India

ലോക്ക് ഡൗണ്‍: പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് വൈകീട്ട്

രാജ്യത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി വൈകീട്ട് മൂന്നിനാണ് യോഗം വിളിച്ചിരിക്കുന്നത്. കൊവിഡ്-19 വ്യാപനത്തിനുശേഷം അഞ്ചാംതവണയാണ് മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തുന്നത്.

ലോക്ക് ഡൗണ്‍: പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് വൈകീട്ട്
X

ന്യൂഡല്‍ഹി: മൂന്നാംഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ പ്രധാനമന്ത്രി നരന്ദ്രമോദി വിളിച്ച സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. രാജ്യത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി വൈകീട്ട് മൂന്നിനാണ് യോഗം വിളിച്ചിരിക്കുന്നത്. കൊവിഡ്-19 വ്യാപനത്തിനുശേഷം അഞ്ചാംതവണയാണ് മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തുന്നത്. ലോക്ക് ഡൗണ്‍ നീട്ടുമോ അതോ പിന്‍വലിക്കുമോ എന്ന ആകാംക്ഷയ്ക്കിടയിലാണു ചര്‍ച്ച. മാര്‍ച്ച് 24ന് ആരംഭിച്ച ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടം ഈ മാസം 17നാണ് അവസാനിക്കുന്നത്.

ലോക്ക് ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കണമെന്ന കേന്ദ്രനിലപാടാണ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതിന് പിന്നില്‍. എന്നാല്‍, സ്ഥിതി ഗുരുതരമാണെന്നും ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടണമെന്നും വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് വ്യാപനം, നിലവിലുള്ള ലോക്ക് ഡൗണ്‍ നടപടികള്‍, ഓറഞ്ച്- ഗ്രീന്‍ മേഖലകളിലെ ഇളവുകള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍, മറുനാടന്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍, പ്രവാസി ഇന്ത്യക്കാരുടെ മടങ്ങിവരവ് തുടങ്ങിയ വിഷയങ്ങളാണ് ഇന്ന് ചര്‍ച്ച ചെയ്യുന്നത്. രോഗവ്യാപനം രൂക്ഷമായ ഹോട്സ്പോട്ടുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലനിര്‍ത്താനും സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ഓറഞ്ച്, ഗ്രീന്‍ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനും ചര്‍ച്ചയില്‍ നിര്‍ദേശമുയരും.

സാമ്പത്തികപ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തണമെന്ന സമീപനം കേന്ദ്രസര്‍ക്കാരിനുമുണ്ട്. ഈ ഇളവുകള്‍ രോഗവ്യാപനത്തിന് ആക്കം കൂട്ടരുതെന്ന നിലപാടും കേന്ദ്രം സ്വീകരിക്കും. സാമ്പത്തികരംഗം നിശ്ചലമാക്കരുതെന്ന് കാബിനറ്റ് സെക്രട്ടറി, ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍ പറഞ്ഞിരുന്നു. മധ്യപ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്.

Next Story

RELATED STORIES

Share it