India

കളിപ്പാട്ടമെന്ന വ്യാജേന തോക്കുകള്‍ കടത്താന്‍ ഒത്താശ ചെയ്തു; ആറ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരേ സിബിഐ കേസ്

ഇത് ഒരു അഴിമതിക്കേസ് മാത്രമല്ല സുരക്ഷാവശങ്ങളും ഉള്‍ക്കൊള്ളുന്നു. അതിനാല്‍, അഴിമതി നിരോധന നിയമത്തിനൊപ്പം പ്രതികള്‍ക്കെതിരേ ആയുധനിയമവും ചുമത്തിയിട്ടുണ്ട്- സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.

കളിപ്പാട്ടമെന്ന വ്യാജേന തോക്കുകള്‍ കടത്താന്‍ ഒത്താശ ചെയ്തു; ആറ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരേ സിബിഐ കേസ്
X

മുംബൈ: കളിപ്പാട്ടമെന്ന വ്യാജേന യഥാര്‍ഥ തോക്കുകള്‍ കടത്താന്‍ സഹായിച്ച ആറ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരേ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. മുംബൈ എയര്‍കാര്‍ഗോ കോംപ്ലക്സിലെ മുന്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി എസ് പവന്‍ ഉള്‍പ്പടെ ആറുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ഉദ്യോഗസ്ഥരെ കൂടാതെ തോക്കുകള്‍ ഇറക്കുമതി ചെയ്ത ബാലാജി ഓട്ടോമോട്ടീവ് സൊലൂഷനെതിരെയും കേസെടുത്തിട്ടുണ്ട്. 2016-2017 കാലയളവിലാണ് തോക്ക് കടത്തിയതെന്നാണ് സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നത്.

മുംബൈ എയര്‍ കാര്‍ഗോ കോംപ്ലക്‌സില്‍ ജോലിചെയ്തിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ രേഖകളില്‍ കളിപ്പാട്ടമെന്ന് രേഖപ്പെടുത്തിയാണ് യഥാര്‍ഥ തോക്കുകള്‍ കടത്താന്‍ അനുവാദം നല്‍കിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ബാലാജി ഓട്ടോമോട്ടീവ് സൊലൂഷന്‍ 255 തോക്കുകള്‍ ഇറക്കുമതി ചെയ്തുവെന്നാണ് കണ്ടെത്തിയത്. ഇത് ഒരു അഴിമതിക്കേസ് മാത്രമല്ല സുരക്ഷാവശങ്ങളും ഉള്‍ക്കൊള്ളുന്നു. അതിനാല്‍, അഴിമതി നിരോധന നിയമത്തിനൊപ്പം പ്രതികള്‍ക്കെതിരേ ആയുധനിയമവും ചുമത്തിയിട്ടുണ്ട്- സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. 2017 മെയില്‍ എയര്‍ കാര്‍ഗോ സമുച്ചയത്തിലെ ഇറക്കുമതി കൈകാര്യം ചെയ്യുന്ന സ്‌പെഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് അത്തരം തോക്കുകളുടെ ഒരു ചരക്ക് തടഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.

ആഭ്യന്തര അന്വേഷണത്തിന് ശേഷം കേസ് കേന്ദ്ര വിജിലന്‍സ് കമ്മീഷന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസെടുത്തത്. പ്രതികളുടെ മുംബൈ, പൂനെ, ഡല്‍ഹി എന്നിവിടങ്ങളിലെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ ഒമ്പത് ലക്ഷം രൂപയും ചില രേഖകളും കണ്ടെത്തിയിരുന്നു. ഇത് കൂടാതെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചരക്കുകള്‍ ഇറക്കുമതി ചെയ്യുന്നതിന് ഇളവുകള്‍ അനുവദിച്ചതായും സിബിഐയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതുവഴി ഇറക്കുമതിക്കാരന് ധനപരമായ നേട്ടവും ഇന്ത്യന്‍ സര്‍ക്കാരിനു നഷ്ടവും സംഭവിച്ചതായി സിബിഐ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it