India

ജെഎന്‍യുവിലെ എബിവിപി അക്രമം: പ്രതിഷേധം ശക്തം; ഡല്‍ഹി പോലിസ് ആസ്ഥാനത്തും കാംപസിന് മുന്നിലും സംഘര്‍ഷാവസ്ഥ

പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥികളെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വദ്ര രാത്രിയോടെ എയിംസിലെത്തി. ഇതോടെ എയിംസിന് മുന്നില്‍ കോണ്‍ഗ്രസ്- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ജെഎന്‍യു പരിസരത്തും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

ജെഎന്‍യുവിലെ എബിവിപി അക്രമം: പ്രതിഷേധം ശക്തം; ഡല്‍ഹി പോലിസ് ആസ്ഥാനത്തും കാംപസിന് മുന്നിലും സംഘര്‍ഷാവസ്ഥ
X

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കുനേരേ എബിവിപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടതിന് പിന്നാലെ സര്‍വകലാശാലയ്ക്ക് മുന്നിലും ഡല്‍ഹി എയിംസ് ആശുപത്രിക്ക് മുന്നിലും സംഘര്‍ഷാവസ്ഥ. സ്വരാജ് പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവിനെ ജെഎന്‍യുവിന് മുന്നില്‍വച്ച് കൈയേറ്റം ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. അതിനിടെ, പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥികളെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വദ്ര രാത്രിയോടെ എയിംസിലെത്തി. ഇതോടെ എയിംസിന് മുന്നില്‍ കോണ്‍ഗ്രസ്- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ജെഎന്‍യു പരിസരത്തും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.


ജെഎന്‍യുവിന് പുറത്ത് എബിവിപി പ്രവര്‍ത്തകര്‍ വടികളുമായി തമ്പടിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് ഡല്‍ഹി പോലിസ് ആസ്ഥാനത്തിന് മുന്നില്‍ വിദ്യാര്‍ഥികളും അധ്യാപകരും പ്രതിഷേധിച്ചു. വിദ്യാര്‍ഥികളെ ബാരിക്കേഡ് ഉപയോഗിച്ച് നീക്കാനാണ് പോലിസ് ശ്രമിക്കുന്നത്. അതിനിടെ, സര്‍വകലാശാലയിലേക്കുള്ള റോഡുകള്‍ പോലിസ് അടച്ചു. കനത്ത പോലിസ് സന്നാഹം ജെഎന്‍യുവിന് പുറത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ജെഎന്‍യു സംഭവത്തിന് പിന്നാലെ ഡല്‍ഹി ഷഹീന്‍ബാഗില്‍ ദിവസങ്ങളായി സ്ത്രീകള്‍ നടത്തിവരുന്ന ഉപരോധസമരം അടിച്ചൊതുക്കാന്‍ പോലിസ് നീക്കം ആരംഭിച്ചതായും റിപോര്‍ട്ടുണ്ട്.

ദേശീയ പാത ഉപരോധിച്ചുളള ഇവരുടെ സമരം ബലപ്രയോഗത്തിലൂടെ അവസാനിപ്പിക്കാനാണ് പോലിസിന്റെ ശ്രമം. മുഖം മറച്ചെത്തിയവര്‍ നടത്തിയ അക്രമത്തില്‍ ജെഎന്‍യു വിദ്യാര്‍ഥികളായ 18 പേരെയാണ് തലയ്ക്ക് പരിക്കേറ്റ് എയിംസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. എബിവിപി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് വിദ്യാര്‍ഥി യൂനിയന്‍ വ്യക്തമാക്കുന്നു. കാംപസിന് പുറത്തുള്ളവരും തങ്ങളെ മര്‍ദിച്ചുവെന്നും തടയാന്‍ ശ്രമിച്ച അധ്യാപകര്‍ക്കും മര്‍ദനമേറ്റുവെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it