Latest News

ഒമ്പതു കോടി രൂപയുടെ സുഗന്ധ ദ്രവ്യം ദുബയ് മാളില്‍ പ്രദര്‍ശനം ആരംഭിച്ചു

യുഎഇയിലെ പ്രമുഖ സുഗന്ധ ദ്രവ്യ വില്‍പ്പനക്കാരായ നബില്‍ പെര്‍ഫ്യൂംസ് ആണ് ഇത് പുറത്തിറക്കിയത്.

ഒമ്പതു കോടി രൂപയുടെ സുഗന്ധ ദ്രവ്യം  ദുബയ് മാളില്‍ പ്രദര്‍ശനം ആരംഭിച്ചു
X

ദുബയ്: ലോകത്തിലെ ഏറ്റവും വിലകൂടിയ സുഗന്ധ ദ്രവ്യമായ 'ഷുമുഖ്' ദുബയ് മാളില്‍ പ്രദര്‍ശനത്തിനെത്തി. 47.52 ലക്ഷം ദിര്‍ഹം (ഏകദേശം ഒമ്പതു കോടി രൂപ) വില വരുന്ന ഈ സുഗന്ധ ദ്രവ്യത്തിന്റെ കുപ്പി വജ്രം, പുഷ്യരാഗം, മുത്തുകള്‍, സ്വര്‍ണം എന്നിവയാല്‍ അലങ്കരിച്ചതാണ്. യുഎഇയിലെ പ്രമുഖ സുഗന്ധ ദ്രവ്യ വില്‍പ്പനക്കാരായ നബില്‍ പെര്‍ഫ്യൂംസ് ആണ് ഇത് പുറത്തിറക്കിയത്.

ഇന്ത്യയില്‍ നിന്നടക്കം ഇതിനെ കുറിച്ച് അന്വേഷിച്ച് നബീല്‍ പെര്‍ഫ്യൂംസുമായി ബന്ധപ്പെടുന്നുണ്ട്. ഏറ്റവും കൂടുതല്‍ വജ്രങ്ങള്‍ പതിച്ച സുഗന്ധദ്രവ്യ ബോട്ടില്‍, ഏറ്റവും ഉയരത്തിലുള്ള റിമോട്ട് കണ്‍ട്രോള്‍ ഘടിപ്പിച്ച സുഗന്ധ ദ്രവ്യ ഉല്‍പ്പന്നം എന്നിങ്ങനെയുള്ള രണ്ട് വിഭാഗത്തില്‍ വേള്‍ഡ് ഗിന്നസ് റിക്കാര്‍ഡും ഈ പെര്‍ഫ്യും കരസ്ഥമാക്കിയിട്ടുണ്ട്.

'ഷുമുഖ് ' എന്ന വാക്കിന് അറബിയില്‍ അര്‍ത്ഥം ഉയരങ്ങള്‍ക്ക് അര്‍ഹന്‍ എന്നാണന്ന് നബീല്‍ പെര്‍ഫ്യൂം സ്ഥാപകനും ചെയര്‍മാനുമായ അസ്ഗര്‍ ആദം അലി മാധ്യമങ്ങളോട് പറഞ്ഞു. 2015 മുതലാണ് ഈ ആഡംബര പെര്‍ഫ്യൂമിന്റെ നിര്‍മാണം തുടങ്ങിയത്. 494 സുഗന്ധ ദ്രവ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മൂന്ന് വര്‍ഷം ഗവേഷണം നടത്തിയാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉന്നത നിലവാരം പുലര്‍ത്തുന്ന പ്രകൃതിദത്തമായ കുന്തിരിക്കം, ചന്ദനം, കസ്തൂരി, ഇന്ത്യയില്‍ നിന്നുള്ള അഖില്‍ മരം, തുര്‍ക്കിയില്‍ നിന്നുള്ള റോസാപ്പൂ അടക്കമുള്ള ഘടകങ്ങള്‍ ഇതിനായി ഉപയോഗിച്ചു. ശരീരത്തില്‍ 12 മണിക്കൂര്‍ സുഗന്ധം നിലനില്‍ക്കും. സ്വിറ്റ്‌സര്‍ലന്റ്, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ചരിത്രം തിരുത്തി കുറിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അസ്ഗര്‍ ആദം അലി പറഞ്ഞു. ഷുമുഖിനോടൊപ്പം തന്നെ സ്പിരിറ്റ് ഓഫ് ദുബയ് പെര്‍ഫ്യൂംസ് എന്ന പേരിലുള്ള സുഗന്ധ ദ്രവ്യങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it