Latest News

ഏക്‌നാഥ് ഷിന്‍ഡെ അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രിയാവുമോ?

ഏക്‌നാഥ് ഷിന്‍ഡെ അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രിയാവുമോ?
X

മുംബൈ: ശിവസേനയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതോടെ മഹാരാഷ്ട്ര സര്‍ക്കാരിന് ആര് നേതൃത്വം നല്‍കുമെന്നതിനെക്കുറിച്ച് അനിശ്ചിതത്വം തുടരുകയാണ്. താന്‍ തന്റെ പിതാവിന്റെ ഹിന്ദുത്വപാതയില്‍ നിന്ന് ഒരിഞ്ചുപോലും പുറകോട്ട് പോയിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറയുന്നത്. എന്നാല്‍ ബാല്‍തദാക്കറെയുടെ പൈതൃകം ഉദ്ദവ് കളഞ്ഞുകുളിച്ചുവെന്നാണ് ഷിന്‍ഡെയുടെ പരാതി.

പാര്‍ട്ടിയില്‍ ഒരു എംഎല്‍എയെങ്കിലും എഴുന്നേറ്റ് നിന്ന് തന്നോട് രാജിവച്ചൊഴിയാന്‍ ആവശ്യപ്പെട്ടാല്‍ ആ നിമിഷം ഒഴിയാന്‍ രാജിക്കത്ത് എഴുതിത്തയ്യാറാക്കിക്കഴിഞ്ഞെന്ന് താക്കറെ പറയുന്നു. അതേസമയം താന്‍ ഒഴിഞ്ഞാല്‍ മറ്റൊരു ശിവസേന നേതാവായിരിക്കുമോ മുഖ്യമന്ത്രിയെന്ന് ഉറപ്പുണ്ടോയെന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തിയിട്ടുണ്ട്.

ഷിന്‍ഡെയാണ് നേതാവെന്ന് പറഞ്ഞ് പാര്‍ട്ടിയിലെ 30 എംഎല്‍എമാരാണ് ഗവര്‍ണര്‍ക്ക് കത്തെഴുതിയിരിക്കുന്നത്. ഷിന്‍ഡെ ഗവര്‍ണറുമായി കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്.

തങ്ങളാണ് യഥാര്‍ത്ഥ ശിവസേനയെന്നാണ് ഷിന്‍ഡെയുടെ വാദം. ഉദ്ദവ് അത് അംഗീകരിക്കുന്നില്ല. കോണ്‍ഗ്രസ്സും എന്‍സിപിയുമായി ചേര്‍ന്നതില്‍ പാര്‍ട്ടിയില്‍ വലിയ എതിര്‍പ്പുണ്ടെന്നും ഷിന്‍ഡെ പറയുന്നു.

സേനക്ക് 55 എംഎല്‍എമാരാണ് ഉള്ളത്. അതില്‍ 40 പേര്‍ തനിക്കൊപ്പമുണ്ടെന്നാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ വാദം. അവര്‍ രാജിവച്ചാല്‍ ഉദ്ദവിന്റെ കൂടെ 15 പേരാവും. മുഖ്യമന്ത്രി പദം നല്‍കി ഷിന്‍ഡെയെ കൂടെ നിര്‍ത്താനുള്ള ശ്രമം നടക്കുന്നുണ്ട്.

മറ്റൊന്ന് പാര്‍ട്ടിയെ പിളര്‍ത്തലാണ്. കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍നിന്ന് രക്ഷപ്പെടണമെങ്കില്‍ 37 എംഎല്‍എമാര്‍ കൂടെയുണ്ടാവണം.

ഇന്ന് ഉദ്ദവ് താക്കറെ വിളിച്ച യോഗത്തില്‍ പങ്കെടുക്കാത്തവരുടെ പേരില്‍ ഉദ്ദവിന് സ്പീക്കര്‍ക്ക് പരാതി നല്‍കാം. അത് പക്ഷേ എത്ര പേര്‍ കൂടെയുണ്ടാവുമെന്ന് അനുസരിച്ചിരിക്കും അതില്‍ സ്പീക്കര്‍ തീരുമാനമെടുക്കുക.

അതോടൊപ്പം ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനത്തിനുളള ശ്രമം തുടങ്ങിയിട്ടുണ്ട്. താക്കറെയെ പുറത്താക്കാന്‍ നിലവില്‍ 106 എംഎല്‍എമാരുള്ള ബിജെപിക്ക് 37 പേര്‍ കൂടി വേണം. അത് ഷിന്‍ഡെ പക്ഷം നല്‍കിയാല്‍ ദേവേന്ദ്ര ഫ്ഡ്‌നാവിസിനായിരിക്കും മുഖ്യമന്ത്രി.

Next Story

RELATED STORIES

Share it