India

മറാത്ത സംവരണം; ബോംബെ ഹൈക്കോടതി ശരിവച്ചു

എന്നാല്‍, 16 ശതമാനം സംവരണമെന്നത് കുറയ്ക്കണമെന്നും കോടതി വ്യക്തമാക്കി.

മറാത്ത സംവരണം; ബോംബെ ഹൈക്കോടതി ശരിവച്ചു
X

മുംബൈ: മറാത്ത വിഭാഗത്തിന് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം നല്‍കാനുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനം ബോംബെ ഹൈക്കോടതി ശരിവച്ചു. എന്നാല്‍, 16 ശതമാനം സംവരണമെന്നത് കുറയ്ക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ രഞ്ജിത്ത് മോര്‍, ഭാരതി ഡാന്‍ഗ്രെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് മറാത്തകള്‍ക്ക് സംവരണം നല്‍കാനുള്ള തീരുമാനത്തിനെതിരായ ഹരജിയില്‍ വിധി പറഞ്ഞത്. മറാത്തകളെ സ്ഥിരമായി താങ്ങിനിര്‍ത്തുന്നതിന് സമാനമാണ് തീരുമാനമെന്നും പരമാവധി 50 ശതമാനം മാത്രമേ സംവരണം നല്‍കാവൂ എന്ന സുപ്രിംകോടതി തീരുമാനത്തിന് വിരുദ്ധമാണ് ഇതെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം.

എന്നാല്‍, സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് പ്രത്യേക കാറ്റഗറി നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍, 16 ശതമാനം സംവരണം എന്നത് സംസ്ഥാന പിന്നാക്ക വിഭാഗം കമ്മീഷന്റെ ശുപാര്‍ശപ്രകാരമുള്ള 12ഓ 13ഓ ശതമാനമായി ചുരുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 30ന് ആണ് മറാത്തകളെ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗമായി പ്രഖ്യാപിച്ച് 16 ശതമാനം സംവരണം നല്‍കുന്ന ബില്ല് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നത്. നിലവില്‍ സംസ്ഥാനത്ത് ആകെ 52 ശതമാനം സംവരണം ഉള്ളതിന് പുറമേയാണിത്. ഇതോടെ സംവരണ ക്വാട്ട 68 ശതമാനമാവും. മറാത്ത സംവരണം ആവശ്യപ്പെട്ട് സകല്‍ മറാത്ത സമാജിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയിലും ആഗസ്തിലും നടത്തിയ പ്രക്ഷോഭം അക്രമാസക്തമായിരുന്നു.

Next Story

RELATED STORIES

Share it