Latest News

ടി. ആര്‍ ആന്‍ഡ് ടി കമ്പനിയിലെ തൊഴില്‍ തര്‍ക്കം: ഒത്തുതീര്‍പ്പുവ്യവസ്ഥ നടപ്പാക്കണമെന്ന് വെല്‍ഫെയല്‍ പാര്‍ട്ടി പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റി

ടി. ആര്‍ ആന്‍ഡ് ടി കമ്പനിയിലെ തൊഴില്‍ തര്‍ക്കം: ഒത്തുതീര്‍പ്പുവ്യവസ്ഥ നടപ്പാക്കണമെന്ന് വെല്‍ഫെയല്‍ പാര്‍ട്ടി പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റി
X

മുണ്ടക്കയം: തൊഴിലാളി സംഘടനകളുടെ ഇടപെടലിനെ തുടര്‍ന്ന് മുണ്ടക്കയം ടി. ആര്‍ ആന്‍ഡ് ടി കമ്പനിയിലെ തൊഴിലാളികള്‍ക്ക് മാര്‍ച്ച് മാസത്തെ കൂലിയില്‍നിന്നും മൂവായിരം രൂപ അഡ്വാന്‍സ് നല്‍കി. എന്നാല്‍ 50 ശതമാനം സ്ഥിരം തൊഴിലാളികള്‍ ജോലി ചെയ്യാന്‍ തുടങ്ങിയെങ്കിലും നേരത്തെ കൊടുക്കാമെന്നു സമ്മതിച്ച പല അലവന്‍സുകളും ഇനിയും നല്‍കിയിട്ടില്ല. ഇവയ്ക്ക് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാവണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ബൈജു സ്റ്റീഫന്‍ ആവശ്യപ്പെട്ടു.

ലോക്ക് ഡൗണ്‍ മൂലം മാര്‍ച്ച് മാസത്തില്‍ ജോലി നടന്നില്ല. ഒരു മാസത്തിലേറെ കൂലികിട്ടാതിരുന്നതിനാല്‍ കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങി കുടുംബം പുലര്‍ത്തേണ്ടിവന്നു പല തൊഴിലാളികള്‍ക്കും. ബാങ്ക് വായ്പകള്‍, പി. എഫ് പിടുത്തം, അഡ്വാന്‍സ് തുടങ്ങിയവ കിഴിച്ചാല്‍ വലുതായൊന്നും കിട്ടാനില്ലാത്ത സാഹചര്യത്തിലാണ് തൊഴിലാളികള്‍.

അന്‍പതു ശതമാനം തൊഴിലാളികള്‍ക്കായി ജോലി നിജപ്പെടുത്തിയിരിക്കുന്നതിനാല്‍ ഒരാള്‍ക്ക് ഒരു മാസം പന്ത്രണ്ടോളം തൊഴില്‍ദിനങ്ങളേ ലഭിക്കാന്‍ സാദ്ധ്യതയുള്ളൂ. തുടര്‍ജീവിതം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി നിരവധി ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മാര്‍ച്ച് മാസത്തെ കൂലിയോ അവധിക്കാശോ നാളിതുവരെ ലഭിച്ചിട്ടില്ല. തോട്ടം തുറന്നശേഷം ഒരു ദിവസം പോലും ജോലി ലഭിക്കാത്തവരുണ്ട്.

ജോലിയുടെ മുഴുവന്‍ കൂലി, വഴിക്കാശും അവധിക്കാശുമടക്കമുള്ള മറ്റാനുകൂല്യങ്ങളും സ്ഥിരം-താല്കാലിക വ്യത്യാസമില്ലാതെ എല്ലാ തൊഴിലാളികള്‍ക്കും അടിയന്തിരമായി വിതരണം ചെയ്യണം, തോട്ടത്തിനുള്ളില്‍ പുറമേ നിന്നുള്ള പാട്ടക്കാര്‍ നടത്തുന്ന പൈനാപ്പിള്‍ കൃഷി ജോലികള്‍ താല്കാലിക തൊഴിലാളികള്‍ക്ക് കൂടി നല്കണം, പരമാവധി മരങ്ങളില്‍ റെയിന്‍ഗാര്‍ഡ് നടത്തി ഉല്പാദനം മെച്ചപ്പെടുത്തണം, കഴിയുന്നിടത്തോളം ഡി3 സംവിധാനത്തില്‍ ടാപ്പിംഗ് നടത്തണം, ഉപയോഗിക്കാതെ കിടക്കുന്ന നഴ്‌സറികളിലും മറ്റിടങ്ങളിലും പച്ചക്കറിയടക്കമുള്ള കൃഷി നടത്തി ന്യായവിലയ്ക്ക് തൊഴിലാളികള്‍ക്ക് ലഭ്യമാക്കണം, ഗാര്‍ഡന്‍ ആശുപത്രിയില്‍ മെച്ചപ്പെട്ട ചികില്‍സാസൗകര്യങ്ങളുണ്ടാക്കണം, ദുരിതകാലസഹായം ലക്ഷ്യമാക്കി പൊതുഫണ്ട് ഉണ്ടാകുന്നതിനെപ്പറ്റി ആലോചിക്കണം, എല്ലാ ക്രയവിക്രയനടപടികളും സുതാര്യമാക്കണം ഇതൊക്കെയാണ് ആവശ്യം. പ്രമോട്ടറി ഇന്‍സെന്റീവുകള്‍ തൊഴിലാളികള്‍ക്ക് ലഭ്യമാക്കുകയും തൊഴില്‍നിയമങ്ങള്‍ കൃത്യമായി നടപ്പിലാക്കിയും വ്യവസായത്തെയും തൊഴിലാളികളെയും രക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും ബൈജു സ്റ്റീഫന്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it