India

മല്‍സരിക്കാന്‍ ടിക്കറ്റില്ല; കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി ഓഫിസിലെ 300 കസേരകള്‍ കൊണ്ടുപോയി

താന്‍ പാര്‍ട്ടി വിടുകയാണെന്നും കസേരകള്‍ തന്റെ സ്വന്തമാണെന്നും സില്ലോദില്‍ നിന്നുള്ള എംഎല്‍എയായ അബ്ദുല്‍ സത്താര്‍ പറഞ്ഞു.

മല്‍സരിക്കാന്‍ ടിക്കറ്റില്ല; കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി ഓഫിസിലെ 300 കസേരകള്‍ കൊണ്ടുപോയി
X

ഔറംഗബാദ്: ലോക്‌സഭയിലേക്ക് മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കാത്തതില്‍ കുപിതനായ കോണ്‍ഗ്രസ് എംഎല്‍എ സെന്‍ട്രല്‍ മഹാരാഷ്ട്രയിലെ പാര്‍ട്ടിയുടെ പ്രാദേശിക ഓഫിസില്‍ നിന്ന് 300ഓളം കസേരകള്‍ അനുയായികളുടെ സഹായത്തോടെ കടത്തിക്കൊണ്ടുപോയി. താന്‍ പാര്‍ട്ടി വിടുകയാണെന്നും കസേരകള്‍ തന്റെ സ്വന്തമാണെന്നും സില്ലോദില്‍ നിന്നുള്ള എംഎല്‍എയായ അബ്ദുല്‍ സത്താര്‍ പറഞ്ഞു.

ഷാഗഞ്ചിലുള്ള ഓഫിസില്‍ എന്‍സിപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സംയുക്ത യോഗം വിളിച്ചിരുന്നു. എന്നാല്‍, യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പ് സത്താറും അനുയായികളും ചേര്‍ന്ന് പാര്‍ട്ടി ഓഫിസിലെ 300ഓളം കസേരകള്‍ എടുത്തുകൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് യോഗം എന്‍സിപി ഓഫിസില്‍ വച്ച് നടത്തി.

ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ സത്താര്‍ ഔറംഗബാദ് ലോക്‌സഭാ സീറ്റിലേക്ക് തനിക്ക് ടിക്കറ്റ് ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, എംഎല്‍സി സുഭാഷ് സമ്പദിനെ മല്‍സരിപ്പിക്കാനായിരുന്നു പാര്‍ട്ടി തീരുമാനം. ഇതാണ് സത്താറിനെ ചൊടിപ്പിച്ചത്.

കൊണ്ടു പോയത് തന്റെ കസേരകളാണെന്ന് സത്താര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കോണ്‍ഗ്രസ് യോഗം കൂടുന്നതിന് വേണ്ടിയാണ് താന്‍ കസേരകള്‍ സംഭാവന ചെയ്തത്. ഇപ്പോള്‍ ഞാന്‍ പാര്‍ട്ടിവിട്ടു. അതുകൊണ്ട് കസേരകളും കൊണ്ടുപോവുന്നു. സ്ഥാനാര്‍ഥിത്വം കിട്ടിയവര്‍ പ്രചാരണത്തിന് വേണ്ട സൗകര്യം ഒരുക്കട്ടെ എന്നും സത്താര്‍ പറഞ്ഞു.

അതേ സമയം, കസേരകള്‍ ആവശ്യമുള്ളതു കൊണ്ട് സത്താര്‍ കൊണ്ടുപോയതാവാമെന്നും അദ്ദേഹം ഇപ്പോഴും പാര്‍ട്ടിയില്‍ ഉണ്ടെന്നും സമ്പദ് പ്രതികരിച്ചു.

Next Story

RELATED STORIES

Share it