India

ബിജെപിയും സഖ്യകക്ഷികളും അവകാശവാദമുന്നയിക്കില്ല; പുതുച്ചേരി രാഷ്ട്രപതിഭരണത്തിലേയ്ക്ക്

പുതുച്ചേരിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കില്ലെന്ന് ബിജെപിയും സഖ്യകക്ഷികളും വ്യക്തമാക്കിയ സാഹചര്യത്തിലാണ് രാഷ്ട്രപതി ഭരണത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. ലെഫ്.ഗവര്‍ണറായ തമിഴിശൈ സൗന്ദരരാജന്‍ പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തതായി എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തു.

ബിജെപിയും സഖ്യകക്ഷികളും അവകാശവാദമുന്നയിക്കില്ല; പുതുച്ചേരി രാഷ്ട്രപതിഭരണത്തിലേയ്ക്ക്
X

പുതുച്ചേരി: വി നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് രാജിവച്ചതോടെ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി രാഷ്ട്രപതി ഭരണത്തിലേക്ക്. വിശാലസഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലെഫ്. ഗവര്‍ണര്‍ക്ക് വിളിക്കാനാവും. അല്ലെങ്കില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യാം. എന്നാല്‍, പുതുച്ചേരിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കില്ലെന്ന് ബിജെപിയും സഖ്യകക്ഷികളും വ്യക്തമാക്കിയ സാഹചര്യത്തിലാണ് രാഷ്ട്രപതി ഭരണത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. ലെഫ്.ഗവര്‍ണറായ തമിഴിശൈ സൗന്ദരരാജന്‍ പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തതായി എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തു.

മെയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തതെന്നാണ് റിപോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ബാക്കി നില്‍ക്കെയാണ് പുതുച്ചേരിയില്‍ കോണ്‍ഗ്രസ് ഡിഎംകെ സര്‍ക്കാരിന് അധികാരം നഷ്ടമായത്. കോണ്‍ഗ്രസ്, ഡിഎംകെ എംഎല്‍എമാരുടെ കൂട്ടരാജിയെത്തുടര്‍ന്ന് പുതുച്ചേരിയിലെ നാരായണസ്വാമി സര്‍ക്കാരിന്റെ ഭാവി തുലാസിലാവുകയായിരുന്നു. കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരടക്കം ഭരണകക്ഷിയില്‍നിന്ന് ആറ് എംഎല്‍എമാരാണ് രാജിവച്ചത്. ആറ് എംഎല്‍എമാര്‍ രാജിവച്ചതോടെ 28 അംഗ പുതുച്ചേരി നിയമസഭയില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ അംഗബലം 12 ആയി ചുരുങ്ങി.

എന്‍ ആര്‍ കോണ്‍ഗ്രസ് ബിജെപി സഖ്യം നയിക്കുന്ന പ്രതിപക്ഷത്ത് 14 അംഗങ്ങളുണ്ട്. ഓള്‍ ഇന്ത്യ എന്‍ ആര്‍ കോണ്‍ഗ്രസ്, എഐഎഡിഎംകെ എന്നീ പാര്‍ട്ടികളിലെ 11 എംഎല്‍എമാരും ബിജെപിയുടെ നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളുമടക്കമാണിത്. വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ നാരായണസാമി രാജിവച്ചിരുന്നു. പ്രതിപക്ഷമായ ബിജെപിയും ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ എന്‍ആര്‍ കോണ്‍ഗ്രസും തന്റെ സര്‍ക്കാരിനെ താഴെയിറക്കിയതായി നാരായണസാമി ആരോപിച്ചു. ചൊവ്വാഴ്ച പ്രസിഡന്റ് രാംനാഥ് കോവിന്ദ് നാരായണസാമിയുടെയും മന്ത്രിസഭയുടെയും രാജി സ്വീകരിച്ചു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ പുതുച്ചേരിയിലും തമിഴ്‌നാട്ടിലും സന്ദര്‍ശനം നടത്തും. തീരദേശ കേന്ദ്ര പ്രദേശത്ത് വിവിധ വികസന പദ്ധതികള്‍ ആരംഭിക്കുന്നതിനു പുറമേ പ്രധാനമന്ത്രി മോദി അവിടെ ബിജെപി റാലിയെ അഭിസംബോധന ചെയ്യും. പുതുച്ചേരിയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായാണ് റാലി കാണുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഫെബ്രുവരി 28ന് പുതുച്ചേരി സന്ദര്‍ശിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it