Districts

പനമരം, മാനന്തവാടി പുഴകൾ കരകവിഞ്ഞൊഴുകുന്നു; തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കും

മുത്തങ്ങ പുഴയില്‍ ജലനിരപ്പുയരുന്നതിനാല്‍ മുത്തങ്ങ വഴിയുള്ള യാത്രകള്‍ ആ​ഗസ്ത് ഒമ്പത് വരെ ഒഴിവാക്കണമെന്ന നിര്‍ദ്ദേശമുണ്ട്.

പനമരം, മാനന്തവാടി പുഴകൾ കരകവിഞ്ഞൊഴുകുന്നു; തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കും
X

വയനാട്: കാലവര്‍ഷം രൂക്ഷമായതോടെ കരകവിഞ്ഞൊഴുകുകയാണ് പനമരം, മാനന്തവാടി എന്നിവിടങ്ങളിലെ പുഴകള്‍. നാശനഷ്ടങ്ങളും ആളപായവും പരമാവധി ഒഴിവാക്കാനാണ് അധികൃതരുടെ നീക്കം. ഇതിന്റെ ഭാഗമായി തീരത്തുള്ളവരെ അടിയന്തരമായി മാറ്റിപാര്‍പ്പിക്കാന്‍ ജില്ല ഭരണകൂടം തീരുമാനിച്ചു.

ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ജില്ലാതല ദുരന്ത നിവാരണ സമിതി യോഗത്തിലാണ് പുഴകൾ കരകവിഞ്ഞൊഴുകുന്ന തീരത്തെ ജനങ്ങളെ അടിയന്തിരമായി മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചത്. ജില്ലയിലെ എല്ലാ പുഴകളും നിലവില്‍ കരകവിഞ്ഞാണ് ഒഴുകുന്നത്. മറ്റിടങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ പറഞ്ഞു.

മുത്തങ്ങ പുഴയില്‍ ജലനിരപ്പുയരുന്നതിനാല്‍ മുത്തങ്ങ വഴിയുള്ള യാത്രകള്‍ ആ​ഗസ്ത് ഒമ്പത് വരെ ഒഴിവാക്കണമെന്ന നിര്‍ദ്ദേശമുണ്ട്. അത്യാവശ്യ യാത്രക്കാര്‍ ബദല്‍ വഴികള്‍ ഉപയോഗിക്കണം. പേരിയ ഭാഗത്ത് മണ്ണടിച്ചില്‍ സാധ്യത നിലനില്‍ക്കുകയാണ്. ഈ മേഖലകളില്‍ താമസിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ജില്ലയിലെ പ്രധാന അണക്കെട്ടുകളായ കാരാപ്പുഴ, ബാണാസുര എന്നിവയില്‍ അപകടകരമായ സ്ഥിതിയില്ലെന്ന് ബന്ധപ്പെട്ടവര്‍ യോഗത്തില്‍ അറിയിച്ചു. കാരാപ്പുഴയില്‍ മൂന്ന് ഷട്ടറുകള്‍ 15 സെന്റര്‍ മീറ്റർ വീതം ഉയര്‍ത്തി വെള്ളത്തിന്റെ അളവ് നിയന്ത്രിക്കുന്നുണ്ട്. കബനി ബീച്ചനഹള്ളി ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്.

Next Story

RELATED STORIES

Share it