Latest News

വഖ്ഫ് നിയമനം: സിപിഎമ്മിന്റേത് ഫാഷിസ്റ്റ് നിലപാടെന്ന് പി അബ്ദുല്‍ ഹമീദ്

സിപിഎം കണ്ണുരുട്ടിയപ്പോള്‍ മുട്ടുവിറയ്ക്കുന്ന ലീഗിന് ഈ സമൂഹത്തെ രക്ഷിക്കാനാവില്ല. വഖ്ഫ് വിഷയം ഉയര്‍ത്തി മുസ്‌ലിം സംഘടനകളെ വിളിച്ചു കൂട്ടി വിവാദ തീരുമാനമെടുപ്പിച്ച ശേഷം അവരെ പെരുവഴിയില്‍ ഉപേക്ഷിച്ച് തടിതപ്പുകയാണ് ലീഗ്.

വഖ്ഫ് നിയമനം: സിപിഎമ്മിന്റേത് ഫാഷിസ്റ്റ് നിലപാടെന്ന് പി അബ്ദുല്‍ ഹമീദ്
X

തിരുവനന്തപുരം: വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്കു വിട്ട സംസ്ഥാന സര്‍ക്കാരിന്റെ വഞ്ചനാപരമായ നിലപാടിനെതിരേ പള്ളികളില്‍ പ്രസംഗിച്ചാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന സിപിഎം സെക്രട്ടറിയേറ്റിന്റെ വെല്ലുവിളി ഫാഷിസമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. മുസ്‌ലിം സമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന വിഷയത്തില്‍ വിശ്വാസികളെ ബോധവല്‍ക്കരിക്കുന്നതില്‍ സിപിഎം എന്തിനാണ് വിറളി പിടിക്കുന്നത്. വിമര്‍ശകരുടെ നാവരിയുന്ന ബിജെപി സര്‍ക്കാരിന്റെ പാത അനുകരിക്കുന്നത് സിപിഎമ്മിന് ദോഷം ചെയ്യും. സര്‍ക്കാര്‍ നടപടികള്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി വിവിധ സമുദായങ്ങള്‍ വിശ്വാസികളെ സംബോധന ചെയ്യുമ്പോഴൊന്നും ഉണ്ടാകാത്ത അസഹിഷ്ണുത എന്തിനാണ് സിപിഎം ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്. പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ പ്രതികളാകുന്നതോടെ ശ്രദ്ധ തിരിക്കാനുള്ള മാര്‍ഗ്ഗമായി വിഷയത്തെ വഴിതിരിച്ചുവിടാനാണ് സിപിഎം ശ്രമിക്കുന്നത്.

അതേസമയം നിലവില്‍ വിഷയം കലുഷിതമാക്കുന്നതില്‍ ലീഗിന്റെ ഗൂഢ രാഷ്ട്രീയ താല്‍പ്പര്യവും കാരണമായിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ പല ന്യൂനപക്ഷപിന്നാക്ക വിരുദ്ധ സമീപനങ്ങളോടും ഒപ്പം നിന്ന മുസ്‌ലിം ലീഗ് ഇത്തരം വിഷയങ്ങളില്‍ മുസ്‌ലിം സംഘടനാ നേതൃത്വത്തിന്റെ ഭാഗമായി ഇടപെടുന്നതില്‍ രാഷ്ട്രീയ കാപട്യമുണ്ട്. മുസ്‌ലിം കൂട്ടായ്മയുടെ നിലപാട് പറയേണ്ടത് മുസ്‌ലിം സംഘടനാ നേതാക്കളാണ് മുസ്‌ലിം ലീഗല്ല. വഖ്ഫ് വിഷയം ഉയര്‍ത്തിക്കാട്ടി മുസ്‌ലിം സംഘടനകളെ വിളിച്ചു കൂട്ടി വിവാദ തീരുമാനമെടുപ്പിച്ച ശേഷം അവരെ പെരുവഴിയില്‍ ഉപേക്ഷിച്ച് തടിതപ്പുകയാണ് ലീഗ്.

സിപിഎം കണ്ണുരുട്ടിയപ്പോള്‍ മുട്ടുവിറയ്ക്കുന്ന ലീഗിന് ഈ സമൂഹത്തെ രക്ഷിക്കാനാവില്ല. വഖ്ഫ് ബോര്‍ഡില്‍ ലീഗിന്റെ അപ്രമാദിത്വമാണ് ഇത്തരത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയിലേക്കെത്തിച്ചത്. കേരള ജനസംഖ്യയുടെ 28 ശതമാനം വരുന്ന മുസ്‌ലിംകള്‍ക്ക് അടുത്ത കാല്‍നൂറ്റാണ്ടില്‍ എന്നെങ്കിലും ലഭിച്ചേക്കാവുന്ന 130 ഉദ്യോഗമല്ല പ്രശ്‌നം. സര്‍ക്കാര്‍ തീരുമാനം ദുഷ്ടലാക്കോടെയുള്ള രാഷ്ട്രീയ വഞ്ചനയാണെന്നു തിരിച്ചറിയാന്‍ സാമാന്യ ബുദ്ധി മാത്രം മതി. ഇടതു സര്‍ക്കാരിന്റെ ന്യൂനപക്ഷ വഞ്ചനയ്‌ക്കെതിരേ ഒറ്റക്കെട്ടായി പ്രതിഷേധിക്കാന്‍ സമൂഹം തയ്യാറാവണമെന്നും ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും വശംവദരാവരുതെന്നും പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറുപ്പില്‍ അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it