Latest News

വൈഷ്ണവം സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിക്ക്

ആര്‍ രാമചന്ദ്രന്‍ നായര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, പ്രഭാവര്‍മ്മ എന്നിവരടങ്ങിയ ജൂറി ഏകകണ്ഠമായാണ് പുരസ്‌കാരത്തിന് ലീലാവതി ടീച്ചറെ തിരഞ്ഞെടുത്തത്

വൈഷ്ണവം സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിക്ക്
X

തിരുവനന്തപുരം: പ്രശസ്ത കവി പ്രഫ. വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ആദ്യത്തെ വൈഷ്ണവം സാഹിത്യ പുരസ്‌കാരം പ്രശസ്ത നിരൂപകയായ ഡോ. എം ലീലാവതിക്ക് നല്കാന്‍ തീരുമാനിച്ചു. 1,11,111 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം കവിയുടെ ജന്മദിനമായ ജൂണ്‍ 2ന് സമര്‍പ്പിക്കുമെന്ന് ജൂറി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആര്‍ രാമചന്ദ്രന്‍ നായര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, പ്രഭാവര്‍മ്മ എന്നിവരടങ്ങിയ ജൂറി ഏകകണ്ഠമായാണ് പുരസ്‌കാരത്തിന് ലീലാവതി ടീച്ചറെ തിരഞ്ഞെടുത്തത്.

മലയാളകവിതയിലെ മാറിവരുന്ന ഭാവുകത്വങ്ങളെ കണ്ടെത്തുകയും ചരിത്രത്തില്‍ അടയാളപ്പെടുത്തുകയും വരാനിരിക്കുന്ന പ്രവണതകളെ പ്രവചന സ്വഭാവത്തോടെ മുന്‍കൂര്‍ കണ്ടറിഞ്ഞ് അനുവാചക സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുന്നതില്‍ അനിതരസാധാരണമായ വൈഭവം പ്രകടിപ്പിച്ചിട്ടുള്ള നിരൂപകയാണ് ഡോ. എം ലീലാവതി എന്ന് ജൂറി അഭിപ്രായപ്പെട്ടു.

മൗലികതയുടെ തെളിച്ചമുള്ള ചിന്തകള്‍കൊണ്ട് പല പതിറ്റാണ്ടുകളായി നമ്മുടെ വിമര്‍ശന സാഹിത്യത്തിനു പുതിയ മാനങ്ങള്‍ സൃഷ്ടിച്ചുപോരുന്ന എം ലീലാവതിയുടെ സംഭാവനകളുടെ സമഗ്രത മുന്‍നിര്‍ത്തിയാണ് അവര്‍ക്കു പുരസ്‌കാരം സമര്‍പ്പിക്കുന്നത്. മലയാള കവിതാസാഹിത്യ ചരിത്രം, വര്‍ണ്ണരാജി, കവിതാധ്വനി, ജിയുടെ കാവ്യജീവിതം, കവിതയും ശാസ്ത്രവും തുടങ്ങിയ കാവ്യ സംബന്ധിയായ കൃതികളും 'സ്ത്രീ സങ്കല്പം മലയാള നോവലുകളില്‍' അടക്കമുള്ള നോവല്‍ പഠനങ്ങളും എം ലീലാവതിയുടേതായുണ്ട്. 'കവിതയുടെ വിഷ്ണുലോകം' എന്ന കൃതിയിലൂടെ ലീലാവതി ടീച്ചര്‍ പ്രഫ. വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ കവിതകളെക്കുറിച്ചുള്ള സമഗ്രമായ പഠനവും പുറത്തിറക്കിയിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് മുതല്‍ കേന്ദ്ര അക്കാദമി ഫെലോഷിപ്പ് വരെ നേടിയിട്ടുള്ള എം ലീലാവതി സൗന്ദര്യാസ്വാദനത്തിന്റേതായ തനതു നിരൂപണ ശൈലി രൂപപ്പെടുത്തി. പാശ്ചാത്യ, പൗരസ്ത്യ കാവ്യമീമാംസകളുടെ താരതമ്യ പഠനം അടക്കമുള്ള രംഗങ്ങളിലും വിലപ്പെട്ട സംഭാവനകള്‍ നല്കി.

പ്രഫ. വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ സ്മരണ നിലനിര്‍ത്തുന്നതിന് ഉദ്ദേശിക്കപ്പെട്ടിട്ടുള്ള വൈഷ്ണവം ട്രസ്റ്റ് തിരുവനന്തപുരം ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. പ്രഭാവര്‍മ്മ പ്രസിഡന്റും, ഡോ. ആര്‍ അജയ് കുമാര്‍ ജനറല്‍ സെക്രട്ടറിയും, ഡോ. എന്‍ അദിതി വൈസ് പ്രസിഡന്റും, ഡോ. ശ്രീവത്സന്‍ നമ്പൂതിരി ഖജാന്‍ജിയുമായ ട്രസ്റ്റ് കവിയുടെ ഒന്നാം ചരമവാര്‍ഷിക ദിനമായ വെള്ളിയാഴ്ച ഔപചാരികമായി മുന്‍ ചീഫ് സെക്രട്ടറി ആര്‍ രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഭാരത് ഭവനില്‍ നടക്കുന്ന സമ്മേളനത്തില്‍ വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ കവിതകളെ കുറിച്ചുള്ള സെമിനാറും അനുസ്മരണ പ്രഭാഷണം പ്രശസ്ത കവി പ്രഫ. വി മധുസൂദനന്‍ നായര്‍ നടത്തും.


Next Story

RELATED STORIES

Share it