Latest News

എന്തുകൊണ്ടാണ് ഇന്ന് വരെ ഒരു പുരോഗതിയും ഉണ്ടാകാത്തത്; ആര്‍ജി കര്‍ ബലാല്‍സംഗ-കൊല കേസില്‍ സുപ്രിം കോടതി

ഉടന്‍ തന്നെ അടുത്ത മീറ്റിങ് നടക്കണമെന്നും ലിസ്റ്റിങ്ങിന്റെ അടുത്ത തീയതിക്കകം എന്‍ടിഎഫ് തയാറാക്കുന്ന താത്കാലിക ശുപാര്‍ശകളെക്കുറിച്ച് സുപ്രിം കോടതിയെ അറിയിക്കണമെന്നും ബെഞ്ച് പറഞ്ഞു

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടറെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇതുവരെയും കാര്യമായ പുരോഗതി ഒന്നും തന്നെ ഇല്ലാത്തതെന്താണെന്ന് സുപ്രിം കോടതി. കോടതിയുടെ ഉത്തരവിന് അനുസൃതമായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച നാഷണല്‍ ടാസ്‌ക് ഫോഴ്സ് കാര്യമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

'സെപ്റ്റംബര്‍ ഒമ്പതിന് ശേഷം ടാസ്‌ക് ഫോഴ്സ് എന്താണ് ചെയ്തത്? എന്തുകൊണ്ടാണ് സെപ്തംബര്‍ ഒമ്പതിന് ശേഷം ഇന്ന് വരെ ഒരു പുരോഗതിയും ഉണ്ടാകാത്തത്? ഭാവിയില്‍ ടാസ്‌ക് ഫോഴ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ന്യായമായ സമയത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സജീവമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ഞങ്ങള്‍ കരുതുന്നു,' ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഉടന്‍ തന്നെ അടുത്ത മീറ്റിങ് നടക്കണമെന്നും ലിസ്റ്റിങ്ങിന്റെ അടുത്ത തീയതിക്കകം എന്‍ടിഎഫ് തയാറാക്കുന്ന താത്കാലിക ശുപാര്‍ശകളെക്കുറിച്ച് സുപ്രിം കോടതിയെ അറിയിക്കണമെന്നും ബെഞ്ച് പറഞ്ഞു.സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് പശ്ചിമ ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല നിരാഹാര സമരം ഒക്ടോബര്‍ 15 ചൊവ്വാഴ്ച പതിനൊന്നാം ദിവസത്തിലേക്ക് കടന്നു.

ഓഗസ്റ്റ് 9നാണ് കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കൊളേജിലെ പിജി വിഭാഗം ഡോക്ടറായ 31 കാരിയെ ക്രൂര പീഡനത്തിന് വിധേയമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു.





Next Story

RELATED STORIES

Share it