Latest News

യുപി നിയമസഭാ തിരഞ്ഞെടുപ്പ്; ജാതി വോട്ടില്‍ കണ്ണുവച്ച് ബിജെപി

യുപി നിയമസഭാ തിരഞ്ഞെടുപ്പ്; ജാതി വോട്ടില്‍ കണ്ണുവച്ച് ബിജെപി
X

ലഖ്‌നോ: അടുത്ത വര്‍ഷം തുടക്കത്തില്‍ നടക്കാനിരിക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ജാതിവോട്ടുകളില്‍ കണ്ണുവച്ച് ബിജെപിയുടെ സംഘടിത നീക്കം. സംസ്ഥാനത്തെ ജാതിസംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്ത് പിന്തുണ ഉറപ്പാക്കാനാണ് ശ്രമം. ഇത്തരത്തിലുള്ള ആദ്യ യോഗം ഞായറാഴ്ച നടന്നു. സമാജ് പ്രതിനിധി സമ്മേളനം എന്ന് വിശേഷിക്കുന്ന ഈ സമ്മേളനത്തില്‍ സംസ്ഥാനത്തെ വിവിധ ജാതി വിഭാഗങ്ങളിലുള്ളവരെ വിളിച്ചുചേര്‍ത്ത് വോട്ട് ഉറപ്പാക്കാനാണ് നീക്കം. കളിമണ്‍ പാത്രങ്ങളുണ്ടാക്കുന്ന ജാതി വിഭാഗത്തിന്റെ യോഗമാണ് ആദ്യം നടന്നത്. ബിജെപി നേതാവും മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് യോഗത്തില്‍ സംസാരിച്ചു.

ഇത്തരത്തില്‍ 27 യോഗങ്ങളാണ് ഒക്ടോബര്‍ 31നുള്ളില്‍ വിളിച്ചുചേര്‍ക്കുക. സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും ബ്രാഹ്മണര്‍ അടക്കമുള്ള വിവിധ ജാതി വിഭാഗങ്ങളുടെ പിന്തുണ നേടാന്‍ പ്രചാരണയാത്രകള്‍ ആസൂത്രണം ചെയ്ത സാഹചര്യത്തിലാണ് ബിജെപി തിരക്കിട്ട് ജാതി യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നത്.

മണ്‍പാത്രനിര്‍മാണക്കാരുടെ സാമ്പത്തിക സ്ഥിതി വര്‍ധിപ്പിക്കാനുള്ള ശ്രമം നടത്തുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ഉറപ്പുനല്‍കി. ദീപാവലിയോടനുബന്ധിച്ച് 9 ലക്ഷം ചെരാതുകള്‍ സര്‍ക്കാര്‍ വാങ്ങുമെന്നും അത് യോഗം നടന്ന പ്രദേശത്തുനിന്നുതന്നെ വാങ്ങുമെന്നും യോഗത്തില്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കി.

''നേരത്തെ പ്രതിമകള്‍ ചൈനയില്‍ നിന്നാണ് വന്നിരുന്നത്. ചൈന നിരീശ്വരവാദികളുടെ രാജ്യമാണ്. അവര്‍ ഇപ്പോള്‍ ലക്ഷ്മി, ഗണേശ വിഗ്രഹങ്ങള്‍ ഉയര്‍ന്ന വിലക്ക് വിറ്റഴിക്കുന്നു. നമ്മുടെ കളിമണ്‍ തൊഴിലാളികള്‍ക്ക് പണിയില്ലാതെ വെറുതേയിരിക്കുന്നു. ഇനി മുതല്‍ ചൈനയില്‍ നിന്ന് പ്രതിമകള്‍ വാങ്ങില്ല. അത് നാം തന്നെ നിര്‍മിക്കും''- യോഗി ആദിത്യനാഥ് പറഞ്ഞു.

വിവിധ പിന്നാക്ക വിഭാഗങ്ങളുടെ യോഗങ്ങളില്‍ പ്രധാന നേതാക്കള്‍ തന്നെയാണ് സംസാരിക്കുന്നത്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബിജെപി സംസ്ഥാന പ്രസിഡന്റ് സ്വതന്ത്രദേവ് സിങ്, ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ലോകേഷ് കുമാര്‍ പ്രജാപതി തുടങ്ങി ബിജെപിയിലെ പ്രധാന പിന്നാക്ക നേതാക്കളാണ് പല യോഗങ്ങളിലും പങ്കെടുക്കുന്നത്.

വിവിധ ജാതി സമുദായങ്ങളുടെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഇത്തരം സമ്മേളനങ്ങള്‍ തങ്ങള്‍ക്ക് ഉപകാരപ്പെടുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി പ്രിയങ്ക സിങ് റാവത്ത് പറഞ്ഞു.

ഒക്ടബോര്‍ 19 മുതല്‍ സംസ്ഥാനത്തെ വിവിധ ദലിത് വിഭാഗങ്ങളുടെ യോഗം നടക്കുന്നുണ്ട്. പാസി, കനൗജിയ, വാല്‍മീകി, കോരി, കതേരിയ, സോങ്കര്‍, ജാതവ് തുടങ്ങിയ ദലിത് സമുദായങ്ങളുടെ യോഗമാണ് നടക്കാനിരിക്കുന്നതെന്ന് ബിജെപി ഷെഡ്യൂള്‍ഡ് കാസ്റ്റ് മോര്‍ച്ച യുപി പ്രസിഡന്റ് രാമചന്ദ്ര കനൗജിയ പറഞ്ഞു. യുപിയിലെ പ്രധാന ദലിത് സമുദായങ്ങളാണ് ഈ ഏഴും.

ഓരോ വിഭാഗത്തിലെയും പ്രധാനികളെയും പ്രമുഖരെയും ഈ യോഗങ്ങളില്‍ പങ്കെടുപ്പിക്കുമെന്ന് ബിജെപി വക്താവ് രാകേഷ് ത്രിപാഠി പറയുന്നു. ഇവര്‍ക്കായി ചില ക്ഷേമ പദ്ധതികള്‍ ആലോചിക്കുന്നുണ്ട്. അതിനുള്ള ചര്‍ച്ചകളും ഈ യോഗങ്ങളില്‍ നടക്കും. വോട്ട് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് തുറന്നുപറയാനും നേതാക്കള്‍ക്ക് മടിയില്ല.

2019ലെ പൊതുതിരഞ്ഞെടുപ്പ് കാലത്തും സമാനമായ യോഗങ്ങള്‍ സംസ്ഥാനത്ത് വിളിച്ചുചേര്‍ത്തിരുന്നു. യുപിയിലെ ഭൂരിഭാഗവും വോട്ടര്‍മാര്‍ ദലിത്, പിന്നാക്ക വിഭാഗങ്ങളായ സാഹചര്യത്തില്‍ ഈ നീക്കത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്.

കഴിഞ്ഞ മന്ത്രിസഭാ വികസനത്തിന്റെയും ലക്ഷ്യം ഇതുതന്നെയായിരുന്നു. ഒബിസി, എസ്‌സി, എസ്ടി വിഭാഗത്തില്‍നിന്നായി ഏഴോളം പേരാണ് അന്ന് മന്ത്രിസഭയിലെത്തിയത്. ഒരു ബ്രാഹ്മണന്‍, മൂന്ന് പിന്നാക്കക്കാരന്‍, രണ്ട് എസ്‌സി, ഒരു എസ്ടി എന്നായിരുന്നു കണക്ക്.

ജൂലൈയില്‍ നടന്ന കേന്ദ്ര മന്ത്രിസഭാ വിസനത്തിലും ഇതേ ലക്ഷ്യത്തോടെയാണ് പുതിയ ചിലരെ മന്ത്രിമാരാക്കിയത്. യുപിയില്‍ നിന്നു മാത്രം മൂന്ന് ഒബിസി, മൂന്ന് ദലിത്, ഒരു ബ്രാഹ്മണന്‍ എന്നിവര്‍ കേന്ദ്ര മന്ത്രിമാരായി.

അതിനിടയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭം നടക്കുന്നത്, ബിജെപിക്ക് തലവേദനയാണ്. ലഖിംപൂരില്‍ മിശ്രയുടെ വാഹനവ്യൂഹത്തിലെ വാഹനമിടിച്ച് നാല് കര്‍ഷക പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ നാല് പേര്‍ കൂടി മരിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുരക്ഷാഭീഷണിയെത്തന്നെയാണ് ബിജെപി പ്രമേയമാക്കുന്നത്. സമാജ് വാദി പാര്‍ട്ടി കലാപകാരികള്‍ക്ക് അഭയം നല്‍കുന്നുവെന്നും ഉല്‍സവകാലങ്ങളില്‍ സംസ്ഥാനത്തെ ഇരുട്ടിലേക്ക് തള്ളുന്നുവെന്നും ആദിത്യനാഥ് ആരോപിച്ചു. നവരാത്രി കാലത്ത് സാമുദായി സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി 41,000 കേന്ദ്രങ്ങളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചെന്നും അറിയിച്ചു.

Next Story

RELATED STORIES

Share it