Big stories

വാക്‌സിന്‍ ഡിവൈഡ്; സമ്പന്ന രാജ്യങ്ങള്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നത് ദരിദ്രരാജ്യങ്ങളേക്കാള്‍ 20 ഇരട്ടി വേഗതയില്‍

വാക്‌സിന്‍ ഡിവൈഡ്; സമ്പന്ന രാജ്യങ്ങള്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നത് ദരിദ്രരാജ്യങ്ങളേക്കാള്‍ 20 ഇരട്ടി വേഗതയില്‍
X

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ റെക്കോര്‍ഡ് വേഗതയിലാണ് വികസിപ്പിച്ചെടുത്തതെങ്കിലും അതിന്റെ വിതരണം ആഗോളതലത്തിലുള്ള അസമത്വങ്ങളെ പുറത്തുകൊണ്ടുവരുന്നു. ഇതുവരെ ലോകത്ത് 500 കോടി ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇത്രയും വാക്‌സിന്‍ 190 രാജ്യങ്ങളില്‍ വിതരണം ചെയ്തു.

ഇതിനര്‍ത്ഥം ഭൂമിയിലെ മൂന്നിലൊന്ന് പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞെന്നാണ്. എന്നാല്‍ രാജ്യങ്ങളെ വകതിരിച്ച് കണക്കെടുത്താല്‍ ഈ മൂന്നിലൊന്നു പേരിലെ ഭൂരിഭാഗവും സമ്പന്ന രാജ്യത്താണ് ജീവിക്കുന്നത്. സമ്പന്ന രാജ്യങ്ങള്‍ കൂടുതല്‍ ഡോസ് വാക്‌സിന്‍ നല്‍കിയപ്പോള്‍ ദരിദ്ര രാജ്യങ്ങള്‍ കുറവ് പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കിയത്. സമ്പന്ന രാജ്യങ്ങള്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നത് ദരിദ്രരാജ്യങ്ങളേക്കാള്‍ 20 ഇരട്ടി വേഗതയിലാണെന്നാണ് ഒരു കണക്ക്.

27 ദരിദ്രരാജ്യങ്ങളിലാണ് ലോകജനസംഖ്യയുടെ 8 ശതമാനവും കഴിയുന്നത്. ഇവിടെ ആകെ ലഭിച്ചത് ആകെ വിതരണം ചെയ്തതിന്റെ അര ശതമാനം മാത്രം.

ലോകജനസംഖ്യയുടെ 43 ശതമാനവും ശരാശരിക്ക് താഴെ വരുമാനമുള്ള രാജ്യങ്ങളിലാണ്. ഏകദേശം 56 രാജ്യങ്ങള്‍ വരും ഈ പട്ടികയില്‍. ആകെ കൊവിഡ് രോഗികളുടെ നാലിലൊന്നും ഇവിടെയായിരുന്നു. മൂന്നിലൊന്ന് മരണങ്ങളും ഇതേ രാജ്യങ്ങളിലായിരുന്നു, 36 ശതമാനം. ഇവിടെ ആകെ ലഭിച്ചത് 19 ശതമാനം വാക്‌സിന്‍ മാത്രമാണ്.

26 ശതമാനം ഡോസ് വാക്‌സിനും വിതരണം ചെയ്തത് സമ്പന്ന രാജ്യങ്ങളിലാണ്. ഈ രാജ്യങ്ങളില്‍ ആകെ ലോകജനസംഖ്യയുടെ 15 ശതമാനം മാത്രമാണ് ഉള്ളത്. ആഗോള തലത്തില്‍ സമ്പന്നരായി കരുതപ്പെടുന്ന 64 രാജ്യങ്ങളിലായിരുന്നു ആഗോള രോഗബാധയുടെ 45 ശതമാനവും. മരണനിരക്ക് 20 ശതമാനം. ദരിദ്രരാജ്യങ്ങളില്‍ മരണനിരക്ക് 36 ശതമാനമായിരുന്നു. അതിനുമുകളില്‍ വരുമാനമുള്ള രാജ്യങ്ങളില്‍ 43 ശതമാനം.

ഉയര്‍ന്ന വരുമാനമുള്ള ചൈന, ബ്രസീല്‍, റഷ്യ, ടര്‍ക്കി അടക്കമുള്ള രാജ്യങ്ങളിലാണ് ആകെ വാക്‌സിന്റെ പകുതി വിതരണം ചെയ്തത്. ചൈന തനിച്ച് 39 ശതമാനം ഡോസ് ഉപയോഗിച്ചു തീര്‍ത്തു. ലോക ജനസംഖ്യയുടെ 18.30 ശതമാനം മാത്രമാണ് ചൈനയിലുള്ളത്. അതിന്റെ ഇരട്ടി ഡോസ് അവര്‍ വിതരണം ചെയ്‌തെന്നാണ് ഇതിനര്‍ത്ഥം.

അതേസമയം ലോക ജനസംഖ്യയുടെ 17.7 ശതമാനവും ഇന്ത്യയിലാണെങ്കിലും ഇന്ത്യ ഇതുവരെ ആഗോള കൊവിഡ് വാക്‌സിന്റെ 12 ശതമാനം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.

ആഗോള കൊവിഡ് വാക്‌സിന്‍ കേന്ദ്രമായി മാറിയ ഇന്തോനേഷ്യ ആഗോള വാക്‌സിന്റെ 1.8 ശതമാനം ഉപയോഗിച്ചു. ആഗോള ജനസംഖ്യയുടെ 3.5 ജനങ്ങളാണ് ഇന്തോനേഷ്യയിലുള്ളത്.

ആഗോള ജനസംഖ്യയുടെ 0.9 ശതമാനം ജനങ്ങള്‍ വസിക്കുന്ന ബ്രിട്ടന്‍ ആഗോള തലത്തില്‍ വിതരണം ചെയ്ത വാക്‌സിന്റെ 1.7 ശതമാനം ഉപയോഗിച്ചു തീര്‍ത്തു. ജനസംഖ്യയുടെ 4.3 ശതമാനം പേരെ ഉള്‍ക്കൊള്ളുന്ന യുഎസ്എ ഉപയോഗിച്ചത് 7..3 ശതമാനം. ബ്രസീലില്‍ 2.7 ശതമാനം പേരാണ് ഉള്ളത്. വിതരണം ചെയ്ത വാക്‌സിന്‍ 3.7 ശതമാനം.

വാക്‌സിന്‍ വിതരണത്തില്‍ ഏറ്റവും പിന്നില്‍ ആഫ്രിക്കയാണ്. ഇവിടെ ആഗോള ജനസംഖ്യുടെ 17 ശതമാനം പേരും പാര്‍ക്കുന്നു. ആഗോള വാക്‌സിന്‍ വിതരണത്തിന്റെ ഒരു ശതമാനമാണ് ആഫ്രിക്കക്കാര്‍ക്ക് ലഭിച്ചത്. ചില രാജ്യങ്ങളില്‍ വാക്‌സിനേഷന്‍ ഡാറ്റ തന്നെ ലഭ്യമല്ല.

ലോകജനസംഖ്യയുടെ 59 ശതമാനവും ഏഷ്യയിലാണ്. ആഗോള വാക്‌സിന്‍ വിതരണത്തിന്റെ 63 ശതമാനവും ഈ രാജ്യങ്ങളിലായിരുന്നു. തെക്കേ അമേരിക്കയില്‍ ജനസംഖ്യ 6 ശതമാനമായിരിക്കുമ്പോള്‍ വാക്‌സിന്‍ വിതരണം 5 ശതമാനം. യൂറോപ്പില്‍ 10 ശതമാനം പേരുണ്ട്, വാക്‌സിന്‍ 10 ശതമാനം. ആഫ്രിക്ക 17 ശതമാനം ജനങ്ങള്‍ വസിക്കുന്നു. വാക്‌സിന്‍ ഷെയര്‍ വെറും 0.7 ശതമാനം മാത്രം.

ഒരോ നൂറു പേരിലും വാക്‌സിന്‍ ലഭിച്ചവരുടെ കണക്കിലും സമ്പന്ന രാജ്യങ്ങളാണ് മുന്നില്‍. ഇന്ത്യയില്‍ നൂറില്‍ 45.4 പേര്‍ക്ക് ലഭിച്ചു. ചൈനയില്‍ 141.6 പേര്‍ക്ക്, (രണ്ട് ഡോസ് ആയതുകൊണ്ടാണ് കണക്ക് നൂറില്‍ കൂടുന്നത്). യുഎസ്എ 109.7 പേര്‍ക്ക്, ചിലി 149.1 പേര്‍ക്ക്, ജപ്പാന്‍ 101.1 പേര്‍ക്ക്, ആസ്‌ത്രേലിയ 73.4 പേര്‍ക്ക്, യുകെ 133 പേര്‍ക്ക്, തുര്‍ക്കി 109 പേര്‍ക്ക്, ഫ്രാന്‍സ് 133, ബ്രസീല്‍ 88.4, തെക്കേ ആഫ്രിക്ക 19.9 പേര്‍ക്ക്.

Next Story

RELATED STORIES

Share it