Cricket

ഇത് സഞ്ജു സ്റ്റൈല്‍; ഡര്‍ബനില്‍ സെഞ്ചുറി നേട്ടം; ഒപ്പം റെക്കോഡും

ഇത് സഞ്ജു സ്റ്റൈല്‍; ഡര്‍ബനില്‍ സെഞ്ചുറി നേട്ടം; ഒപ്പം റെക്കോഡും
X

ഡര്‍ബന്‍: ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചുറി നേടി സഞ്ജു സാംസണ്‍. 47പന്തില്‍ 9 സിക്സും 7 ഫോറുമായി സഞ്ജു സാംസണ്‍ സെഞ്ചുറി അടിച്ചെടുക്കുകയായിരുന്നു. ഇതോടെ ഇന്ത്യയ്ക്കായി ട്വന്റി-20യില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന ആദ്യ താരമായി സഞ്ജു. ദക്ഷിണാഫ്രിക്കക്കെതിരെ ഒരു ഇന്ത്യന്‍ താരം തേടുന്ന അതിവേഗ സെഞ്ചുറിയാണിത്.

രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ താരമാണ് സഞ്ജു. ഗുസ്താവോ മക്കെയോണ്‍, റിലീ റൂസോ, ഫില്‍ സാള്‍ട്ട് എന്നിവര്‍ മാത്രമാണ് സഞ്ജുവിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. 27 പന്തില്‍ അര്‍ധസഞ്ചുറിയിലെത്തിയ സഞ്ജു സെഞ്ചുറിയിലെത്താന്‍ എടുത്തത് 20 പന്തുകള്‍ കൂടി മാത്രമായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യന്‍ താരത്തിന്റെ അതിവേഗ സെഞ്ചുറിയെന്ന റെക്കോര്‍ഡും ഡര്‍ബനില്‍ സഞ്ജു അടിച്ചെടുത്തു. 55 പന്തില്‍ സെഞ്ചുറിയിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ റെക്കോര്‍ഡാണ് 47 പന്തില്‍ സെഞ്ചുറിയിലെത്തി സഞ്ജു മറികടന്നത്.

ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോറുകള്‍ നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടത്തിനൊപ്പവും സഞ്ജു എത്തി. എം എസ് ധോണിയെയും റിഷഭ് പന്തിനെയും പിന്നിലാക്കി സഞ്ജു മൂന്ന് 50+ സ്‌കോറുകള്‍ നേടിയിട്ടുള്ള കെ എല്‍ രാഹുലിന്റെും ഇഷാന്‍ കിഷന്റെയും നേട്ടത്തിനൊപ്പമാണ് എത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. മറുപടി ബാറ്റിങില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക 58 റണ്‍സെടുത്തിട്ടുണ്ട്.




Next Story

RELATED STORIES

Share it