Health

ശ്വാസകോശവിദഗ്ദ്ധരുടെ ദേശീയ സമ്മേളനം കൊച്ചിയില്‍ ആരംഭിച്ചു

മെഡിക്കല്‍ റിസര്‍ച്ച് എന്നത് മനുഷ്യരാശിയോടുള്ള സ്‌നേഹത്തിന്റെ പ്രത്യക്ഷ രൂപമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.വ്യക്തമായ ചിന്ത, ശാസ്ത്രീയത, എല്ലാറ്റിനുമുപരിയായി സമൂഹത്തെ സേവിക്കാനുള്ള ശക്തമായ ഇച്ഛാശക്തി എന്നിവ അടിസ്ഥാനമാക്കിയുള്ളതാവണം. ആരോഗ്യപരമായ പ്രശ്‌നങ്ങളെക്കുറിച്ച് ആളുകളെ ബോധവല്‍കരിക്കുന്നതിന് മെഡിക്കല്‍ പ്രഫഷണലിലുള്ളവര്‍ക്ക് സാമൂഹിക ബാധ്യതയുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു

ശ്വാസകോശവിദഗ്ദ്ധരുടെ ദേശീയ സമ്മേളനം കൊച്ചിയില്‍ ആരംഭിച്ചു
X

കൊച്ചി: അനുദിനം ഉയര്‍ന്നുവരുന്ന മലിനീകരണങ്ങളുടെ പുതിയ രൂപവും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും തടയാനും നേരിടാനുള്ള ബോധവല്‍ക്ക്കരണത്തിനും, ചികില്‍സാ ഉപാധികളും, ഗവേഷണവും സാധ്യമാക്കുന്നതിനും ഡോക്ടര്‍മാര്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബോള്‍ഗട്ടിയിലെ ഗ്രാന്‍ഡ് ഹയാറ്റില്‍ ആരംഭിച്ച ഇന്ത്യന്‍ ചെസ്റ്റ് സൊസൈറ്റിയുടെയും നാഷണല്‍ കോളേജ് ഓഫ് ചെസ്റ്റ് ഫിസിഷ്യന്‍മാരുടെയും സംയുക്ത ദേശീയ സമ്മേളനം 'നാപ്‌കോണ്‍' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ റിസര്‍ച്ച് എന്നത് മനുഷ്യരാശിയോടുള്ള സ്‌നേഹത്തിന്റെ പ്രത്യക്ഷ രൂപമാണ്.. അത് വ്യക്തമായ ചിന്ത, ശാസ്ത്രീയത, എല്ലാറ്റിനുമുപരിയായി സമൂഹത്തെ സേവിക്കാനുള്ള ശക്തമായ ഇച്ഛാശക്തി എന്നിവ അടിസ്ഥാനമാക്കിയുള്ളതാവണം.

ആരോഗ്യപരമായ പ്രശ്‌നങ്ങളെക്കുറിച്ച് ആളുകളെ ബോധവല്‍കരിക്കുന്നതിന് മെഡിക്കല്‍ പ്രഫഷണലിലുള്ളവര്‍ക്ക് സാമൂഹിക ബാധ്യതയുണ്ട്. അതുവഴി പ്രതിരോധ നടപടികളുടെ ആവശ്യകത അവര്‍ മനസ്സിലാക്കുന്നു. നേരത്തെയുള്ള രോഗനിര്‍ണയത്തിനും തുടര്‍ചികില്‍സ ഉറപ്പാക്കുന്നതിനും ഡോക്ടര്‍മാര്‍ സജീവമായ പങ്കുവഹിക്കേണ്ടതുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.മെഡിക്കല്‍ സാങ്കേതികവിദ്യകളുടെ വികസനത്തിലും മറ്റ് ഗവേഷണങ്ങളിലും നമ്മുടെ സര്‍വകലാശാലകളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കി ഫലപ്രദമായി അവ പ്രയോജനപ്പെടുത്താനും ഡോക്ടര്‍മാര്‍ക്കും ആരോഗ്യ മേഖലയ്ക്കും കഴിയണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ഡോ. സി രവീന്ദ്രന്‍, ഓര്‍ഗനൈസിങ് ചെയര്‍മാന്‍, ഐസിഎസ് പ്രസിഡന്റ് ഡോ. സുധീര്‍ ചൗധരി, എന്‍സിസിപി പ്രസിഡന്റ് ഡോ. സൂര്യകാന്ത് ത്രിപാഠി, ഐസിഎസ് സെക്രട്ടറി ഡോ. രാജേഷ് സ്വര്‍ണകര്‍, എന്‍സിസിപി സെക്രട്ടറി ഡോ. എസ് എന്‍ ഗൗര്‍ സംസാരിച്ചു.തുടര്‍ന്ന് എല്ലാവര്‍ക്കും ആരോഗ്യമുള്ള ശ്വാസകോശം' എന്ന വിഷത്തില്‍ നടന്ന പൊതു സെമിനാര്‍ തിരുവല്ല സബ് കലക്ടര്‍ ഡോ. വിനയ് ഗോയല്‍ ഉദ്ഘാടനം ചെയ്തു.ഡോ.പി എസ് ഷാജഹാന്‍, ഡോ.സി രവീന്ദ്രന്‍, ഡോ.ടി പി രാജഗോപാല്‍, ഡോ.സണ്ണി പി ഒരത്തേല്‍, ഡോ.ബി പദ്മകുമാര്‍, ഡോ.വീരേന്ദ്ര സിംഗ്, ഡോ. സി ജി ബിന്ദു പ്രഭാഷണം നടത്തി.350 ഓളം വിദഗ്ധ ഇന്റര്‍നാഷണല്‍, നാഷണല്‍ ഫാക്കല്‍റ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന നാല് ദിവസത്തെ സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള 3000 പ്രതിനിധികള്‍ പങ്കെടുക്കുന്നു.ഇന്ത്യന്‍ ചെസ്റ്റ് സൊസൈറ്റിയുടെ കേരള ചാപ്റ്റര്‍, അക്കാദമി ഓഫ് പള്‍മണറി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍, കൊച്ചി തോറാസിക് സൊസൈറ്റി എന്നിവയാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്

Next Story

RELATED STORIES

Share it