Latest News

പ്രകൃതിക്ഷോഭമേഖലകളില്‍ സന്ദര്‍ശനം അനുവദിക്കില്ല:റവന്യൂ മന്ത്രി

പ്രകൃതിക്ഷോഭമേഖലകളില്‍ സന്ദര്‍ശനം അനുവദിക്കില്ല:റവന്യൂ മന്ത്രി
X

പത്തനംതിട്ട:സംസ്ഥാനത്ത് പ്രകൃതിക്ഷോഭമുണ്ടാകുന്ന മേഖലകളില്‍ ജനങ്ങള്‍ സന്ദര്‍ശനം നടത്തുന്നത് ഒരു രീതിയിലും അംഗീകരിക്കില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. വെള്ളം കേറിയ സ്ഥലങ്ങളിലും മറ്റു ദുരന്തമേഖലകളിലും ജനങ്ങള്‍ വിനോദ സഞ്ചാര മേഖലയെന്നോണം സന്ദര്‍ശനം നടത്തുന്ന നിലയുണ്ട്.ഇത് അനുവദനീയമല്ലെന്നും,ഇക്കാര്യത്തില്‍ കര്‍ശനനടപടി സ്വീകരിക്കാന്‍ പോലിസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ ചാലക്കുടിയാറില്‍ കാട്ടാന കുടുങ്ങിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെ നൂറുകണക്കിന് ആളുകള്‍ അവിടെ സന്ദര്‍ശനം നടത്തിയെന്നും,ഇത് വളരെ ബുദ്ധിമുട്ട് സൃഷ്ടിച്ചെന്നും മന്ത്രി പറഞ്ഞു.പത്തനം തിട്ടയിലെ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണിക്കൂറില്‍ 55 കിമീ വേഗതയില്‍ വരെ നിലവില്‍ കടലില്‍ കാറ്റ് വീശുന്നുണ്ട്. അതിതീവ്ര മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ 18 മണിക്കൂറില്‍ മഴയുടെ അളവില്‍ കുറവുണ്ട്. എങ്കിലും ഇക്കാര്യത്തില്‍ ജാഗ്രത തുടരുകയാണ്. റൂള്‍ കര്‍വ് അനുസരിച്ച് ഡാമുകളിലെ ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ടെന്നും, കൃത്യമായ ഇടവേളകളില്‍ ഡാമുകളിലെ ജലനിരപ്പ് പരിശോധിച്ച് വെള്ളം ഒഴുക്കിവിടാന്‍ ക്രമീകരണം നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ടയടക്കം മഴക്കെടുതി രൂക്ഷമായ ജില്ലകളില്‍ ദേശീയ ദുരന്ത നിവാരണസേനയെ വിന്യസിച്ചിട്ടുണ്ട്. ശബരിമല തീര്‍ഥാടനത്തിന് തടസ്സമില്ല. എന്നാല്‍ പമ്പയില്‍ സ്‌നാനം അനുവദിക്കില്ല. ഇക്കാര്യത്തില്‍ ജില്ലാഭരണകൂടത്തോട് എല്ലാവരും സഹകരിക്കണം.പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് അധികൃതരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ദുരന്തസാധ്യതയുള്ള മേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ക്യാംപുകള്‍ക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കിയിട്ടുണ്ട്.2018ല്‍ കണ്ടത് പോലെ കടലിലേക്ക് വെള്ളം ഒഴുകിപോകാത്ത സ്ഥിതി നിലവില്‍ ഇല്ല. അതിനാല്‍ വലിയ ആശങ്ക കുട്ടനാട്ടില്‍ ഇല്ല. സാധാരണ നിലയില്‍ ഉണ്ടാവുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ മാത്രമേ കുട്ടനാട്ടില്‍ ഉള്ളൂവെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it