India

രാജ്യത്ത് കൊവിഡ് കേസുകള്‍ 56,000 കടന്നു; 24 മണിക്കൂറിനിടെ 103 മരണം

മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമേ ഉത്തര്‍പ്രദേശ്, തെലങ്കാന, പഞ്ചാബ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്.

രാജ്യത്ത് കൊവിഡ് കേസുകള്‍ 56,000 കടന്നു; 24 മണിക്കൂറിനിടെ 103 മരണം
X

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 56,000 കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുസരിച്ച് 56,342 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,390 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് മരണവും വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 103 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,886 ആയി ഉയര്‍ന്നു. 16,540 പേര്‍ കൊവിഡ് രോഗമുക്തി നേടി. ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ കൂടി മരിച്ചു.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമേ ഉത്തര്‍പ്രദേശ്, തെലങ്കാന, പഞ്ചാബ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച 1,362 പേര്‍ക്കും തമിഴ്‌നാട്ടില്‍ 580 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 17,974 ആയി. ധാരാവിയില്‍ 50 പേര്‍ക്കും വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു. 694 പേരാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 3,094 പേര്‍ രോഗമുക്തരായി. തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായ നാലാംദിവസമാണ് രോഗികളുടെ എണ്ണം 500 കടന്നത്. വ്യാഴാഴ്ച രണ്ടുപേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 5,409 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

37 പേരാണ് ഇവിടെ മരണത്തിന് കീഴടങ്ങിയത്. 1,516 പേരുടെ രോഗം ഭേദമായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഗുജറാത്തില്‍ 7,012 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 425 പേരാണ് ഇവിടെ മരിച്ചത്. ഡല്‍ഹിയില്‍ 5,980 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 66 പേര്‍ മരണത്തിന് കീഴടങ്ങി. 193 പേരാണ് മധ്യപ്രദേശില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 3,252 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ കൂടുതല്‍ കൊവിഡ് മരണനിരക്ക് റിപോര്‍ട്ട് ചെയ്തിരിക്കുന്നത് പശ്ചിമബംഗാളിലാണ്. 1,548 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചപ്പോള്‍ 151 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Next Story

RELATED STORIES

Share it