്റ്റഡിയിലിക്കുന്ന സമയത്താണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ആ വീഡിയോ ഫോര്‍ട്ടിഫൈഡ് റൈറ്റ്‌സ് ഷെയറിങ് സൈറ്റിലിട്ടു. അതു ശ്രദ്ധയില്‍ പെട്ട അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സി സൈനികര്‍ നല്‍കിയ തെളിവുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തി.

റോഹിംഗ്യ മുസ്‌ലിംകള്‍ മ്യാന്‍മര്‍ പൗരന്മാരല്ലെന്നാണ് സര്‍ക്കാരിന്റ വാദം. ബംഗ്ലാദേശില്‍ നിന്ന് വന്ന് തലമുറകളായി മ്യാന്‍മറില്‍ താമസിക്കുന്ന ഇവരുടെ പൗരത്വവും 1982ല്‍ സര്‍ക്കാര്‍ എടുത്തുമാറ്റി. അവര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യവും മറ്റ് അടിസ്ഥാന അവകാശങ്ങളും നിഷേധിക്കപ്പെടുന്നു. 2017 മുതല്‍ ഇവര്‍ പലായനത്തിലാണ്.

രണ്ട് പ്രത്യേക വീഡിയോകളിലാണ് രണ്ട് സൈനികരും സംസാരിക്കുന്നത്. മിലിറ്ററി യൂണിഫോമില്‍ ഇരിക്കുന്ന ഇരുവരും മുന്നിലുള്ളയാളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന മട്ടിലാണ് വീഡിയോ. മൂന്ന് വര്‍ഷം മുമ്പ് സംഭവിച്ച അതിക്രമങ്ങളാണ് ഇവര്‍ ഓര്‍ത്തുപറയുന്നത്. ഇതില്‍ പലതും നേരത്തെത്തന്നെ യുഎന്‍ ഏജന്‍സികളുടെ ശ്രദ്ധില്‍ വന്നിട്ടുള്ളവയാണ്.

സൈന്യത്തിലെ ഒരു കേണലായ താന്‍ ഹത്കിന്റെ നേതൃത്വത്തില്‍ മുപ്പതോളം പേരെ ഒറ്റയടിക്ക് കൊന്നൊടുക്കിയ സംഭവങ്ങളുടെ വിവരണവും ഇവര്‍ നല്‍കുന്നുണ്ട്. ഈ മുപ്പത് പേരില്‍ 8 സ്ത്രീകളും 7 കുട്ടികളും 15 പുരുഷന്മാരും ഉള്‍പ്പെടുന്നു.

കേണല്‍ തങ്ങളോട് എല്ലാ കലാറുകളെയും കൊന്നൊടുക്കാന്‍ ആജ്ഞാപിച്ചുവെന്ന് ഇരുവരും റിപോര്‍ട്ട് ചെയ്തു. കലാര്‍ എന്നത് റോഹിംഗ്യരെ കുറിക്കുന്ന തെറിവാക്കാണ്. പുരുഷന്മാരെ നെറ്റിയില്‍ വെടിവയ്ക്കുകയും അവരുടെ മൃതദേഹങ്ങള്‍ കുഴികളിലേക്ക് എറിയുകയും ചെയ്തു. സ്ത്രീകളെ കൊല്ലും മുമ്പ് ബലാല്‍സംഗം ചെയ്തിരുന്നു. തെളിവ് നല്‍കിയ സൈനികരില്‍ ഒരാള്‍ ഒരു സ്്ത്രീയെ ബലാല്‍സംഗം ചെയ്തിരുന്നു.

എല്ലാ കൂടി 80 പേരെയാണ് അവരുടെ ഗ്രൂപ്പ് കൊന്നൊടുക്കിയത്. അതില്‍ കുട്ടികളും സ്ത്രീകളും പുരുഷന്മാരും അടങ്ങുന്നു. ലെഫ്. കേണല്‍ മിയോ മെയ്ന്റ് ഓങ് കൊലകള്‍ക്ക് അനുമതി നല്‍കി.

ഒരു സംഭവത്തില്‍ റോഹിംഗ്യന്‍ സായുധ ഗ്രൂപ്പായ അരാകാന്‍ പ്രവര്‍ത്തകരാണെന്ന സംശയത്തില്‍ പത്ത് പേരെ കൂട്ടിക്കെട്ടി കൊന്നുകളഞ്ഞു. അവരെ വെടിവച്ചതില്‍ ഒരാള്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട സൈനികനാണ്.

മറ്റൊരു സംഭവത്തില്‍ ഒരു സര്‍ജന്റും കോര്‍പറലും ചേര്‍ന്ന് ഒരു കുടുംബത്തിലുള്ളവരെ ബലാല്‍സംഗം ചെയ്തു. അതില്‍ താന്‍ പങ്കെടുത്തില്ലെന്നും അയാള്‍ പറഞ്ഞു. അതേസമയം അങ്ങാടികളും വീടുകളും കൊള്ളയടിച്ചപ്പോള്‍ താനതില്‍ പങ്കാളിയായെന്ന് ഇയാള്‍ സമ്മതിച്ചു. കൊള്ളമുതലുകളില്‍ സ്വര്‍ണവും മൊബൈല്‍ ഫോണും തുടങ്ങി ഭക്ഷണം വരെ ഉള്‍പ്പെടുന്നു.

മ്യാന്‍മര്‍ അതിര്‍ത്തിയില്‍ വച്ച് ബംഗ്ലാദേശ് അധികാരികളോട് തങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്ന് ഇരുവരും അഭ്യര്‍ത്ഥിച്ചുവെന്നും അവരിപ്പോള്‍ ബംഗ്ലാദേശില്‍ ഇല്ലെന്നും ഫോര്‍ട്ടിഫൈ ഗ്രൂപ്പ് പറയുന്നു. ബംഗ്ലാദേശ് അധികാരികള്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ ഇവരുടെ സാന്നിധ്യത്തെ കുറിച്ച് അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഇവര്‍ എവിടെയാണ് ഉള്ളതെന്നതിനെ കുറിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയുമായി ബന്ധപ്പെട്ടവര്‍ വിവരം നല്‍കാന്‍ വിസമ്മതിച്ചു.

സൈന്യത്തില്‍ നിന്നു തന്നെ തെളിവു ലഭിച്ച സാഹചര്യത്തില്‍ മ്യാന്‍മര്‍ സൈന്യത്തിലെ ഉന്നതര്‍ നിയമത്തിന്റെ പിടിയില്‍ വരുമെന്നാണ് കരുതുന്നത്. അതേസമയം തെളിവുനല്‍കിയ ഇവരെ സാക്ഷികളായി പരിഗണിക്കാനാണ് സാധ്യത.

Next Story

RELATED STORIES

Share it