India

നാല് മലയാളി നഴ്‌സുമാര്‍ക്കുകൂടി കൊവിഡ്; രാജ്യത്ത് വൈറസ് ബാധിതരായ ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം കൂടുന്നു

ആശുപത്രികളില്‍ ആവശ്യത്തിന് സുരക്ഷാ സംവിധാനം ലഭിക്കാതിരുന്നതാണ് ഇത്രയധികം പേര്‍ക്ക് കൊവിഡ് പകരാനിടയാക്കിയതെന്ന് നഴ്സുമാര്‍ പറയുന്നു. പിപിഇ കിറ്റുകള്‍ കൊവിഡ് വാര്‍ഡുകളില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ക്കു മാത്രമാണ് നല്‍കിയിരുന്നത്.

നാല് മലയാളി നഴ്‌സുമാര്‍ക്കുകൂടി കൊവിഡ്; രാജ്യത്ത് വൈറസ് ബാധിതരായ ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം കൂടുന്നു
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം വര്‍ധിക്കുന്നു. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, പൂനെ, ചെന്നൈ അടക്കമുള്ള നഗരങ്ങളില്‍ രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമടക്കം രോഗം സ്ഥിരീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് നാല് മലയാളികള്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപോര്‍ട്ട്. മുംബൈയിലാണ് മൂന്ന് മലയാളി നഴ്സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മുംബൈയിലെ ഭാട്യ ആശുപത്രിയിലെ ഒരു നഴ്സിനും വൊക്കാഡ് ആശുപത്രിയിലെ രണ്ട് പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. പൂനെയില്‍ ഒരു മലയാളി നഴ്സിനും കൊറോണ ബാധ സ്ഥിരീകരിച്ചു. ഇവര്‍ പുനെയില്‍ റൂബി ഹാള്‍ ആശുപത്രിയിലാണ് ജോലിചെയ്യുന്നത്.

രോഗം ബാധിച്ച നഴ്‌സുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 36 നഴ്‌സുമാരെ ക്വാറന്റൈന്‍ ചെയ്തു. മഹാരാഷ്ട്രയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ വൈറസ് പടരുന്നത് കടുത്ത ആശങ്ക ഉയര്‍ത്തുന്നുണ്ട്. രാജ്യത്ത് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പടരുന്നത് കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കും. സ്വകാര്യമേഖലയിലെ നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണജോലി ചെയ്യുന്നവര്‍ക്കും വ്യാപകമായി രോഗം സ്ഥിരീകരിച്ചതാണ് ആശങ്ക ഉയരാന്‍ കാരണമായിരിക്കുന്നത്. ആശുപത്രികളില്‍ ആവശ്യത്തിന് സുരക്ഷാ സംവിധാനം ലഭിക്കാതിരുന്നതാണ് ഇത്രയധികം പേര്‍ക്ക് കൊവിഡ് പകരാനിടയാക്കിയതെന്ന് നഴ്സുമാര്‍ പറയുന്നു. പിപിഇ കിറ്റുകള്‍ കൊവിഡ്
വാര്‍ഡുകളില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ക്കു മാത്രമാണ് നല്‍കിയിരുന്നത്.

സമ്പര്‍ക്കവിലക്കില്‍ പോവേണ്ടിയിരുന്നവര്‍വരെ പിന്നീട് നിര്‍ബന്ധിതമായി രോഗീപരിചരണത്തിന് ഇറങ്ങേണ്ട സാഹചര്യവുമുണ്ടായിരുന്നെന്ന് ഇവര്‍ ആരോപിക്കുന്നു. ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ചില ആശുപത്രികള്‍ താല്‍ക്കാലികമായി പൂട്ടിയിട്ടുണ്ട്. ഡല്‍ഹിയില്‍ രോഗം ബാധിച്ച ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം അമ്പതിനോട് അടുത്തു. എല്‍എന്‍ജെപിയിലെ അസി. നഴ്‌സിങ് സൂപ്രണ്ടിനും, ഡല്‍ഹി കാന്‍സര്‍ സെന്ററിലെ ലാബ് ജീവനക്കാരും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലിചെയ്തിരുന്ന മലയാളികള്‍ അടക്കം 13 നഴ്‌സുമാരാണ് ചികില്‍സയിലുള്ളത്. ഡല്‍ഹി സാകേത് മാക്‌സ് ആശുപത്രിയിലെ 5 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ഡോക്ടര്‍ക്കും രണ്ട് നഴ്‌സുമാര്‍ക്കും രണ്ട് ജനറല്‍ ഡ്യൂട്ടിക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇവിടെ 150 പേരെ നേരത്തെ നീരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. ഇന്നലെ ഡല്‍ഹിയില്‍ രണ്ട് നഴ്‌സുമാര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തമിഴ്‌നാട്ടിലെ ചെന്നൈയില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കും ഒരു മലയാളി ഉള്‍പ്പെടെ നാല് നഴ്‌സുമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍മാരുടെ എണ്ണം 10 ആയി. കൊല്‍ക്കത്തില്‍ ഒരു ഡോക്ടര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കൊല്‍ക്കത്തിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ 22 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. ആശുപത്രി 72 മണിക്കൂര്‍ സമയത്തേക്ക് താല്‍ക്കാലികമായി അടച്ചു. ഇന്നലെ ബംഗ്ലൂരുവില്‍ കൊവിഡ് രോഗിയെ ചികില്‍സിച്ച ഡോക്ടര്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ ബംഗളൂരു ക്വീന്‍സ് റോഡിലെ ഷിഫ ആശുപത്രിയും അടച്ചിട്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it