India

രാജ്യത്തിന്റെ സമ്പത്ത് കോണ്‍ഗ്രസ് മുസ്‌ലിങ്ങള്‍ക്ക് നല്‍കും'; മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ്

രാജ്യത്തിന്റെ സമ്പത്ത് കോണ്‍ഗ്രസ് മുസ്‌ലിങ്ങള്‍ക്ക് നല്‍കും; മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ്
X

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്. അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ സ്വത്ത് കോണ്‍ഗ്രസ് മുസ് ലിങ്ങള്‍ക്ക് നല്‍കുമെന്ന് ആയിരുന്നു മോദിയുടെ പ്രസ്താവന. ഇക്കാര്യം കോണ്‍ഗ്രസ് പ്രകടനപത്രികയിലുണ്ടെന്നും മോദി പറഞ്ഞു. കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നടത്തിയ റാലിയിലായിരുന്നു മോദിയുടെ പരമാര്‍ശം. മുസ്‌ലിം വിഭാഗത്തെ കൂടുതല്‍ കുട്ടികളുള്ളവരെന്നും നുഴഞ്ഞുകയറ്റക്കാരെന്നുമാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ രാജ്യത്തകമാനം വ്യാപക വിമര്‍ശനമാണ് പ്രധാനമന്ത്രിക്കെതിരെ ഉയരുന്നത്.

'ഭരണത്തിലുണ്ടായിരുന്ന സമയത്ത് കോണ്‍ഗ്രസ് പറഞ്ഞത്, രാജ്യത്തിന്റെ സമ്പത്തില്‍ ഏറ്റവും അധികം അവകാശമുള്ളത് മുസ് ലിങ്ങള്‍ക്കാണ് എന്നാണ്. എന്നുവച്ചാല്‍ ഇപ്പോഴും അവര്‍ ഈ സമ്പത്ത് വിതരണം ചെയ്യുന്നത് കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കായിരിക്കും, നുഴഞ്ഞു കയറിയവര്‍ക്കുമായിരിക്കും. നിങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഈ നുഴഞ്ഞുകയറിയവര്‍ക്ക് നല്‍കണോ? നിങ്ങള്‍ക്ക് അതിന് സമ്മതമാണോ?' മോദി തിരഞ്ഞെടുപ്പ് യോഗത്തില്‍ ചോദിച്ചു.

'കോണ്‍ഗ്രസ് അവരുടെ പ്രകടനപത്രികയില്‍ പറയുന്നതനുസരിച്ച് നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും കൈവശമുള്ള സ്വര്‍ണ്ണം അവരെടുത്ത് നേരത്തെ പറഞ്ഞതുപോലെ വിതരണം ചെയ്യും. മന്‍മോഹന്‍ സിംഗ് സര്‍ക്കാരാണ് രാജ്യത്തിന്റെ സമ്പത്തിനു മുകളില്‍ ഏറ്റവും കൂടുതല്‍ അവകാശമുള്ളത് മുസ്‌ലിങ്ങള്‍ക്കാണെന്ന് പറഞ്ഞത്. ഈ അര്‍ബന്‍ നക്‌സല്‍ ചിന്താഗതികള്‍ നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും താലിമാലകള്‍ പോലും ബാക്കിവയ്ക്കില്ല' എന്നും മോദി പറയുന്നു.

പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് വന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ തിരിച്ചടിയുണ്ടായേക്കുമെന്ന തോന്നലാണ് മോദിയുടെ വര്‍ഗീയ പരാമര്‍ശത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും തന്റെ പദവിയുടെ അന്തസ് മോദിയോളം താഴ്ത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.


ഇന്ത്യ വഴിതെറ്റില്ലെന്നും ആദ്യഘട്ട വോട്ടെടുപ്പിലുണ്ടായ നിരാശമൂലം മോദിയുടെ നുണകളുടെ നിലവാരം കുറയുകയാണെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കുറ്റപ്പെടുത്തല്‍. ഭയം നിമിത്തം, പ്രശ്‌നങ്ങളില്‍ നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. രാജ്യം തൊഴിലിനും കുടുംബത്തിനും ഭാവിക്കും വേണ്ടിയാണ് വോട്ട് ചെയ്യുകയെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു. പ്രധാനമന്ത്രി അബദ്ധത്തില്‍ പോലും സത്യം പറയില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞത്.





Next Story

RELATED STORIES

Share it