India

ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന് പുനരാരംഭിക്കും

ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന് പുനരാരംഭിക്കും
X
ന്യൂഡല്‍ഹി: താത്കാലികമായി നിര്‍ത്തിവെച്ചിരുന്ന ഡല്‍ഹി ചലോ മാര്‍ച്ച് ബുധനാഴ്ച വീണ്ടും പുനരാംഭിക്കുമെന്ന് കര്‍ഷക സംഘടനകള്‍. കര്‍ഷകരുടെ പ്രഖ്യാപനത്തിന് പിന്നാലെ പഞ്ചാബ് ഹരിയാന അതിര്‍ത്തികളില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് പോലിസ് അറിയിച്ചു. മാര്‍ച്ച് 10ന് രാജ്യവ്യാപകമായി നാല് മണിക്കൂര്‍ ട്രെയിന്‍ തടയുമെന്ന് കര്‍ഷകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഉച്ചക്ക് 12 മണി മുതല്‍ വൈകിട്ട് നാല് മണി വരെയാണ് റെയില്‍ റോക്കോ പ്രതിഷേധം നടക്കുകയെന്നാണ് കര്‍ഷകര്‍ അറിയിച്ചത്. 2020-21 വര്‍ഷങ്ങളില്‍ കര്‍ഷക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ സംയുക്ത കിസാന്‍ മോര്‍ച്ചയും മാര്‍ച്ച് 14 ന് ഡല്‍ഹിയില്‍ കിസാന്‍ മഹാപഞ്ചായത്ത് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുന്നതിനായി 400ലധികം കര്‍ഷക സംഘടനകള്‍ കിസാന്‍ മഹാപഞ്ചായത്തില്‍ പങ്കെടുക്കുമെന്നും അവര്‍ അറിയിച്ചു. പ്രഖ്യാപനം കണക്കിലെടുത്ത് സിംഗു, ഗാസിപൂര്‍ അതിര്‍ത്തികളില്‍ കര്‍ശന നിരീക്ഷണം നടത്താന്‍ പോലിസിന് സര്‍ക്കാരില്‍ നിന്നും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും തലസ്ഥാനത്ത് ഗതാഗതക്കുരുക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പോലിസ് അറിയിച്ചു.

പഞ്ചാബിലെ എല്ലാ പഞ്ചായത്തുകളും കര്‍ഷകരുടെ ആവശ്യങ്ങളെ പിന്തുണച്ച് പ്രമേയം പാസാക്കുമെന്നും ഓരോ ഗ്രാമങ്ങളില്‍ നിന്നും ട്രാക്ടര്‍ ട്രോളികള്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രതിഷേധ റാലി അതിര്‍ത്തിയിലെത്തുമെന്നും കര്‍ഷക നേതാവ് സര്‍വാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറാന്‍ അവസാന ശ്വാസം വരെ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





Next Story

RELATED STORIES

Share it