India

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിന് പിന്നാലെ മോദിക്കെതിരെ പരാതി പ്രവാഹം

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിന് പിന്നാലെ മോദിക്കെതിരെ പരാതി പ്രവാഹം
X

ന്യൂഡല്‍ഹി:തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്ന് നാല് ദിവസങ്ങള്‍ മാത്രം കഴിയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി പ്രവാഹം. മോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോക്കെതിരെയും ആന്ധ്രാപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെയും വാട്‌സാപ്പ് സന്ദേശത്തിനെതിരെയും വ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. കോയമ്പത്തൂര്‍ റോഡ് ഷോയില്‍ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തില്‍ നടപടിക്ക് വിദ്യാഭ്യസ വകുപ്പിന്റെ നിര്‍ദ്ദേശവും വന്നിട്ടുണ്ട്.

കുട്ടികളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന ചട്ടം ലംഘിക്കപ്പെട്ടതായി ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഹെഡ് മാസ്റ്ററിനെതിരെ നടപടിയെടുക്കാനാണ് വിദ്യാഭ്യാസ വകുപ്പാണ് നിര്‍ദേശം നല്‍കിയത്. ഹെഡ് മാസ്റ്റര്‍ക്കും കുട്ടികള്‍ക്കൊപ്പം പോയ ജീവനക്കാര്‍ക്കുമെതിരെ കര്‍ശന നടപടി എടുക്കാനാണ് നിര്‍ദ്ദേശം. 24 മണിക്കൂറിനകം നടപടിയെടുത്ത് റിപ്പോര്‍ട്ട് നല്‍കാനും സ്‌കൂള്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ പെരുമാറ്റച്ചട്ടലംഘനം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ആര്‍ മുത്തരസന്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ പേരിലുള്ള മറ്റൊരു പരാതി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിനാണ്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാകേത് ഗോഖലെയാണ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് പ്രധാനമന്ത്രിയുടെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ആന്ധ്രാപ്രദേശില്‍ മോദി ഞായറാഴ്ച വ്യോമസേനയുടെ വിമാനത്തിലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയത്.

പ്രചാരണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് നിയമ ലംഘനമാണെന്നും ഇക്കാരണത്താല്‍ 1975ലെ പൊതുതിരഞ്ഞെടുപ്പില്‍ നിന്ന് ഇന്ദിരാ ഗാന്ധിയെ അയോഗ്യയാക്കിയിട്ടുണ്ടെന്നും സാകേത് ഗോഖലെ ചൂണ്ടിക്കാട്ടി. വ്യോമസേനാ വിമാനം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ഉപയോഗിക്കാന്‍ അനുമതി നല്‍കിയതിനുള്ള കാരണവും പണമടച്ചാണോ വിമാനം വിട്ടുനല്‍കിയതെന്ന് ഉള്‍പ്പെടെയുള്ള വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടണമെന്നും ഗോഖലെ ആവശ്യപ്പെട്ടു.

വാട്‌സാപ്പ് വഴി രാജ്യത്തെ എല്ലാവരിലേക്കും എത്തിയ മോദിയുടെ വികസിത് ഭാരത് സമ്പര്‍ക്ക് സന്ദേശത്തിലാണ് മറ്റൊരു വിവാദം. വാട്‌സാപ്പ് സന്ദേശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വാട്‌സാപ്പ് സന്ദേശം അയക്കാന്‍ മൊബൈല്‍ നമ്പറുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.സ്ഥാനാര്‍ത്ഥിയായിരിക്കെ മോദിയുടെ പേരില്‍ അയച്ച സന്ദേശം ചട്ടലംഘനമെന്ന് ടിഎംസി കുറ്റപ്പെടുത്തി. മൊബൈല്‍ നമ്പറുകള്‍ ലഭിച്ച ഉറവിടവും എത്ര മൊബൈല്‍ നമ്പറുകളിലേക്ക് വാട്‌സപ്പ് സന്ദേശം അയച്ചുവെന്നും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ടിഎംസി ഐടി മന്ത്രാലയത്തെയും സമീപിച്ചു.

ഇന്ത്യക്കാര്‍ക്കും വിദേശത്തുള്ളവര്‍ക്കുപോലും സര്‍ക്കാരിന്റെ സന്ദേശമെത്തുന്നുണ്ടെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പറഞ്ഞു. തനിക്ക് വാട്‌സാപ്പില്‍ സന്ദേശം ലഭിച്ചത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണെന്ന് കോണ്‍ഗ്രസ് എംപി മനീഷ് തിവാരി പറഞ്ഞു. എവിടെ നിന്നാണ് ഐടി മന്ത്രാലയത്തിന് തന്റെ ഫോണ്‍ നമ്പര്‍ ലഭിച്ചതെന്നും ആളുകളുടെ ഫോണ്‍ നമ്പറുകളടങ്ങിയ ഏത് ഡേറ്റാബേസാണ് സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതെന്നും മനീഷ് തിവാരി 'എക്‌സി'ല്‍ ചോദിച്ചു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും കേന്ദ്രസര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നുമാണ് വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണം.






Next Story

RELATED STORIES

Share it