Emedia

ആരാണ് സ്വത്വ വാദികള്‍...?

ആരാണ് സ്വത്വ വാദികള്‍...?
X

ആബിദ് അടിവാരം

കോഴിക്കോട്; സ്വത്വവാദികള്‍ എന്നത് ഇന്നൊരു ആരോപണമാണ്. പിന്നാക്ക, ന്യൂനപക്ഷ ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടാവുന്ന മുന്നേറ്റങ്ങളെ അപഹസിക്കാനുള്ള തെറിവാക്കുപോലെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. സവര്‍ണ മുന്നേറ്റങ്ങള്‍ ഈ വാക്കുകൊണ്ട് സൂചിപ്പിക്കപ്പെടാത്തത് അതുകൊണ്ടാണ്. ഇതേകുറിച്ചാണ് ആബിദ് അടിവാരം ഫേസ്ബുക്കില്‍ എഴുതുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

മുസ് ലിംകള്‍, ദലിതുകള്‍, പിന്നാക്ക ഹിന്ദുക്കള്‍.. അവരല്ലേ സ്വത്വപരമായി സംഘടിച്ച് അവകാശങ്ങള്‍ ചോദിക്കുന്നത്, അവരല്ലേ സ്വത്വരാഷ്ട്രീയം മുന്നോട്ടു വെക്കുന്നത്... അല്ലേ, അങ്ങനെയല്ലേ നമ്മുടെയൊക്കെ മനസ്സിലുള്ളത്.

എന്‍എസ്എസ് നായന്‍മാരുടെ സ്വത്വപരമായ സംഘാടനമാണ് എന്ന് ആരെങ്കിലും പറയാറുണ്ടോ...? കേരളാ കോണ്‍ഗ്രസ് ക്രിസ്ത്യാനികളുടെ സ്വത്വപരമായ സംഘാടനമാണ് എന്ന് ആരെങ്കിലും പറയാറുണ്ടോ...? ബ്രാഹ്മണ സഭയും മുന്നാക്ക സമുദായ മുന്നണിയും സ്വത്വപരമായ സംഘാടനമാണെന്ന് നമുക്ക് തോന്നാറുണ്ടോ..?

അതാണ് സവര്‍ണ രാഷ്ട്രീയക്കാരുടെ മിടുക്ക്.! അവര്‍ സ്വത്വപരമായി സംഘടിച്ച് താക്കോല്‍ സ്ഥാനങ്ങള്‍ ചോദിച്ച് വാങ്ങുകയും പൊതുമുതലിനുമേല്‍ അര്‍ഹിക്കുന്നതിലേറെ അവകാശം കയ്യില്‍ വെക്കുകയും ചെയ്ത ശേഷം തനിക്ക് താഴെയുള്ളവനെ സ്വത്വരാഷ്ട്രീയക്കാരെന്ന് പരിഹസിക്കുകയാണ് ചെയ്യുന്നത്.

മുന്നോക്ക സ്വത്വരാഷ്ട്രീയവും പിന്നാക്ക സ്വത്വരാഷ്ട്രീയവും പ്രവര്‍ത്തിക്കുന്നതില്‍ ഒരു ചെറിയ വ്യത്യാസമുള്ളത്, പിന്നാക്കക്കാര്‍ നിരന്തരം ഒച്ചവെച്ചു കൊണ്ടിരിക്കും, മുന്നാക്കക്കാര്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ വാ തുറക്കൂ, പിന്നോക്കക്കാരന്‍ തനിക്ക് അവകാശപ്പെട്ടത് കിട്ടാനും മുന്നാക്കക്കാരന്‍ പിന്നാക്കക്കാരന്റെ അവകാശത്തില്‍ കയ്യിട്ടു വാരാനുമാണ് സംഘടിച്ചിട്ടുള്ളത്. മുന്നാക്ക സ്വത്വരാഷ്ട്രീയക്കാര്‍ ശബ്ദമുണ്ടാക്കിയാല്‍ അവരെ തന്നെ ബാധിക്കും എന്നുറപ്പുള്ളത് കൊണ്ടാണ് നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്നത്.

നോക്കൂ. ഇപ്പോള്‍ സിപിഎം സംസ്ഥാന സമ്മേളനം നടന്നു വരികയാണ്. കേരളത്തിന്റെ ജനസംഖ്യയില്‍ 14 ശതമാനമാണ് മുന്നാക്കനായര്‍ ഹിന്ദുക്കള്‍, ദലിതുകള്‍ 12 ശതമാനമുണ്ട്, ഈഴവര്‍ 24 ശതമാനം. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വോട്ട് വെച്ച് വിലയിരുത്തിയാല്‍ കേരളത്തിലെ നായര്‍ സ്വാധീനമുള്ള പ്രദേശങ്ങളില്‍ ബിജെപി മേല്‍ക്കൈ നേടിയത് കാണാന്‍ കഴിയും. മുന്നാക്ക ഹിന്ദുക്കളില്‍ ഭൂരിപക്ഷം ബിജെപി വോട്ടര്‍മാരാണ്, പിന്നാക്ക ഹിന്ദുക്കള്‍ ഇടത്പക്ഷ വോട്ടര്‍മാരാണ്. പക്ഷേ നിങ്ങള്‍ മന്ത്രിസഭ എടുത്തു നോക്കൂ, പാര്‍ട്ടി കമ്മിറ്റികള്‍ എടുത്തു നോക്കൂ. ദലിതനെക്കാള്‍ പത്തിരട്ടി നായന്‍മാരെ കാണും. 27 ശതമാനം വരുന്ന മുസ് ലിംകള്‍ക്കുളളതിനെക്കാള്‍ അവസരം 14 ശതമാനം വരുന്ന സവര്‍ണ്ണ ക്രിസ്ത്യാനിക്കുണ്ടാകും. ഇത് സിപിഎമ്മില്‍ മാത്രമല്ല, നിങ്ങള്‍ കോണ്‍ഗ്രസിനെ നോക്കൂ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 93 സീറ്റിലാണ് കോണ്‍ഗ്രസ് മല്‍സരിച്ചത് അതില്‍ 30 സീറ്റ് നായന്‍മാര്‍ക്കും, 25 സീറ്റ് ക്രിസ്ത്യാനികള്‍ക്കും കൊടുത്തു. ബാക്കി 38 സിറ്റുകളാണ് ജനസംഖ്യയുടെ 70 ശതമാനത്തോളം വരുന്ന ദലിത് പിന്നാക്ക മുസ് ലിം വിഭാഗങ്ങള്‍ക്ക് നീക്കിവെച്ചത്.

ഇത്രയും പറയുമ്പോഴേക്ക് എല്ലാത്തിലും ജാതിയും മതവും തിരയുന്ന സുഡാപ്പി എന്ന് വിളിക്കാന്‍ ചിലര്‍ക്കെങ്കിലും തോന്നും, നിനക്കൊക്കെ മനുഷ്യനായി ജീവിച്ചു കൂടേ എന്ന് ചോദിക്കും മന്ത്രിസഭയില്‍ ഒരു മുസ് ലിം മന്ത്രികൂടിയുണ്ടായാല്‍ ഇവരുടെ സ്വഭാവം പക്ഷേ മാറും. പാര്‍ട്ടിയിലെ സീനിയറായ ഒരു ദലിത് നേതാവ് മന്ത്രിയാകുമ്പോള്‍ നവോത്ഥാനമായി ആഘോഷിക്കുകയും കാബിനറ്റിലെ 10 നായന്‍മാര്‍ സ്വാഭാവീകമായി തോന്നുകയും ചെയ്യും. അതാണ് മുന്നാക്ക സ്വത്വരാഷ്ട്രീയക്കാരുടെ മിടുക്ക്. അവര്‍ നിശ്ശബ്ദമായി തന്ത്രപൂര്‍വ്വം നേടിയെടുക്കുന്നതിനെ സ്വാഭാവീകമെന്ന് വിളിക്കാന്‍ പിന്നാക്ക ദലിത് മുസ് ലിം പക്ഷത്തുനിന്ന് അടിമകളെ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയും. പിന്നാക്കക്കാര്‍ സ്വത്വപരമായി സംഘടിക്കുന്നതിനെ നോക്കി അയ്യേ സ്വത്വവാദം എന്ന് കളിയാക്കി മൂലക്കിരുത്താനും ഇതേ അടിമകളെ ഉപയോഗിക്കും.

എന്‍എസ്എസ് പോലുള്ള സംഘടനകള്‍ സര്‍ക്കാരില്‍ നിന്ന് വാങ്ങിയെടുക്കുന്ന ആനുകൂല്യങ്ങളുടെ കണക്ക് ചോദിക്കപ്പെടില്ല. റിട്ടേഡ് ഐപിഎസ്‌കാരി എന്‍എസ്എസ് കൈക്കൂലി ചോദിച്ചതിനെക്കുറിച്ച് പറഞ്ഞാല്‍ കേട്ട ഭാവം നടിക്കില്ല. എന്തിനേറെ പ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട പാവപ്പെട്ടവന് പുതിയ വീടു വെക്കാന്‍ 3 ലക്ഷം രൂപ കൊടുക്കാമെന്ന് തീരുമാനിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ അഗ്രഹാരങ്ങളിലെ പൂണൂല്‍ സ്വത്വമുള്ളവന് വീട് അറ്റകുറ്റപ്പണി നടത്താന്‍ 10 ലക്ഷം വീതം അനുവദിക്കുന്നതില്‍ ഒരു വിധ അപാകതയും തോന്നാത്ത, സവര്‍ണ്ണ സംവരണത്തെ കൈകാലിട്ടടിച്ച് ന്യായീകരിക്കുന്ന പിന്നാക്കക്കാരുടെ ചെലവിലാണ് കേരളത്തില്‍ യഥാര്‍ത്ഥ സ്വത്വ രാഷ്ട്രീയക്കാര്‍ തഴച്ചു വളരുന്നത്.

സ്വത്വ രാഷ്ട്രീയമെന്ന് കേള്‍ക്കുമ്പോഴേക്ക് ദലിതന്റെയും മുസ് ലിമിന്റെയും നേരെ തിരിയണ്ട, യാഥാര്‍ത്ഥ സ്വത്വ വാദികള്‍ കര്‍ട്ടന് പിന്നിലിരുന്ന് നിങ്ങളെ നോക്കി ചിരിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it