Latest News

നിര്‍മാണം പൂര്‍ത്തിയായിട്ടും ഫ്‌ലാറ്റുകള്‍ കൈമാറുന്നില്ല; ഏഴു കൊല്ലമായി വിഴിഞ്ഞത്ത് ദുരിതജീവിതം നയിക്കുന്നത് നൂറോളം കുടുംബങ്ങള്‍

തിരുവനന്തപുരം വിഴിഞ്ഞം അമ്പത് കോളനി ചേരിയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ദുരിത ജീവിതം നയിക്കുന്നത്. ഇവര്‍ക്കായി നിര്‍മാണം പൂര്‍ത്തീകരിച്ച ഫ്‌ലാറ്റുകള്‍ കോര്‍പറേഷന്‍ കൈമാറുന്നില്ല

നിര്‍മാണം പൂര്‍ത്തിയായിട്ടും ഫ്‌ലാറ്റുകള്‍ കൈമാറുന്നില്ല; ഏഴു കൊല്ലമായി വിഴിഞ്ഞത്ത് ദുരിതജീവിതം നയിക്കുന്നത് നൂറോളം കുടുംബങ്ങള്‍
X

തിരുവനന്തപുരം: നിര്‍മാണം പൂര്‍ത്തിയായിട്ടും വിഴിഞ്ഞം ടൗണ്‍ഷിപ്പ് ഫ്‌ലാറ്റുകള്‍ കൈമാറുന്നില്ല. 15 മാസം കൊണ്ട് പണി പൂര്‍ത്തീകരിച്ച് ഫ്‌ലാറ്റ് കൈമാറാം എന്ന ഉറപ്പിലാണ് താല്‍ക്കാലിക ഷെഡുകളിലേക്ക് നൂറോളം കുടുംബങ്ങള്‍ ഏഴുവര്‍ഷം മുന്‍പ് മാറി താമസിക്കാന്‍ തുടങ്ങിയത്.

തിരുവനന്തപുരം വിഴിഞ്ഞം അമ്പത് കോളനി ചേരിയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ദുരിത ജീവിതം നയിക്കുന്നത്. ഇവര്‍ക്കായി നിര്‍മിച്ച ഫഌറ്റുകള്‍ ഏഴ് വര്‍ഷമായിട്ടും കോര്‍പറേഷന്‍ കൈമാറിയിട്ടില്ല.

രാജീവ് ആവാസ് യോജനാ പദ്ധതിയുടെ ഭാഗമായാണ് 320 ഫഌറ്റുകള്‍ നിര്‍മ്മിച്ചത്. ഇപ്പോള്‍ ചേരിയിലെ ഒറ്റമുറി ഷെഡുകളില്‍ കഴിയുന്നത് 100 ഓളം കുടുംബങ്ങളാണ്. ചേരികളില്‍ താമസിക്കുന്നതിന് പുറമെ നിരവധി കുടുംബങ്ങള്‍ ബന്ധുക്കളുടെ വീടുകളിലും വാടക വീടുകളിലും താമസിക്കുന്നുണ്ട്.


ഒറ്റമുറി ടാര്‍പോളിന്‍ കൂരകള്‍

ടാര്‍പാളിന്‍ ഷീറ്റിനടിയിലാണ് ചേരിയിലെ മല്‍സ്യത്തൊഴിലാളികള്‍ താമസിക്കുന്നത്. ആവശ്യത്തിന് കുടിവെള്ളമില്ല. ആഴ്ചയിലൊരിക്കലാണ് കുടിവെള്ളം ലഭിക്കുന്നത്. 350 പേര്‍ക്ക് ഒറ്റ കക്കൂസ് മാത്രമാണുള്ളത്. ടാര്‍പോളിന്‍ കൂരകളായതിനാല്‍ വേനലില്‍ കൊടും ചൂടാണ്. കൊടുവേനലില്‍ വീടിന് പുറത്ത് തുറസ്സായ സ്ഥലത്താണ് പലപ്പോഴും കുഞ്ഞുകുട്ടികള്‍ സഹിതം കഴിയുന്നത്.

ഷെഡുകളായതിനാല്‍ കുട്ടികളുടെ വിവാഹം പോലും ഇവിടെ നടത്താന്‍ കഴിയാറില്ല. വിവാഹ പ്രായമായ പെണ്‍കുട്ടികളുടെ വിവാഹം തന്നെ അനിശ്ചിതത്തിലാണ്. അഞ്ചും ആറും പേര്‍ ഒരു കൊച്ചു മുറിയിലാണ് താമസിക്കുന്നത്. ഇവിടെ മരണപ്പെടുന്നവരെ മരണാന്തര ചടങ്ങുകള്‍ പോലും നടത്താന്‍ കഴിയാറില്ലെന്ന് താമസക്കാര്‍ പറയുന്നു.

തുടക്കത്തില്‍ വാടയ്ക്ക് വീടെടുത്ത താമസിക്കുന്നതിന് ഫണ്ട് അനുവദിച്ചെങ്കിലും ഭൂരിപക്ഷം പേര്‍ക്കും അത് ലഭിച്ചിട്ടില്ല. അപൂര്‍വം ചിലര്‍ക്ക് മാത്രമാണ് വീട്ടു വാടക ലഭിച്ചത്.


കോര്‍പറേഷന്റെ അനധികൃത പണപ്പിരിവ്

അതിനിടെ നഗരസഭ ഫ്‌ലാറ്റ് ഗുണഭോക്താക്കള്‍ 60000 രൂപ തവണ വ്യവസ്ഥയില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. അതുപ്രകാരം ഈ തുകയില്‍ 54000 രൂപ വരെ കുടുംബങ്ങള്‍ അടച്ച് കഴിഞ്ഞു. ഫ്‌ലാറ്റിന് വേണ്ടി താമസ സ്ഥലവും വീടും നല്‍കിയവരില്‍ നിന്നാണ് വീണ്ടും പണപ്പിരിവ് നടത്തിയത്. എന്നാല്‍, തുടക്കത്തില്‍ ആവശ്യപ്പെടാതിരുന്ന ഈ തുക പിന്നീട് മല്‍സ്യത്തൊഴിലാളികളില്‍ നിന്ന് വാങ്ങിയത് ദുരൂഹമാണ്. ആ തുക ഏതാണ്ട് അടച്ച് കഴിഞ്ഞിട്ടും ഫ്‌ലാറ്റ് അനുവദിക്കുന്നില്ലെന്നാണ് ചേരിയില്‍ താമസക്കുന്നവരുടെ പരാതി.

കടം വാങ്ങിയും മാലപണയപ്പെടുത്തിയും പണം കൊടുത്തിട്ടും ഫഌറ്റുകള്‍ കൈമാറുന്നില്ല. ജനപ്രതിനിധികളോട് ആവശ്യം ഉന്നയിക്കുമ്പോള്‍ കൈമലര്‍ത്തുകയാണെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

പണി പൂര്‍ത്തിയായിട്ടും ഫ്‌ലാറ്റ് നല്‍കുന്നില്ല

ഫ്‌ലാറ്റ്കള്‍ക്ക് ചെറിയ മിനുക്ക് പണി മാത്രമാണ് ഇനി ബാക്കിയുള്ളത്. എന്നിട്ടും കൈമാറുന്നതില്‍ എന്തിനാണ് കാലതാമസം എന്ന് തൊഴിലാളികള്‍ ചോദിക്കുന്നു. ഫഌറ്റ് ഉടന്‍ കൈമാറുമെന്ന് കോര്‍പ്പറേഷന്‍ പലതവണ പറഞ്ഞിട്ടുണ്ട്.

നേരത്തെ, ഈ വര്‍ഷം ജനുവരി രണ്ടിന് ഫ്‌ലാറ്റ് ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ഇങ്ങനെ പലവട്ടം ഉദ്ഘാടന തിയ്യതി അറിയിച്ചിരുന്നു. ഇപ്പോള്‍, പ്രതിഷേധം ശക്തിപ്പെടുത്തിയതോടെ കോര്‍പറേഷന്‍ അറ്റകുറ്റപ്പണികള്‍ പോലും നിര്‍ത്തിവെച്ച് അനാവശ്യമായി ഉദ്ഘാടനം നീട്ടിക്കൊണ്ട് പോവുകയാണെന്ന് ചേരി നിവാസി ഇസ്മാഈല്‍ തേജസ് ന്യൂസിനോട് പറഞ്ഞു.

അതേസമയം, രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിലേക്ക് ഉദ്ഘാടനം നീട്ടിവെയ്ക്കാനാണ് പദ്ധതിയെന്ന് പ്രദേശിവാസികള്‍ ആരോപിക്കുന്നു. ആദ്യം 400 സ്‌ക്വയര്‍ ഫീറ്റിന് മുകളിലായിരുന്നു ഫ്‌ലാറ്റ് നല്‍കുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍, ഇപ്പോള്‍ പറയുന്നത് 350 സ്‌ക്വയര്‍ ഫീറ്റ് വീടേ ലഭിക്കൂ എന്നാണ്.

വീട് ലഭിക്കാന്‍ ഇപ്പോള്‍ സമരം ചെയ്യേണ്ട ഗതികേടിലാണ് മല്‍സ്യത്തൊഴിലാളികള്‍.

Next Story

RELATED STORIES

Share it